Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം - സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ കേരള സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഇന്ന് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിനു നേരെ വടിയെറിഞ്ഞ പ്രവര്‍ത്തകര്‍ ഷീല്‍ഡ് പിടിച്ചുവാങ്ങാനും ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി.
തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ വലിയ ഏറ്റുമുട്ടല്‍ ഒഴിവായി. തിങ്കളാഴ്ച വന്ദേമാതരം വിവാദത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാലയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പൊലീസ് നടപടിയില്‍ വനിതാ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരുക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ചത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ച്.
ഇന്നലെ നടന്ന പോലീസ് നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം വിമര്‍ശിച്ചിരുന്നു.കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കുപറ്റി. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യു ഡി എഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. സര്‍ക്കാറിന്റെ സംഘ പരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പൊലീസ് നരനായാട്ടിന് പിന്നിലുള്ളത്.വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാര്‍ത്ഥിനികളെ ക്രൂരമായി നേരിട്ടത്.
ഓണാഘോഷത്തിന് പിന്നാലെ സര്‍വ്വകലാശാല പരിപാടിയിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ചാണ് എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനുനേരെ പേരിന് ജലപീരങ്കി പ്രയോഗിച്ച പോലീസ് ഉടനെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. സാധാരണ നിലയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളോ മുന്നറിയിപ്പോ ഒന്നും നല്‍കാതെയാണ് പോലീസ് മര്‍ദ്ദനം ആരംഭിച്ചത്. എസ് എഫ് ഐ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനുപോലും സാവകാശം നല്‍കാതെയാണ് പോലീസ് അതിക്രമം നടത്തിയത്. ഈ അന്യായ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S