കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യാതൊരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
Thiruvananthapuram, 02 സെപ്റ്റംബര് (H.S.) കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യാതൊരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അദ്ദ
V D Satheeshan


Thiruvananthapuram, 02 സെപ്റ്റംബര് (H.S.)

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യാതൊരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അദ്ദേഹം പറയുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കാണവെ മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അവർ അടങ്ങിയൊതുങ്ങി വീടുകളിൽ കഴിയണമെന്നുമുള്ള കാന്തപുരത്തിൻ്റെ നിലപാട് പുരോഗമന കേരളത്തിന് ഒട്ടും യോജിച്ചതല്ല. ഇത്തരം യാഥാസ്ഥിതിക നിലപാടുകളോട് സർക്കാരിന് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല.

സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും, അവർ ജീവിതത്തിൻ്റെ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സമൂഹം മുന്നോട്ട് കുതിക്കുമ്പോൾ ഇത്തരം പിന്തിരിപ്പൻ ആശയങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രിഇസ്ലാമിക ചരിത്രത്തെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചകൻ്റെ ആദ്യ ഭാര്യയായിരുന്ന ഖദീജ വലിയൊരു ബിസിനസ് നടത്തിയിരുന്ന വനിതയായിരുന്നു. മറ്റൊരു ഭാര്യയായ ആയിശ യുദ്ധങ്ങളിൽ പങ്കെടുക്കുകയും സർവ സൈന്യാധിപയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിൽ ബിൽക്കീസ് രാജ്ഞിയെക്കുറിച്ചും വ്യക്തമായി പരാമർശിക്കുന്നുണ്ട്. ബിസിനസ് നടത്തിയിരുന്ന, സൈന്യാധിപയായിരുന്ന, രാജ്ഞിയായിരുന്ന വനിതകളുടെ വലിയ ചരിത്രം ഇസ്ലാമിലുണ്ടെന്നും വി.ഡി സതീശൻ ഓർമിപ്പിച്ചു. ഈ ചരിത്ര യാഥാർഥ്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനുള്ള ആഹ്വാനങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്.

ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരിയും നീതിമാനുമായി അറിയപ്പെടുന്ന ഖലീഫ ഉമറിൻ്റെ കാലത്തെ ഒരു ചരിത്ര സംഭവവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. രാജസദസ്സിൽ വച്ച് മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ അതിനെ ധീരമായി ചോദ്യം ചെയ്തത് ഒരു സ്ത്രീയായിരുന്നു. അന്ന് ആ സ്ത്രീ പറഞ്ഞതാണ് ശരിയെന്ന് ഖലീഫ ഉമർ സമ്മതിച്ചു കൊടുക്കുകയുണ്ടായി. രാജസദസ്സിൽ പോലും സ്ത്രീകൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഈ ചരിത്ര യാഥാർഥ്യങ്ങൾ നിലനിൽക്കെയാണ് സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനുള്ള ആഹ്വാനങ്ങൾ ഉണ്ടാകുന്നത്. ഇത് ഇസ്ലാമിക പാരമ്പര്യത്തിന് തന്നെ പൂർണ്ണമായും എതിരാണ്. ഇത്തരം യാഥാസ്ഥിതിക നിലപാടുകളോട് സർക്കാരിനോ പാർട്ടിക്കോ യാതൊരുവിധ യോജിപ്പുമില്ല. കേരളത്തിലെ സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാലഘട്ടമാണിത്. അവരെ പിന്നോട്ട് വലിക്കുന്ന ഒരു നീക്കത്തിനും സർക്കാർ കൂട്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News