Enter your Email Address to subscribe to our newsletters

New delhi, 02 സെപ്റ്റംബര്‍ (H.S.)
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന് കനത്ത തിരിച്ചടിയുമായി പ്രധാന നേതാവ് പാര്‍ട്ടി വിട്ടു. പ്രധാന വക്താവായ സയ്യിദ് അസീം വഖാറാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. . ഉവൈസിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായ അസീം വഖാറിന്റെ കൂടുമാറ്റം ഉത്തര്‍പ്രദേശിലെ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. ബിജെപിയെ താഴെയിറക്കാനെന്ന പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മാത്രം മത്സരിക്കുന്നത് പരോക്ഷമായി ഭരണകക്ഷിയായ ബിജെപിയെ സഹായിക്കാന്‍ മാത്രമാണെന്ന് തുറന്നടിച്ചാണ് വഖാര്‍ പാര്‍ട്ടി വിട്ടത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ഈ കനത്ത് തിരിച്ചടി.
ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എഐഎംഐഎം ബിജെപിയുടെ 'ബി-ടീം' ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വഖാര്‍ പരസ്യമായി ആരോപിച്ചു. ''ബിജെപിക്കെതിരെ പോരാടുന്ന സെക്കുലര്‍ പാര്‍ട്ടിയെന്ന നിലയിലാണ് ഞാന്‍ എഐഎംഐഎമ്മില്‍ ചേര്‍ന്നത്. എന്നാല്‍ കാലക്രമേണ മനസ്സിലായി, പാര്‍ട്ടി ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയാണ് പോരാടുന്നത്. ഇത് ഫലത്തില്‍ ബിജെപിയെ മാത്രമാണ് സഹായിക്കുന്നത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനാധിപത്യം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പം നില്‍ക്കുകയല്ലാതെ മറ്റ് വഴികളില്ല'' - കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം അസീം വഖാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ കുമാരസ്വാമിയുടെ ജെഡിഎസും തെലങ്കാനയില്‍ കെസിആറിന്റെ ബിആര്‍എസും മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയും എഐഎംഐഎമ്മുമായി കൈകോര്‍ത്തപ്പോഴൊക്കെ അവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ഉവൈസിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലൂടെ എഐഎംഐഎമ്മിന്റെ ദേശീയ മുഖമായി മാറിയ അസീം വഖാറിന്റെ കോണ്‍ഗ്രസ് പ്രവേശനം യുപിയില്‍ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് വലിയ രാഷ്ട്രീയ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Sreejith S