Enter your Email Address to subscribe to our newsletters

New delhi, 02 സെപ്റ്റംബര്‍ (H.S.)
എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്കുമായി പുത്തന്‍ ഡിസൈനിലുള്ള യൂണിഫോമുകള്‍ അവതരിപ്പിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത നെയ്ത്തു ശൈലികളും ഡിസൈന്‍ ഘടകങ്ങളും കൂട്ടിച്ചേര്‍ത്താണ് പുതിയ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വന്ന പുതിയ യൂണിഫോം നിര്‍ദ്ദേശം ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് സര്‍വീസസ്, ഏവിയേഷന്‍ സെക്യൂരിറ്റി, ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ടീമുകളിലെ ജീവനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
എയര്‍ലൈനിലെ ആകെ എണ്ണായിരത്തോളം വരുന്ന ജീവനക്കാരില്‍ പൈലറ്റുമാര്‍ ഒഴികെയുള്ള 5,200 ല്‍ പരം ജീവനക്കാര്‍ക്കാണ് പുതിയ വസ്ത്രധാരണം പൂര്‍ണ്ണമായി നല്‍കുന്നത്. പൈലറ്റുമാരുടെ നിലവിലെ യൂനിഫോമില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ഈ പുതിയ മാറ്റം.
തമിഴ്നാടിന്റെ 'കാഞ്ചീവരം', ഹിമാചല്‍ പ്രദേശിന്റെ 'പട്ട്', ഗുജറാത്തിന്റെ 'പഠോള', അസമിലെ 'ഗാമോസ', മധ്യപ്രദേശിന്റെ 'ബാഗ്' തുടങ്ങിയ പ്രശസ്തമായ പ്രാദേശിക നെയ്ത്ത് ശൈലികളില്‍ നിന്നാണ് യൂണിഫോമിന്റെ പാറ്റേണുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. വിമാനക്കമ്പനിയുടെ ഐഡന്റിറ്റിയായ 'എക്സ്പ്രസ് ബ്ലൂ' (Xpress Blue) നിറത്തിനൊപ്പം 'എക്സ്പ്രസ് ഓറഞ്ച്' (Xpress Orange) നിറത്തിന്റെ ആകര്‍ഷകമായ സ്പര്‍ശവും പുതിയ വസ്ത്രങ്ങളില്‍ സമന്വയിപ്പിച്ചിട്ടുണ്ട്.
എയര്‍ലൈന്റെ ഇന്‍ ഹൗസ് ഡിസൈനറായ പൂജ കൃഷ്നാണ് വനിതാ ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് സര്‍വീസ്, ഏവിയേഷന്‍ സെക്യൂരിറ്റി ജീവനക്കാരുടെ യൂനിഫോം ഡിസൈനിംഗിന് നേതൃത്വം നല്‍കിയത്. അതേസമയം, പുരുഷന്മാരായ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ യൂനിഫോം ടാറ്റാ ഗ്രൂപ്പിന്റെ തന്നെ ഫാഷന്‍ ബ്രാന്‍ഡായ 'ട്രെന്റ് ലിമിറ്റഡുമായി' (Trent Ltd) സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. നൂറിലേറെ വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവില്‍ പ്രതിദിനം 500 ലധികം സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതിയ യൂണിഫോം മാറ്റം അന്താരാഷ്ട്ര തളത്തിലടക്കം ബ്രാന്‍ഡിന്റെ മൂല്യം ഉയര്‍ത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
---------------
Hindusthan Samachar / Sreejith S