Enter your Email Address to subscribe to our newsletters

Ayodhya, 02 സെപ്റ്റംബര്‍ (H.S.)
അയോധ്യയിലെ ശ്രീരാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മുന്‍ എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്രയെ നിയമിച്ചു. അയ്യായിരത്തിലധികം അപേക്ഷകരില്‍ നിന്നാണ് നിയമനം നടത്തിയിരിക്കുന്നത്. വ്യോമസേനയിലെ മികവുറ്റ സേവന പാരമ്പര്യമുള്ള ആളെയാണ് ഈ നിര്‍ണായക ചുമതലയിലേക്ക് ട്രസ്റ്റ് നിശ്ചയിച്ചത്. വ്യോമസേനയിലെ ദീര്‍ഘകാല കരിയറില്‍ നിരവധി സുപ്രധാന കമാന്‍ഡിംഗ് പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം, ഏറെ ശ്രദ്ധേയമായ ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് വ്യോമസേനയുടെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ അധ്യക്ഷനായിരുന്നു.ഇന്ത്യന്‍ വ്യോമസേനയില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടയില്‍ സര്‍വോത്തം യുദ്ധസേവാ മെഡല്‍ ഉള്‍പ്പെടെയുള്ള ഉന്നത സൈനിക ബഹുമതികള്‍ നേടിയിട്ടുള്ള വ്യക്തിയാണ് ജീതേന്ദ്ര മിശ്ര.
ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ഏകോപനം, ദിനംപ്രതിയുള്ള വലിയ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, ഭരണപരമായ കാര്യങ്ങള്‍ എന്നിവ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തിന്റെ മുന്‍പരിചയം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. മഹന്ത് ദിനേന്ദ്ര ദാസ് മഹാരാജ്, മഹന്ത് കമല്‍ നയന്‍ ദാസ്, ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് എന്നിവരുള്‍പ്പെടെയുള്ള ട്രസ്റ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.. യോഗത്തില്‍ ട്രസ്റ്റ് സെലക്ഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും ആദ്യത്തെ സിഇഒയുടെ പേര് തീരുമാനിക്കുകയുമായിരുന്നു.
5,000-ത്തിലധികം അപേക്ഷകര്‍ മത്സരിച്ച കര്‍ശനമായ സ്‌ക്രീനിംഗ് പ്രക്രിയയ്ക്ക് ശേഷം, രാമജന്മഭൂമി മന്ദിറിന്റെ ആദ്യ സിഇഒയെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ്, മഹന്ത് ദിനേന്ദ്ര ദാസ്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി കൃഷ്ണ മോഹന്‍, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി എന്നിവരുള്‍പ്പെടെ ട്രസ്റ്റ് അംഗങ്ങള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
യോഗത്തില്‍ പങ്കെടുക്കുന്നതിനായി സെലക്ഷന്‍ കമ്മിറ്റി ഉദ്യോഗസ്ഥരായ വിരമിച്ച ജസ്റ്റിസ് പ്രമോദ് കോഹ്ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദി, വിദഗ്ധ അംഗം സുരേഷ് ഹവ്ഡെ എന്നിവര്‍ ഇന്നലെ അയോധ്യയിലെത്തി. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സിഇഒ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഈ യോഗം വളരെ പ്രധാനമാണെന്ന് മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു. 'ഇതില്‍ നിരവധി തീരുമാനങ്ങള്‍ എടുക്കാനുണ്ട്. അന്തിമ തീരുമാനം ട്രസ്റ്റികള്‍ എടുത്ത ശേഷം പ്രഖ്യാപിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S