ദിഷ സാലിയന്റെ മരണം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് കോടതി
Bombay, 02 സെപ്റ്റംബര്‍ (H.S.) നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ അന്വേഷണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്ര അന്വേഷണം നടത്താന്‍ സിബിഐയോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2020 ജൂണില്‍ തന്റെ മകളുടെ മരണത്തില്‍
cbi


Bombay, 02 സെപ്റ്റംബര്‍ (H.S.)

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ അന്വേഷണം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്ര അന്വേഷണം നടത്താന്‍ സിബിഐയോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2020 ജൂണില്‍ തന്റെ മകളുടെ മരണത്തില്‍ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ദിഷ സാലിയന്റെ പിതാവ് സതീഷ് സാലിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മരിച്ചയാളുടെ പിതാവ് സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഏതെങ്കിലും വ്യക്തിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ മതിയായ തെളിവുകള്‍ കണ്ടെത്തുന്നതുവരെ ആരെയും പ്രതിയായി കണക്കാക്കരുതെന്നും ജസ്റ്റിസുമാരായ സാരംഗ് കോട്വാള്‍, രഞ്ജിത്സിന്‍ഹ രാജ ഭോണ്‍സാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

നടന്‍ സുശാന്ത് സിങ് രജ്പുതിനെ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ്, 2020 ജൂണ്‍ എട്ടിന് മുംബൈയിലെ മലാഡ് പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ ദിഷ സാലിയനെ കണ്ടെത്തിയത്. സാലിയന്റെ മരണത്തില്‍ സിറ്റി പൊലീസ് അപകട മരണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു.

എല്ലാ കേസ് രേഖകളും സിബിഐക്ക് കൈമാറാന്‍ മുംബൈ പൊലീസിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. 'ഒരു കേസും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍, സിബിഐ ബന്ധപ്പെട്ട കോടതിയില്‍ ഉചിതമായ സംഗ്രഹ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും' ബെഞ്ച് പറഞ്ഞു. റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ സതീഷ് സാലിയന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.

'സതീഷ് സാലിയന്റെ മൊഴി രേഖപ്പെടുത്താനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മാല്‍വാനി പൊലീസ് സ്റ്റേഷനോട് എല്ലാ രേഖകളും സിബിഐക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, തെളിവുകള്‍ കണ്ടെത്തിയ ആര്‍ക്കെതിരെയും നടപടിയെടുക്കും. തെളിവില്ലെങ്കില്‍ ആരെയും പ്രതിയാക്കില്ല. കൂടാതെ, സിബിഐ നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍, എതിര്‍പ്പുകള്‍ ഉന്നയിക്കാനും പ്രതിഷേധ ഹര്‍ജി ഫയല്‍ ചെയ്യാനും ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി ഉത്തരവില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടതിയോട് നന്ദി പറയുന്നു,' സാലിയന്റെ പിതാവിനെയും ഹര്‍ജിക്കാരനെയും പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ നിലേഷ് ഓജ കോടതി പറഞ്ഞു.

ദിഷ സാലിയന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍, മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2020 ജൂണില്‍ തന്റെ മകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പിതാവ് ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

മകളുടെ മരണത്തില്‍ സിബിഐ അന്വേഷണവും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സാലിയന്‍ ആവശ്യപ്പെടുന്നു. മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും കൊലചെയ്യപ്പെട്ടുവെന്നും തുടര്‍ന്ന് ചില സ്വാധീനമുള്ള വ്യക്തികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനകള്‍ നടന്നതായും അദ്ദേഹം ആരോപിച്ചു.

പൊലീസ് അന്വേഷണത്തെക്കുറിച്ച് സതീഷ് സാലിയന്റെ അഭിഭാഷകന്‍ നിലേഷ് ഓജ സംശയം പ്രകടിപ്പിച്ചിരുന്നു. കേസില്‍ നടന്ന വാദം കേള്‍ക്കലില്‍ ജസ്റ്റിസ് ഭാരതി ഡാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കുടുംബത്തിന്റെ കൊലപാതക ആരോപണം നിലനില്‍ക്കെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഒരു അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) മാത്രം രജിസ്റ്റര്‍ ചെയ്തതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദിഷ സാലിയന്‍ മരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും എഡിആറിന്റേയും പകര്‍പ്പുകള്‍ കുടുംബത്തിന് നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News