മധുര മീനാക്ഷി ക്ഷേത്രത്തില് ഇനി സംസ്കൃതമല്ല തമിഴ് സ്തുതി ഗീതങ്ങള്; തീരുമാനം ഹൈക്കോടതിയുടേത്
Chennai, 02 സെപ്റ്റംബര്‍ (H.S.) മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പ്രധാന പൂജകളില്‍ ഉപയോഗിക്കുന്ന ശ്ലോകങ്ങളില്‍ ഭാഷമാറുന്നു. സംസ്‌കൃതത്തിന് പകരം തമിഴ് ശ്ലോകങ്ങളും മന്ത്രങ്ങളും ചൊല്ലാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. മഹാ കുംഭാഭിഷേകം പോലുള്ള പ്
Madras HC


Chennai, 02 സെപ്റ്റംബര്‍ (H.S.)

മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പ്രധാന പൂജകളില്‍ ഉപയോഗിക്കുന്ന ശ്ലോകങ്ങളില്‍ ഭാഷമാറുന്നു. സംസ്‌കൃതത്തിന് പകരം തമിഴ് ശ്ലോകങ്ങളും മന്ത്രങ്ങളും ചൊല്ലാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. മഹാ കുംഭാഭിഷേകം പോലുള്ള പ്രധാന പരിപാടികളിലാണ് സംസ്‌കൃത വേദങ്ങള്‍ക്കൊപ്പം തമിഴ് മന്ത്രങ്ങളും മറ്റും ചൊല്ലാന്‍ അനുവാദം ലഭിച്ചത്.

ഈ വര്‍ഷം നടക്കുന്ന കൊടമുഴു, ഗോപുരം കലശ നന്നീരാട്ടു പെരുവിഴ, കരുവാരൈ പൂജ, വേള്‍വി എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ തമിഴ് തിരുമുറൈകള്‍, തമിഴ് ശൈവ മന്ത്രങ്ങള്‍ ചൊല്ലാം. ഇത് സംബന്ധിച്ച് സത്യഭാമ എന്ന യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് കൃഷ്ണന്‍ രാമസാമി അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.

സത്യഭാമ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റാണ് താനെന്നും തമിഴ് വേദ ആഗമങ്ങള്‍, ശൈവ ആഗമങ്ങള്‍, നിമജ്ജനവുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ എന്നിവ തമിഴില്‍ പഠിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നടക്കുന്ന വിവിധ നിമജ്ജന പരിപാടികളില്‍ പ്രധാനമായി ആലപിക്കുന്നത് സംസ്‌കൃത മന്ത്രങ്ങളാണ്. അതേസമയം, തമിഴ് തിരുമുറൈ പാരായണക്കാര്‍ ശ്രീകോവിലിന് പുറത്ത് ഇരുന്നാണ് തമിഴ് ഗാനങ്ങള്‍ ആലിപ്പിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്താനാണ് കോടതിയെ സമീപിച്ചത്.

14 വര്‍ഷത്തിന് ശേഷമാണ് ധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ മഹാ കുടമുഴുവന്‍ നടക്കാന്‍ പോകുന്നത്. ആയതിനാല്‍ ഗോപുരം കലശം, ശ്രീകോവില്‍, വേള്‍വി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പരിപാടികളില്‍ തമിഴ് തിരുമുറൈകളും തമിഴ് ശൈവ മന്ത്രങ്ങളും ആലപിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ക്ഷേത്ര പാരായണക്കാര്‍ക്ക് സംസ്‌കൃത വേദങ്ങള്‍ക്കൊപ്പം തേവാരം, തിരുവാസം, തിരുമന്തിരം എന്നിവയുള്‍പ്പെടെയുള്ള തമിഴ് സ്തുതിഗീതങ്ങളും ആലപിക്കാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹിന്ദു മത, എന്‍ഡോവ്മെന്റ് വകുപ്പിന് വേണ്ടി ഹാജരായ പ്രത്യേക സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം വരാനിരിക്കുന്ന പ്രത്യേക പൂജയുടെ പ്രധാന പരിപാടികളിലും തമിഴ് തിരുമുറൈ പാരായണക്കാര്‍ക്ക് സംസ്‌കൃത വേദങ്ങള്‍ക്കൊപ്പം തമിഴ് മന്ത്രങ്ങളും ചൊല്ലാന്‍ കോടതി അനുവദിച്ചു. ഈ ഉത്തരവ് മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മാത്രം ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഹിന്ദു മത-എന്‍ഡോവ്മെന്റെ വകുപ്പ് കമ്മീഷണര്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

---------------

Hindusthan Samachar / Sreejith S


Latest News