Enter your Email Address to subscribe to our newsletters

amaravti, 02 സെപ്റ്റംബര്‍ (H.S.)
ആന്ധ്രാപ്രദേശില്‍ മലേറിയ പ്രതിരോധ ഗുളിക വില്ലനായി. പോലവരം ജില്ലയില്‍ മലേറിയ പ്രതിരോധ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരി മരിച്ചു. 53 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഏടപാക മണ്ഡലത്തിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
ചൊവ്വാഴ്ച ഗ്രാമത്തിലെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ 71 പേര്‍ക്കാണ് മലേറിയ പ്രതിരോധത്തിനായുള്ള ക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കിയത്. ആന്ധ്രാപ്രദേശ്-തെലങ്കാന അതിര്‍ത്തിയിലുള്ള ഈ ഗ്രാമത്തില്‍ മലേറിയ പരിശോധന നടത്തിയതിന് ശേഷമായിരുന്നു പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗുളികകള്‍ നല്‍കിയിരുന്നു.
ഗ്രാമവാസിയായ മഡിവി ജമുന എന്ന ഏഴുവയസുകാരി വൈകുന്നേരം വീട്ടിലെത്തിയതിന് പിന്നാലെ കടുത്ത ഛര്‍ദി അനുഭവപ്പെടുകയായിരുന്നു. പ്രാദേശിക സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജമുന. അവശയായ കുട്ടിയെ ഉടന്‍ തന്നെ ലക്ഷ്മിപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ജമുന മൂന്ന് ഗുളികകള്‍ കഴിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഇതിന് പിന്നാലെയാണ് ഗ്രാമത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കും അങ്കണവാടിയിലെ കുട്ടികള്‍ക്കും ഉള്‍പ്പെടെ 53 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെ ഉടന്‍ തന്നെ തെലങ്കാനയിലെ ഭദ്രാചലം ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ ലക്ഷ്മിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. നിലവില്‍ ചികിത്സയിലുള്ളവരില്‍ 46 കുട്ടികളും ഏഴ് മുതിര്‍ന്നവരും ഉള്‍പ്പെടുന്നുണ്ടെന്ന് പോലവരം ജില്ല കലക്ടര്‍ ദിനേഷ് കുമാര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനും അടിയന്തര സഹായങ്ങള്‍ നല്‍കാനുമായി രാജമഹേന്ദ്രവരം, കാക്കിനാഡ, പാഡേരു, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നുള്ള ദ്രുതകര്‍മ സേനയെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S