Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 സെപ്റ്റംബര്‍ (H.S.)
സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന 18 പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ലഹരിമരുന്ന് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി മൂന്ന് ജില്ലകളില്‍ പുതിയ എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രിയാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ക്കാണ് നീട്ടിക്കിട്ടുക. ഇതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. പ്രൈമറി അധ്യാപകര്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടും.
സെന്‍സസ്, ബിഎല്‍ഒ ചുമതലകള്‍, ജീവനക്കാരുടെ സ്ഥലംമാറ്റം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ നിയമന നടപടികള്‍ വൈകിയ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഒഴിവുകള്‍ യഥാസമയം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതും റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമന അവസരങ്ങള്‍ കുറയാന്‍ കാരണമായിരുന്നു. നിയമന നടപടികളിലെ കാലതാമസം മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ ഗണ്യമായി കുറയുന്ന സാഹചര്യം പരിഹരിക്കുന്നതിനാണ് ആറ് മാസത്തെ അധിക സമയം അനുവദിച്ചത്.
---------------
Hindusthan Samachar / Sreejith S