Enter your Email Address to subscribe to our newsletters

Kozhikode , 20 സെപ്റ്റംബര് (H.S.)
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ. വിനോദ്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന അപൂർവ ബഹുമതിയ്ക്കാണ് ഇതോടെ വിദർശ അർഹയായത്.
കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദ് കെ. ഡി., അനിത വിനോദ് ദമ്പതികളുടെ മകളാണ് ഈ മിന്നുന്ന നേട്ടത്തിലൂടെ നാടിന് അഭിമാനമായി മാറിയ വിദർശ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്കും കേരളത്തിനും വൻ നേട്ടം സമ്മാനിച്ച താരത്തെ കായികപ്രേമികളും നാട്ടുകാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
ഇളവേനിൽ വാളറിവൻ, സോനം മാസ്കർ, വിദർശ വിനോദ് എന്നിവരടങ്ങിയ സഖ്യമാണ് മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയ്ക്ക് ടൂർണമെന്റിലെ ആദ്യ മെഡൽ സമ്മാനിച്ചത്. ഈ ഇനത്തിൽ ചൈന സ്വർണം നേടിയപ്പോൾ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.
തൻ്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ സ്വന്തമാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. ഷൂട്ടിങ്ങിൽ മലയാളി വനിതകൾക്ക് സാധാരണയായി വലിയ പങ്കാളിത്തമില്ലാത്ത ഒന്നാണെന്ന പൊതുധാരണ നിലനിൽക്കെയാണ് വിദർശ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
കഠിനാധ്വാനവും പിന്തുണയും
വിവാഹശേഷവും അന്താരാഷ്ട്ര തലത്തിലുള്ള തുടർച്ചയായ പരിശീലനങ്ങളിലും മത്സരങ്ങളിലും സജീവമായി പങ്കെടുത്ത വിദർശയുടെ ഈ വിജയത്തിന് പിന്നിൽ കടുത്ത ആത്മസമർപ്പണമുണ്ട്. ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും കോച്ചിൻ്റെയും പൂർണ പിന്തുണയാണ് ഈ നേട്ടത്തിന് അടിത്തറയെന്ന് താരം വ്യക്തമാക്കി കടുത്ത പരിശീലനവും പ്രയത്നങ്ങളും ഒടുവിൽ മെഡലിലേക്ക് എത്തിയതിൻ്റെ ചാരിതാർഥ്യവും വിദർശ പങ്കുവെച്ചു.
തുടക്കത്തിൽ ചെറിയ തോതിൽ സമ്മർദം അനുഭവപ്പെട്ടെങ്കിലും, ഇത് സാധാരണ മത്സരങ്ങൾ പോലെ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ ടെൻഷൻ പൂർണമായും മാറി. സമയം, നടപടിക്രമങ്ങൾ എന്നിവയെല്ലാം പതിവുപോലെയായതിനാൽ സമ്മർദമില്ലാതെ മത്സരം ആസ്വദിക്കാൻ സാധിച്ചതായി താരം വ്യക്തമാക്കി.
ടൂർണമെൻ്റിന് മുന്നോടിയായി ഡൽഹിയിൽ നടന്ന പരിശീലന ക്യാമ്പുകളും ടീമിൻ്റെ മികച്ച പിന്തുണയുമാണ് മാനസികമായും ശാരീരികമായും തങ്ങളെ സജ്ജമാക്കിയതെന്ന് വിദർശ പറഞ്ഞു. സമ്മർദങ്ങൾക്ക് അടിപ്പെടാതെ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് പരിശീലകർ ഊന്നൽ നൽകിയത്. ഗെയിംസിൻ്റെ ആദ്യ ദിവസം താമസസൗകര്യങ്ങളിലും മറ്റും ചില ചെറിയ പ്രയാസങ്ങൾ നേരിട്ടിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങളെല്ലാം സുഗമമായെന്നും താരം കൂട്ടിച്ചേർത്തു. വ്യക്തിഗത യോഗ്യതാ മത്സരത്തിൽ ഒമ്പതാം സ്ഥാനത്താണ് വിദർശ ഫിനിഷ് ചെയ്തത്.
സെപ്റ്റംബർ 26-ന് നടക്കുന്ന 50 മീറ്റർ റൈഫിൾ 3P എന്ന തൻ്റെ പ്രധാന ഇനത്തിൽ മത്സരിക്കാനിരിക്കെ, ഈ ആദ്യ മെഡൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ, മത്സരങ്ങൾക്ക് മുൻപ് തന്നെ മെഡൽ വിജയികൾക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിൻ്റെ പിന്തുണ കായികതാരങ്ങൾക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് നൽകിയതെന്നും വിദർശ പറഞ്ഞു.
തുടക്കം എൻസിസിയിലൂടെ
2018-ൽ എൻസിസിയിലൂടെയാണ് വിദർശ ഷൂട്ടിങ്ങിലേക്ക് കടന്നുവരുന്നത്. 2019-ൽ ഇത് പ്രൊഫഷണലായി തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയിൽ ആയിരുന്നു കൂടുതൽ സമയ പരിശീലനം. കാര്യവട്ടത്തും പരിശീലനം നേടി. കേരളത്തിൽ ഷൂട്ടിങ് പരിശീലിക്കാൻ താല്പര്യമുള്ളവർക്കായി എല്ലാ ജില്ലകളിലും അസോസിയേഷനുകൾ നിലവിലുണ്ടെന്നും മെമ്പർഷിപ്പ് എടുത്ത് തുടക്കം കുറിക്കാമെന്നും പുതിയ കായികപ്രേമികൾക്കായി താരം ഓർമിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR