ക്യാമ്പസ് രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടാനുള്ള കേരള സർവകലാശാലയുടെ നീക്കം പിൻവലിക്കണം: എബിവിപി
Thiruvananthapuram , 20 സെപ്റ്റംബര് (H.S.) വിദ്യാർത്ഥികളുടെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾക്ക് വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ക്യാമ്പസുകളിലെ അക്രമത്തെയും സംഘടനാ പ്രവർത്തനത്തെയും ഒരേ തുലാസ
ABVP


Thiruvananthapuram , 20 സെപ്റ്റംബര് (H.S.)

വിദ്യാർത്ഥികളുടെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾക്ക് വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ക്യാമ്പസുകളിലെ അക്രമത്തെയും സംഘടനാ പ്രവർത്തനത്തെയും ഒരേ തുലാസിൽ അളന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിന് തന്നെ കൂച്ചുവിലങ്ങിടുന്ന ജനാധിപത്യവിരുദ്ധമായ ഈ തീരുമാനത്തെ വിദ്യാർത്ഥി സമൂഹം ചവറ്റുകൊട്ടയിലെറിയുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ പറഞ്ഞു.

അക്രമം നടത്തുന്ന വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാം. പൊതുസ്വത്ത് നശിപ്പിച്ചാൽ നിയമപരമായ ഉത്തരവാദിത്വം നിശ്ചയിക്കാം. എന്നാൽ അതിന്റെ പേരിൽ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും ജനാധിപത്യപരമായ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് അപലപനീയമാണ്. വിദ്യാർത്ഥികൾ ഇന്നത്തെ പൗരന്മാരാണെന്നും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും അവർക്കുണ്ടെന്നും കാലങ്ങൾക്ക് മുമ്പേ വ്യക്തമാക്കിയ വിദ്യാർത്ഥി സംഘടനയാണ് എബിവിപി. ജനാധിപത്യാവകാശങ്ങൾക്കായുള്ള വിദ്യാർത്ഥി പ്രതിരോധത്തിന്റെ നിരവധി ചരിത്രം നമ്മുടെ രാജ്യത്തിനുണ്ട്.

അടിയന്തരാവസ്ഥയെ പോലും ചെറുത്തുതോൽപ്പിച്ച പാരമ്പര്യമുള്ള തലമുറയുടെ പിൻഗാമികളായ ഇന്നത്തെ വിദ്യാർത്ഥികളോട് രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കരുതെന്ന് പറയുന്നത് വിരോധാഭാസമായി മാത്രമേ കാണാനാകൂ.

സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യാനും വിദ്യാഭ്യാസ അവകാശങ്ങൾ ഉന്നയിക്കാനും ഭരണകൂട തീരുമാനങ്ങളെ ചോദ്യം ചെയ്യാനും വിദ്യാർത്ഥി സംഘടനകൾ വഹിച്ച പങ്ക് കേരളത്തിന്റെ പൊതുജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ജനാധിപത്യപരമായ സംഘടനാ പ്രവർത്തനങ്ങൾക്കും കൂച്ചുവിലങ്ങിടാനുള്ള ഈ നീക്കത്തിൽ നിന്ന് സർവകലാശാല പിൻമാറണം. വിദ്യാർത്ഥി സംഘടനകളുമായി തുറന്ന ചർച്ച നടത്തി പുതിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനും വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും കേരള സർവകലാശാല തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി

കാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖയിലാണ് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ നിർദേശങ്ങളുള്ളത്. ഹൈക്കോടതിയുടെ നിർദേശവും ചാൻസലറായ ഗവർണറുടെ കത്തുമാണ് ഇതിന്റെ അടിസ്ഥാനം.

കരട് നിർദേശമനുസരിച്ച് കോളജുകൾക്കുള്ളിൽ വിദ്യാർഥികൾ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ല. ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർഥികൾക്ക് പുറമെ രാഷ്ട്രീയ പാർട്ടികളും പിഴയൊടുക്കേണ്ടി വരും. കോളജുകളിൽ പ്രിൻസിപ്പലിനും കാമ്പസിൽ വൈസ് ചാൻസലർക്കുമാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.

രാഷ്ട്രീയ പാർട്ടികളുടെ നിർദേശപ്രകാരമോ അല്ലാതെയോ ഉള്ള സമരങ്ങൾ, ധർണകൾ, ഉപരോധങ്ങൾ എന്നിവ കാമ്പസിൽ പാടില്ല. ക്ലാസ് മുറികളിലോ ഓഫീസുകളിലോ കാമ്പസിനുള്ളിലോ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കാൻ പാടില്ല. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള രാഷ്ട്രീയ പ്രചാരണങ്ങളും സംഘാടനവും നിരോധിച്ചിരിക്കുന്നു.

ചട്ടം ലംഘിക്കുന്ന വിദ്യാർഥികൾക്ക് താക്കീത് നൽകുക, ടി.സി. നൽകി ഒഴിവാക്കുക, സസ്പെൻഷൻ, പുറത്താക്കൽ തുടങ്ങിയ അച്ചടക്ക നടപടികൾ സ്വീകരിക്കാം. ഇതോടൊപ്പം പിഴയും ഈടാക്കും.

വിദ്യാർഥി കുറഞ്ഞത് 5,000 രൂപയും, വിദ്യാർഥിക്ക് ബന്ധമുള്ള രാഷ്ട്രീയ പാർട്ടി 10,000 രൂപയും പിഴയായി നൽകേണ്ടി വരും. തുക അടയ്ക്കാത്തപക്ഷം റവന്യൂ റിക്കവറി നടപടി നേരിടേണ്ടി വരും.

അതേസമയം, ഇത് ഔദ്യോഗിക രേഖയല്ലെന്നും കാമ്പസുകളിൽ സമാധാനം നിലനിർത്താനുള്ള പ്രാരംഭ ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും വി.സി. ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തെ പൂർണ്ണമായി നിരോധിക്കുകയല്ല, സമാധാനം ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രതികരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News