Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 സെപ്റ്റംബര് (H.S.)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയിൽ (IDSFFK) പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം എക്സംപ്ഷൻ (പ്രദർശനാനുമതി) നിഷേധിച്ചു. സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്ത ചിത്രങ്ങൾക്കാണ് അനുമതി ലഭിക്കാത്തത്. അനുമതി നിഷേധിച്ചവയിൽ ഒരു മലയാള ചിത്രവും ഉൾപ്പെടുന്നുണ്ട്.
മേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിൽനിന്ന് പ്രത്യേക എക്സംപ്ഷൻ അനുമതി കരസ്ഥമാക്കേണ്ടതുണ്ട്. എന്നാൽ അപേക്ഷിച്ച ചിത്രങ്ങളിൽ 31 എണ്ണത്തിന് അനുമതി നിഷേധിച്ചുകൊണ്ട് മന്ത്രാലയം അക്കാദമിക്ക് നിർദേശം നൽകുകയായിരുന്നു. അനുമതി നിഷേധിക്കാനുള്ള വ്യക്തമായ കാരണങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
മുൻ വർഷങ്ങളിലും ചില ചിത്രങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തവണ ഒരു മലയാള ചിത്രം ഉൾപ്പെടെ വൻതോതിൽ ചിത്രങ്ങൾക്ക് അനുമതി ലഭിക്കാത്തത് ചലച്ചിത്ര പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. സംഭവത്തിൽ ചലച്ചിത്ര അക്കാദമി നിയമപരമായ തുടർനടപടികളും പ്രതിഷേധ സാധ്യതകളും ആലോചിച്ചുവരികയാണ്.
ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിലെ 18 ചിത്രങ്ങൾ, ഇൻ്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് അനുമതി ലഭിക്കാതെ പോയത്. പാർലമെൻ്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്, കാസ്റ്റ് ആൻഡ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾ അനുമതി ലഭിക്കാത്തവയിൽ ഉൾപ്പെടുന്നു.
347 ചിത്രങ്ങളുടെ പട്ടിക സമർപ്പിച്ചു
സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകൾ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഇളവ് ലഭ്യമാക്കുന്നതിനായി ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് ഐഡിഎസ്എഫ്എഫ്കെയിൽ പ്രദർശിപ്പിക്കാനിരുന്ന 347 സിനിമകളുടെ പട്ടിക ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ചിത്രങ്ങളുടെ പ്രമേയത്തിൻ്റെ സാരാംശം ഉൾപ്പെടുത്തിയ അപേക്ഷയും ഇതിനൊപ്പം നൽകി. തുടർന്ന് മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസുകളും ചിത്രങ്ങൾ കാണുന്നതിനുള്ള സ്ക്രീനറുകളും അക്കാദമി കൈമാറി. ഇതിന് ശേഷമാണ് 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാതിരുന്നത്.
നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി
ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചിലതിന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേ പണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ വിദഗ്ധ സമിതികളാണ് തെരഞ്ഞെടുക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമഗ്രമായ തെരഞ്ഞെടുപ്പ് നടപടിക്രമത്തിലൂടെ മേളയിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് അതിൻ്റെ വേദിയിൽ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ് ഡോക്യുമെൻ്ററികളും ഹ്രസ്വചിത്രങ്ങളും. ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് രാജ്യാന്തര ചലച്ചിത്രമേളകളുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമകൾ കാണാനും അവയെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനും അവസരം ഉണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR