ഐഐടി ബോംബെയിലെ വിദ്യാർത്ഥിയുടെ മരണം: ജാതി അധിക്ഷേപ ആരോപണവുമായി പിതാവ്; അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന്
Mumbai , 20 സെപ്റ്റംബര് (H.S.) മുംബൈ: ഐഐടി ബോംബെയിലെ ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥി സാഹിൽ വകോഡെയുടെ മരണത്തിൽ അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. അധ്യാപകനിൽ നിന്ന് സാഹിലിന് നിരന്തരമായ ജാതി അധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന പിതാവിന്റെ ഗുരുതര
ഐഐടി ബോംബെയിലെ വിദ്യാർത്ഥിയുടെ മരണം


Mumbai , 20 സെപ്റ്റംബര് (H.S.)

മുംബൈ: ഐഐടി ബോംബെയിലെ ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥി സാഹിൽ വകോഡെയുടെ മരണത്തിൽ അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. അധ്യാപകനിൽ നിന്ന് സാഹിലിന് നിരന്തരമായ ജാതി അധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന പിതാവിന്റെ ഗുരുതര ആരോപണത്തിന് പിന്നാലെയാണ് നടപടി.

സാഹിലിന്റെ അധ്യാപകനായ സൂര്യനാരായണ ദുല്ലയ്ക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അധ്യാപകൻ സാഹിലിനെതിരെ ജാതി അധിക്ഷേപം നടത്താറുണ്ടായിരുന്നുവെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് ആരോപിച്ചു. പരാതിയെത്തുടർന്ന് സൂര്യനാരായണ ദുല്ലയ്ക്കെതിരെയും ഐഐടിയിലെ മറ്റ് അധ്യാപകർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയും പോലീസ് കേസെടുത്തു.

ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡിസിപി ദത്താത്രയ നലവാഡെ അറിയിച്ചു. എഫ്ഐആറിൽ പേരുള്ള എല്ലാ വ്യക്തികൾക്കെതിരെയും വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരമാണ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കൃത്രിമം കാണിക്കാൻ ശ്രമിച്ചതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ (ChatGPT) അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് വിദ്യാർത്ഥി പിടിയിലായതെന്ന് അധികൃതർ പറയുന്നു.

അതേസമയം, സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ഐഐടി ബോംബെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വകുപ്പ് മേധാവിയും അധ്യാപകരും വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകിയിരുന്നുവെന്നും ഈ സംഭവം അക്കാദമിക് ഭാവിയെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായും അധികൃതർ വിശദീകരിച്ചു. ഇതിനുശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം കാമ്പസിൽ വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

കാമ്പസിലെ പ്രതിഷേധവും വിദ്യാർത്ഥികളുടെ വാദവും

-

സസ്പെൻഷൻ ഭീഷണി ആരോപണം: പരീക്ഷാ ഹാളിൽ ചാറ്റ്ജിപിടി (ChatGPT) ഉപയോഗിച്ച് ക്രമക്കേട് കാണിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് സാഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. തുടർന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഹോസ്റ്റൽ ഒഴിയേണ്ടി വരുമെന്നും അധ്യാപകർ ഭീഷണിപ്പെടുത്തിയതായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഈ കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അവരുടെ പക്ഷം.

-

ഡയറക്ടറുടെ രാജി ആവശ്യം: നാനൂറിലധികം വിദ്യാർത്ഥികൾ കാമ്പസിൽ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തുകയും ഐഐടി ബോംബെ ഡയറക്ടർ പ്രൊഫ. ശിരീഷ് കേദാരെ, പ്രൊഫ. സൂര്യനാരായണ ദുല്ല എന്നിവരുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. കാമ്പസിലെ വിദ്യാർത്ഥി ക്ഷേമ സംവിധാനങ്ങളും നയരൂപീകരണ സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യമില്ലാത്തതും അവർ ചോദ്യം ചെയ്തു.

-

പരീക്ഷകൾ മാറ്റി: വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്ന് കാമ്പസിൽ നടക്കാനിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചു.

---------------

Hindusthan Samachar / Roshith K


Latest News