റേഞ്ച് റോവർ വിവാദം: മാധ്യമങ്ങൾക്കും സൈബർ എതിരാളികൾക്കും എതിരെ കടുത്ത വിമർശനവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി
Kannur , 20 സെപ്റ്റംബര് (H.S.) ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാ
K M Shaji


Kannur , 20 സെപ്റ്റംബര് (H.S.)

ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വാഹനം ഉടമയ്ക്ക് തിരിച്ചുനൽകിയത് വാർത്തയാക്കുന്ന മാധ്യമങ്ങൾ, നാടിനെ ബാധിക്കുന്ന യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

തന്റെ വാഹനം തടയുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം സൈബർ പോരാളികളെയും രാഷ്ട്രീയ ശത്രുക്കളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു.

മന്ത്രിയാകുന്നതിന് മുൻപും ഞാൻ ഈ വണ്ടി ഉപയോഗിച്ചിട്ടുണ്ട്!

ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന റേഞ്ച് റോവർ കാർ താൻ മന്ത്രിയായപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ലെന്ന് കെ.എം. ഷാജി വ്യക്തമാക്കി. ഒരു അധികാര സ്ഥാനത്തുമില്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പലതവണ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ ആർക്കൈവ്സ് പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യമായ നിയമപരമായ അനുമതികൾ വാങ്ങി മാത്രമാണ് വാഹനം നിരത്തിലിറക്കിയത്. നിയമപരമായി ഓടാൻ യോഗ്യതയുള്ള ഏത് വാഹനത്തിലും താൻ യാത്ര ചെയ്യുമെന്നും, അത് തടയാൻ തന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.

സൗഹൃദങ്ങളുടെ പേരിൽ അവിഹിതമായി വല്ലതും നേടിയോ എന്ന് ഓഡിറ്റ് ചെയ്യൂ

തനിക്ക് ഒരുപാട് നല്ല സൗഹൃദങ്ങളുണ്ടെന്നും അവരിൽ പലർക്കും മുന്തിയ ഇനം വാഹനങ്ങളുണ്ടെന്നും ഷാജി പറഞ്ഞു. സുഹൃത്തുക്കളായതു കൊണ്ട് വണ്ടി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തരുന്ന, വാഹനം തരുന്ന എൻ്റെ സൗഹൃദങ്ങളുടെ പേരിൽ ആരെങ്കിലും ഈ ഭരണസംവിധാനത്തിൽ നിന്നും അവിഹിതമായി എന്തെങ്കിലും നേടുന്നുണ്ടോ എന്നാണ് മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. അങ്ങനെ കണ്ടാൽ എന്നെ പൊളിച്ചടുക്കണം, ഒരു ദയയും കാണിക്കരുത്, അദ്ദേഹം വെല്ലുവിളിച്ചു. കാർ ഉടമയായ യാക്കൂബിനെപ്പോലെ പ്രശസ്തനാകാൻ ആഗ്രഹമുള്ള, വണ്ടികൾ വെറുതെ ലോക്ക് ചെയ്തു വച്ചിരിക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ വണ്ടികൾ തനിക്ക് തരാമെന്നും അനുമതിയോടെ ഉപയോഗിച്ചുകൊള്ളാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ആരെയും പേടിച്ചിട്ടില്ല; നാളെ രാവിലെ 11.30-ന് നിർണായക പ്രഖ്യാപനംസി.പി.എം സൈബർ പോരാളികളേയും വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരെയും തനിക്ക് പേടിയില്ലെന്ന് വ്യക്തമാക്കിയ ഷാജി പോസ്റ്റിൻ്റെ അവസാനം ഒരു വലിയ സസ്പെൻസും ബാക്കിവെച്ചിട്ടുണ്ട്. നാളെ (തിങ്കൾ) രാവിലെ 11.30-ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പൊതുസമൂഹത്തോട് പറയാനുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഷാജി നാളെ പുറത്തുവിടാൻ പോകുന്ന ആ 'പ്രധാനപ്പെട്ട കാര്യം' എന്തായിരിക്കും എന്ന ആകാംഷയിലാണ് ഇപ്പോൾ രാഷ്ട്രീയ കേരളം.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്ണ രൂപം

ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!

സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം. ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ ഫേമസ് ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം. എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.

ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല. നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്, യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം. മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർത്ഥന എന്തെന്നാൽ,

നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല. പകരം, എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം.

ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം. പിന്നെ സി പി എം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം അഭ്യൂദയ കാംക്ഷി കളോടും, നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!!

തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്. ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും. തടയാൻ എൻ്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ. Note the point. നാളെ രാവിലെ. 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News