കെ.എം.ആർ.എൽ ഉന്നതരുടെ വിദേശയാത്രകൾ: അഞ്ചു വർഷത്തെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും വിളിപ്പിച്ചു ഗതാഗത വകുപ്പ്
Thiruvananthapuram, 20 സെപ്റ്റംബര് (H.S.) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ (കെ.എം.ആർ.എൽ) എം.ഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടത്തിയ വിദേശയാത്രകളുടെ സമഗ്രമായ വിശദാംശങ്ങൾ തേടി സംസ്ഥാന ഗതാഗത വകുപ്പ്. യാത്രകൾക്കായി ചെലവഴി
Loknath Behera


Thiruvananthapuram, 20 സെപ്റ്റംബര് (H.S.)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ (കെ.എം.ആർ.എൽ) എം.ഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടത്തിയ വിദേശയാത്രകളുടെ സമഗ്രമായ വിശദാംശങ്ങൾ തേടി സംസ്ഥാന ഗതാഗത വകുപ്പ്.

യാത്രകൾക്കായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്കുകൾ, സമഗ്ര ഓഡിറ്റ് റിപ്പോർട്ട്, യാത്രകൾക്ക് അംഗീകാരം നൽകിയ കെ.എം.ആർ.എൽ ബോർഡ് യോഗങ്ങളുടെ മിനിറ്റ്സ് എന്നിവ അടിയന്തരമായി ഹാജരാക്കാനാണ് വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

മുൻ കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അമേരിക്കയിലേക്ക് സ്വകാര്യ സന്ദർശനം നടത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പിന്റെ ശക്തമായ ഇടപെടൽ. ബോർഡ് യോഗങ്ങളുടെ മിനിറ്റ്സും സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ടും പരിശോധിക്കുന്നതിലൂടെ പ്രോട്ടോക്കോൾ ലംഘനങ്ങളോ സാമ്പത്തിക ക്രമക്കേടുകളോ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്നാണ് കരുതുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവുമായ വിദേശയാത്രകൾക്ക് കൃത്യമായ മാനദണ്ഡങ്ങളും സർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമാണ്. ഇത് പാലിക്കാതെ യാത്രകൾ നടന്നിട്ടുണ്ടോ എന്നും, അതിനായി കമ്പനിയുടെ ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് ഗതാഗത വകുപ്പ് നീക്കം ആരംഭിച്ചിരിക്കുന്നത്.

ബെഹ്റയുടെ അമേരിക്കൻ യാത്ര

2024 ഡിസംബറിൽ അമേരിക്കയിലെ വാഷിംഗ്ടണിൽ നടന്ന മെട്രോപൊളിറ്റൻ റെയിൽവേസ് ഡിവിഷൻ യോഗത്തിൽ പങ്കെടുക്കാനാണ് ലോക്നാഥ് ബെഹ്റ യാത്ര നടത്തിയത്. എന്നാൽ യാത്രയ്ക്ക് സർക്കാർ ഔദ്യോഗിക മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് ഗതാഗത വകുപ്പിൻ്റെ കണ്ടെത്തൽ.

മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ഈ വർഷം മേയിൽ ബെഹ്റയ്ക്ക് കത്ത് നൽകിയിരുന്നു. മുൻ ഡി.ജി.പി കൂടിയായ ബെഹ്റയുടെ യാത്ര സർക്കാർ ജീവനക്കാരുടെ വിദേശയാത്ര സംബന്ധിച്ച നിലവിലുള്ള നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് പരിശോധിക്കുന്നത്.

തിരുവനന്തപുരം ലൈറ്റ് മെട്രോ: സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണം

കൊച്ചി മെട്രോയുടെ ചുവട് പിടിച്ച് സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ ആലോചന നടത്തുന്ന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ടും ഗതാഗതവകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

അഞ്ചുവർഷത്തെ മുഴുവൻ യാത്രകളുടെയും കണക്ക്

അണ്ടർ സെക്രട്ടറി മുഖേന കെ.എം.ആർ.എല്ലിന് നൽകിയ കത്തിലാണ് കഴിഞ്ഞ അഞ്ചു വർഷത്തെ വിദേശയാത്രകളുടെ സമഗ്ര വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ഡി ഉൾപ്പെടെയുള്ള ജീവനക്കാർ നടത്തിയ മുഴുവൻ വിദേശയാത്രകളുടെയും ചെലവ് സംബന്ധിച്ച കൃത്യമായ കണക്കുകളും സമഗ്ര ഓഡിറ്റ് റിപ്പോർട്ടും ഹാജരാക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു.

വിദേശയാത്രകൾക്ക് അനുമതി നൽകുന്ന കെ.എം.ആർ.എൽ ബോർഡിൻ്റെ മിനിറ്റ്സും ഹാജരാക്കണം. ഓരോ യാത്രയ്ക്കും അനുമതി നൽകിയതിൻ്റെ നടപടിക്രമങ്ങളും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് ബോർഡ് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രത്യേക നയമോ പ്രോട്ടോക്കോളോ ഉണ്ടോ?

കെ.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്കായി പ്രത്യേക നയമോ പ്രോട്ടോക്കോളോ കമ്പനി രൂപീകരിച്ചിട്ടുണ്ടോയെന്നും ഗതാഗത വകുപ്പ് ചോദിച്ചിട്ടുണ്ട്. അത്തരം നയം നിലവിലുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങളും ഹാജരാക്കണം.

കൂടാതെ മെട്രോയുടെ ആകെ ബജറ്റിൽ ആഭ്യന്തര, വിദേശ യാത്രകൾക്കായി എത്ര ശതമാനം തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും സർക്കാർ ആരാഞ്ഞിട്ടുണ്ട്. യാത്രകൾക്കായി നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതവും യഥാർഥ ചെലവും സംബന്ധിച്ച വ്യക്തത വരുത്തുന്നതിനാണ് ഈ വിവരങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻകൂർ അനുമതി നിർബന്ധം

സ്വന്തം ചെലവിൽ നടത്തുന്ന വ്യക്തിപരമായ സ്വകാര്യ സന്ദർശനങ്ങൾ ഒഴികെ സർക്കാർ ജീവനക്കാരുടെ വിദേശയാത്രകൾക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം നിലനിൽക്കെയാണ് ലോക്നാഥ് ബെഹ്റ സർക്കാർ മുൻകൂർ അനുമതിയില്ലാതെ അമേരിക്കയിലേക്ക് പോയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ യാത്രയുടെ സാഹചര്യം, അനുമതി നടപടികൾ, ചെലവ് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ ഗതാഗത വകുപ്പ് പരിശോധിക്കുകയാണ്.

മറുപടി ലഭിച്ചിട്ടില്ല

ഗതാഗത വകുപ്പ് വിശദീകരണങ്ങളും രേഖകളും ആവശ്യപ്പെട്ട് കത്തയച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കെ.എം.ആർ.എൽ അധികൃതർ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. അഞ്ചുവർഷത്തെ വിദേശയാത്രകളുടെ ചെലവ്, ഓഡിറ്റ് റിപ്പോർട്ട്, ബോർഡ് മിനിറ്റ്സ്, വിദേശയാത്രാ നയം, യാത്രകൾക്കുള്ള ബജറ്റ് വിഹിതം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതോടെ കെ.എം.ആർ.എല്ലിലെ വിദേശയാത്രകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്നതിൽ കൂടുതൽ വ്യക്തത ലഭിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News