Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 സെപ്റ്റംബര് (H.S.)
കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗതാഗത മന്ത്രി സി പി ജോണിൻ്റെ നിർദേശത്തെ തുടർന്നാണ് പുതിയ നീക്കം. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടിവരുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതി, സാധ്യതകൾ എന്നിവ പഠിച്ച് കേരളത്തിലെ ഈ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറിയർ കൗണ്ടറിൽ പ്രദർശിപ്പിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഡിപ്പോകളിലേക്ക് മാത്രമേ പാഴ്സലുകൾ അയക്കാവു. പാർസൽ, കൊറിയർ കൊണ്ടു പോകുന്ന വഴികളിലോ കൺസൈൻമെൻ്റിൽ രേഖപ്പെടുത്തിയതിന് വിപരീതമായി മറ്റേതെങ്കിലും സ്ഥലങ്ങളിലോ കൊറിയർ, പാഴ്സൽ കൈമാറുന്നതല്ല. അയക്കുന്ന ആളിൻ്റെ യഥാർഥ തിരിച്ചറിയൽ രേഖയും അയക്കാനുള്ള ആളിൻ്റെ കൃത്യമായുള്ള വിലാസവും ഫോൺ നമ്പറും കൗണ്ടർ എക്സിക്യൂട്ടീവിന് കൈമാറണം. അപൂർണമായ വിലാസത്തിലേയ്ക്ക് കൺസൈൻമെൻ്റുകൾ അയക്കാൻ സാധിക്കുന്നതല്ലെന്നും കെഎസ്ആർടിസ് വ്യക്തമാക്കി.
നിയമപരമായി അയക്കുവാൻ സാധിക്കുന്ന സാധനങ്ങൾ മാത്രമെ കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വഴി അയക്കാൻ സാധിക്കൂ. ഏതെങ്കിലും കാരണവശാൽ സംശയാസ്പദമായ മറ്റേതെങ്കിലും വസ്തുക്കൾ ഉള്ളതായി ബോധ്യപ്പെട്ടാൽ പ്രസ്തുത പാർസൽ തുറന്ന് പരിശോധിക്കാനും പൊലീസിൽ വിവരമറിയിച്ച് തുടർ നടപടികൾ സ്വീകരിക്കുവാനും കെഎസ്ആർടിസിക്ക് അികാരമുണ്ടായിരിക്കാം.
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ മൂന്നിന് വൈകുന്നേരം നാല് മണി വരെയാണ്. ടെൻഡറുമായി ബന്ധപ്പെട്ട യോഗ്യതാമാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് കൂടുതൽ വിശദാംശങ്ങൾ എന്നിവ www.etenders.kerala.gov.in, www.keralartc.com എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR