കരുനാഗപ്പള്ളിയിൽ റെയ്ഡിനിടെ പൊലീസിനു നേരെ ആക്രമണം: രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്
Kollam , 20 സെപ്റ്റംബര് (H.S.) വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനുള്ള റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ക്രൂരമായ ആക്രമണം. അക്രമികളുടെ കല്ലേറിലും വീട്ടുപകരണങ്ങൾ കൊണ്ടുള്ള ആക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയുട
POLICE OFFICIALS ATTACKED


Kollam , 20 സെപ്റ്റംബര് (H.S.)

വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനുള്ള റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ക്രൂരമായ ആക്രമണം. അക്രമികളുടെ കല്ലേറിലും വീട്ടുപകരണങ്ങൾ കൊണ്ടുള്ള ആക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.

പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് പൊലീസിനു നേരെ പൊടുന്നനെ ആക്രമണമുണ്ടായത്.

ഇഷ്ടികയും വീട്ടുപകരണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് തലയ്ക്കും മറ്റൊരു ഉദ്യോഗസ്ഥന് മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വധശ്രമക്കേസിലെ പ്രതി വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം റെയ്ഡിനായെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയും ബന്ധുക്കളും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇഷ്ടികകൊണ്ടുള്ള അടിയേറ്റ് കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ജിനുവിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ടോർച്ചുകൊണ്ടുള്ള അടിയിൽ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിൻ്റെ മുഖത്തെ എല്ലിനും പൊട്ടലുണ്ട്. സംഭവത്തിൽ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലീസ് കസ്റ്റഡയിൽ എടുത്തു.

പൊലീസ് ആണെന്ന് അറിയിച്ചിട്ടും ആക്രമണം

അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായ റെജിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിൻ്റെ ഭാഗമായി അടൂർ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങൾ ഇന്നലെ (സെപ്തംബർ 19) രാത്രി 11.30 ഓടെ റെജിൻ്റെ വീട്ടിൽ എത്തുകയായിരുന്നു. ജിനുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാധാരണ വേഷത്തിലായിരുന്നതിനാൽ പൊലീസ് ആണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഉദ്യോഗസ്ഥർ റെജിനെ വീട്ടിൽ നിന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ വീട്ടിലുണ്ടായിരുന്നവർ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

പൊലീസ് വീട്ടിൽ എത്തുമ്പോൾ റെജിനും മൂന്ന് സ്ത്രീകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. റെജിൻ്റെ ബന്ധു അരുണും വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് ആണെന്ന വിവരം അറിയിച്ചിട്ടും ഉപദ്രവം തുടരുകയും വാക്കുതർക്കത്തിലും ഏർപ്പെട്ടു. തുടർന്ന് ഇഷ്ടികയും ചെടിച്ചട്ടിയും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അരുൺ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. അരുണിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിലും പൊലീസുകാരെ ആക്രമിച്ചതിലും സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസ് എടുത്തു. മനഃപൂർവവും ഗുരുതരവുമായ പരിക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കൽ, നിയമപരമായ അറസ്റ്റ് തടയലും എതിർക്കലും തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News