Enter your Email Address to subscribe to our newsletters

Kasaragod , 20 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ആശ്വാസമേകി വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. തുടർച്ചയായി പെയ്യാതെ ഇടവേളകളോടെയാണ് മിക്ക ജില്ലകളിലും മഴയെത്തിയത്. ഇന്ന് മിക്ക പ്രദേശങ്ങളിലും മഴ ശക്തമായിരുന്നെങ്കിലും വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട രീതിയിലായിരിക്കും മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാവിലെ മുതൽ മധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. വൈകുന്നേരത്തോടെ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെങ്കിലും മഴ സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ന്യൂനമർദവും തീവ്ര ന്യൂനമർദ സാധ്യതയും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. ഇത് ഒഡീഷ ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ്. ഈ സമയത്ത് കേരളത്തിൽ മഴ ലഭിച്ചില്ലെങ്കിലും ഒഡീഷ ആന്ധ്ര തീരത്തിനു അടുത്ത് എത്തുമ്പോൾ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരത്തോടടുക്കും തോറും ന്യൂനമർദം അതി തീവ്ര ന്യൂനമർദമായി മാറാൻ സാധ്യത ഉണ്ട്.
വടക്കൻ ആൻഡമാൻ കടലിനും പരിസരപ്രദേശങ്ങൾക്കും മുകളിലുള്ള അന്തരീക്ഷചുഴലിയുടെ (upper-air cyclonic circulation) സ്വാധീനഫലമായാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇത് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു. സെപ്റ്റംബർ 22 ഓടെ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ 'ഡീപ് ഡിപ്രഷൻ' (deep depression) ആയി മാറാൻ സാധ്യതയുണ്ട്. തുടർന്നും പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, സെപ്റ്റംബർ 23 ഓടെ തെക്കൻ ഒഡീഷ വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപം പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും എത്തിച്ചേരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ജില്ലകളിലെ മുന്നറിയിപ്പുകൾ
ഇന്ന് ഏഴു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. പിന്നെയുള്ള മൂന്ന് ദിവസം ശക്തമായ മഴ മുന്നറിയിപ്പിലെങ്കിലും തെളിഞ്ഞ അന്തരീക്ഷം ആയിരിക്കില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കും. ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ഒഡീഷ ആന്ധ്ര തീരത്തേക്ക് കടക്കുമ്പോൾ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. 24ന് തീരത്തോട് അടുക്കും എന്നാണ് കരുതുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 24ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR