Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 സെപ്റ്റംബര് (H.S.)
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്ന പദ്ധതിയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നതായി സ്പോൺസർ കമ്പനിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (RBC) പ്രതിനിധി ആന്റോ അഗസ്റ്റിൻ ജിഎസ്ടി (GST) വകുപ്പിന് മൊഴി നൽകി.
പദ്ധതിയുടെ ഭാഗമായി സർക്കാർ പ്രതിനിധികൾ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി (AFA) സ്പെയിനിൽ വച്ച് നേരിട്ട് ചർച്ചകൾ നടത്തിയിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ഇടപാടുകളും ജിഎസ്ടി കുടിശ്ശിക ആരോപണങ്ങളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുൻപിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
കരാർ തുകയുടെ നികുതി അടവുമായി ബന്ധപ്പെട്ട് ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം നോട്ടീസ് അയച്ചതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ മൊഴി രേഖപ്പെടുത്തിയത്. സർക്കാർ തലത്തിൽ നൽകിയ ഉറപ്പുകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് കരാറുമായി മുന്നോട്ടുപോയതെന്നാണ് കമ്പനിയുടെ നിലപാട്.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേടും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ എസ്.ഐ.ടി അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
കാഞ്ഞങ്ങാട് ഇൻ്റലിജൻസ് ഓഫീസർ കെ. കെ. സജിനിക്ക് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് നൽകിയ മൊഴിയിലാണ് പദ്ധതിയുടെ തുടക്കം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി മാനേജിങ് ഡയറക്ടർ എന്ന നിലയിലല്ല, അംഗീകൃത പ്രതിനിധിയായാണ് ആൻ്റോ അഗസ്റ്റിൻ മൊഴി നൽകിയതെന്നാണ് വിവരം.
അർജൻ്റീന ടീമിനെ കേരളത്തിലെത്തിക്കുന്ന പദ്ധതിയിൽ കമ്പനി എങ്ങനെയാണ് പങ്കാളിയായതെന്ന ചോദ്യത്തിന്, സർക്കാർ സമീപിച്ചതിനെ തുടർന്നാണ് തങ്ങൾ പദ്ധതിയുടെ ഭാഗമായതെന്ന് ആൻ്റോ മൊഴി നൽകിയതായാണ് സൂചന.
ആദ്യം സമീപിച്ചത് ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷനെ
അർജൻ്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചപ്പോൾ ആദ്യം സമീപിച്ചത് ഗോൾഡ് മർച്ചൻ്റസ് അസോസിയേഷനെയായിരുന്നുവെന്നാണ് മൊഴിയിലെ വിശദീകരണം. എന്നാൽ ആവശ്യമായ തുക കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. തുടർന്നാണ് സ്പോൺസർ കമ്പനിയായ ആർബിസിയെ സർക്കാർ സമീപിച്ചത്.
അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിന് സ്പോൺസർഷിപ്പ് നൽകണമെന്നും സർക്കാർ അറിയിച്ചതായും മൊഴിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്
'എല്ലാം സൽപേരിന് വേണ്ടി'
സർക്കാരിനുവേണ്ടി പണം ചെലവഴിക്കാൻ തീരുമാനിച്ചതിന് പിന്നിൽ സൽപേര് (ഗുഡ്വിൽ) എന്ന ലക്ഷ്യമുണ്ടായിരുന്നു വെന്നും മൊഴിയിൽ പറയുന്നു. പരിപാടിയുടെ ഭാഗമാകുന്നതിലൂടെ കമ്പനിയുടെ മൂല്യം വർധിക്കുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നുവെന്നാണ് വിശദീകരണം.
എന്നാൽ കമ്പനിയുമായി ചർച്ച നടത്തുന്നതിന് മുമ്പുതന്നെ സർക്കാർ പ്രതിനിധികൾ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി സ്പെയിനിൽ ചർച്ച നടത്തിയിരുന്നുവെന്നാണ് മൊഴിയിലെ നിർണായക പരാമർശം. അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
'തീരുമാനിച്ചത് അവർ, സ്പോൺസർ ചെയ്തത് ഞങ്ങൾ'
പദ്ധതിയുടെ പ്രധാന തീരുമാനങ്ങളെല്ലാം സർക്കാർ പ്രതിനിധികൾ കൈക്കൊണ്ടശേഷമാണ് തങ്ങൾ സ്പോൺസറായി എത്തിയതെന്നാണ് ആൻ്റോയുടെ മൊഴിയിലെ നിലപാട്. സർക്കാർ പ്രതിനിധികളും അർജൻ്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് സ്പോൺസർ എന്ന നിലയിൽ കമ്പനി പദ്ധതിയിൽ പങ്കാളിയായതെന്നും വ്യക്തമാക്കുന്നു.
അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടലില്ലെന്നും ഇത് സ്വകാര്യ മാധ്യമസ്ഥാപനത്തിൻ്റെ സ്വന്തം പരിപാടിയാണെന്നുമുള്ള മുൻകാല വിശദീകരണങ്ങൾക്കിടയിലാണ് ജിഎസ്ടി വകുപ്പിന് നൽകിയതായി പുറത്തുവന്ന മൊഴിയിലെ വിവരങ്ങൾ ശ്രദ്ധേയമാകുന്നത്.
പദ്ധതി ആരുടെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തതെന്നും സർക്കാർ തലത്തിൽ നടന്ന ചർച്ചകൾ എന്തായിരുന്നുവെന്നും സ്പോൺസർഷിപ്പിൻ്റെ സാമ്പത്തിക ഇടപാടുകൾ എങ്ങനെയായിരുന്നുവെന്നതുമാണ് ഇതോടെ പ്രധാനമായും ഉയരുന്ന ചോദ്യങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR