വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്തില്ല: മുല്ലപ്പെരിയാറിലും വൈഗയിലും ജലനിരപ്പ് താഴുന്നു; തമിഴ്നാട്ടിൽ കുടിവെള്ള-കാർഷിക പ്രതിസന്ധി രൂക്ഷം
Idukki , 20 സെപ്റ്റംബര് (H.S.) വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെ തമിഴ്നാട്ടിലെ അതിർത്തി ജില്ലകൾ കടുത്ത വരൾച്ചാ ഭീതിയിലായി. സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ന
MULLAPERIYAR WATER LEVEL DROPPED


Idukki , 20 സെപ്റ്റംബര് (H.S.)

വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെ തമിഴ്നാട്ടിലെ അതിർത്തി ജില്ലകൾ കടുത്ത വരൾച്ചാ ഭീതിയിലായി. സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് നിറഞ്ഞുകവിയേണ്ട പെരിയാർ തടങ്ങളിൽ ഇക്കുറി പ്രതീക്ഷിച്ചത്ര മഴ ലഭിക്കാതിരുന്നതാണ് സ്ഥിതിഗതികൾ സങ്കീർണമാക്കിയത്.

ഡാമിലെ ജലനിരപ്പ് വേഗത്തിൽ താണു കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ, തമിഴ്നാടിന്റെ പ്രധാന ജലസ്രോതസ്സായ വൈഗ അണക്കെട്ടിലെ സംഭരണശേഷിയും പകുതിയോളമായി കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന തെക്കൻ തമിഴ്നാട്ടിലെ കാർഷിക മേഖലയ്ക്കും കുടിവെള്ള വിതരണത്തിനും ഇത് വലിയ ഭീഷണിയുയർത്തുന്നുണ്ട്. വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമത്തിനും കാർഷിക മേഖലയിൽ വലിയ തിരിച്ചടിക്കും സാധ്യതയേറെയാണ്.

ഇടുക്കിയിൽ 47 ശതമാനം മഴക്കുറവ്: കാലാവസ്ഥാ പ്രവചനങ്ങളും തെറ്റി

ഈ വർഷം ഇടുക്കി ജില്ലയിൽ കടുത്ത മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണിൽ ഇതുവരെ ഏകദേശം 47 ശതമാനത്തോളം മഴയുടെ കുറവുണ്ടായെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (IMD) കണക്കുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ കുറഞ്ഞ മഴ സെപ്റ്റംബറിൽ ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും മഴയുണ്ടായില്ല.

സെപ്റ്റംബർ തുടക്കത്തിൽ 41 ശതമാനമായിരുന്ന മഴക്കുറവ് മാസാന്ത്യത്തിലേക്ക് അടുക്കുമ്പോൾ 47 ശതമാനമായി ഉയരുകയായിരുന്നു. ഇതിൻ്റെ നേരിട്ടുള്ള ആഘാതമാണ് പെരിയാർ വൃഷ്ടിപ്രദേശത്തും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലും പ്രതിഫലിക്കുന്നത്. ഇടുക്കി സംഭരണണിയിലും സമീപകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലൊന്നാണ് ഈ കാലയളവിൽ രേഖപ്പെടുത്തുന്നത്.

ഡാമുകളിലെ കണക്കുകൾ: വൈഗയിലും സ്ഥിതി പരീക്ഷണഘട്ടത്തിൽ

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം അനുവദനീയമായ പരമാവധി സംഭരണശേഷി 142 അടിയാണ്. എന്നാൽ നിലവിൽ ജലനിരപ്പ് 119 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 120-121 അടിയിൽ നിലനിന്നിരുന്ന ജലനിരപ്പാണ് നീരൊഴുക്ക് നിലച്ചതോടെ വീണ്ടും താഴേക്ക് പതിക്കുന്നത്. അണക്കെട്ടിലെ നിലവിലെ സംഭരണശേഷിയുടെ ഏകദേശം 83 ശതമാനം ഭാഗം മാത്രമാണ് ഇപ്പോൾ ഉപയോഗയോഗ്യമായുള്ളത്.

മുല്ലപ്പെരിയാറ്റിൽ നിന്നും ഇറച്ചിൽപാലം കനാൽ വഴിയും ലോവർ ക്യാമ്പിലെ തമിഴ്നാട് വൈദ്യുതി ബോർഡിൻ്റെ ജലവൈദ്യുത പദ്ധതിയിലേക്കുമാണ് വെള്ളം കൊണ്ടുപോകുന്നത്. അവിടെ നിന്ന് ഈ വെള്ളം സംഭരിക്കുന്നത് തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലാണ്. 71 അടി സംഭരണശേഷിയുള്ള വൈഗയിൽ നിലവിൽ 40-41 അടി വെള്ളം മാത്രമാണുള്ളത് (ഏകദേശം 57 ശതമാനം). മുല്ലപ്പെരിയാറിൽ നിന്നുള്ള വരവ് കുറഞ്ഞാൽ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും വേഗത്തിൽ കൂപ്പുകുത്തും.

5 ജില്ലകളെ തളർത്തുന്ന പ്രതിസന്ധി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നത് തമിഴ്നാടിൻ്റെ സാമ്പത്തിക-കാർഷിക മേഖലയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട 5 ജില്ലകളായ തേനി, ദിണ്ഡിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ള വിതരണത്തിനും പ്രധാന ആശ്രയം മുല്ലപ്പെരിയാറ്റിൽ നിന്നുള്ള വെള്ളമാണ്.

കമ്പം താഴ്വരയിലെ ഏക്കറുകണക്കിന് നെൽവയലുകളും വാഴ, കരിമ്പ്, പച്ചക്കറി തോട്ടങ്ങളും പൂർണമായും ഈ ജലത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ, ലോവർ ക്യാമ്പിലെ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനത്തെയും നീരൊഴുക്ക് കുറയുന്നത് സാരമായി ബാധിക്കും. വൈഗയിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞാൽ തെക്കൻ തമിഴ്നാട്ടിലെ നൂറുകണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗം തന്നെ പ്രതിസന്ധിയിലാകും.

പ്രാർത്ഥനയോടെ കർഷകർ; ഇനി പ്രതീക്ഷ തുലാമഴയിൽ

1886-ലെ പാട്ടക്കരാറിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്ന ഈ ജലം തെക്കൻ തമിഴ്നാടിൻ്റെ ജീവനാഡിയാണ്. വരും ദിവസങ്ങളിലും ഇടുക്കിയിലെ മലനിരകളിൽ മഴ ലഭിച്ചില്ലെങ്കിൽ തമിഴ്നാട്ടിൽ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി നാശവും സംഭവിക്കുമെന്ന് അതിർത്തിയിലെ കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ഇടുക്കിയിലെ പെരിയാർ കാച്ചുമെൻ്റ് ഏരിയയിൽ കനത്ത മഴ പെയ്യുന്നതിനായി തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂർ, തേനി മേഖലകളിലെ കർഷകർ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുന്നുണ്ട്. ഇനി വരാനിരിക്കുന്ന വടക്കുകിഴക്കൻ മൺസൂണിലാണ് (തുലാമഴ) കർഷകരും ഉദ്യോഗസ്ഥരും ഒരേപോലെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ ലഭിക്കേണ്ട തുലാമഴയും ചതിച്ചാൽ, വരാനിരിക്കുന്ന വേനൽക്കാലം തെക്കൻ തമിഴ്നാട്ടിന് കടുത്ത ദുരിതകാലമായി മാറും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News