Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 സെപ്റ്റംബര് (H.S.)
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിൽ (KIIFB) നിന്ന് പരസ്യങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി എൽഡിഎഫ് സർക്കാർ കോടികൾ ചെലവഴിച്ചതിൻ്റെ ഔദ്യോഗിക കണക്കുകൾ പുറത്ത്. 2026 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള നാല് മാസക്കാലയളവിൽ മാത്രം 98.85 കോടി രൂപ (98,85,49,003.10 രൂപ) പരസ്യങ്ങൾക്കും പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്.
വികസന പദ്ധതികൾക്കായുള്ള ഫണ്ടിൽ നിന്ന് വൻതുക പ്രചാരണത്തിനായി ചെലവഴിച്ചതിനെതിരെ പ്രതിപക്ഷവും പൊതുജനങ്ങളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിക്കുമെന്നാണ് സൂചന.
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ 2025 ഡിസംബർ അവസാനം വരെ 101 കോടി രൂപ കിഫ്ബി പരസ്യങ്ങൾക്ക് ചെലവഴിച്ച കണക്കുകളാണ് നേരത്തെ പുറത്തു വന്നിരുന്നത്. ഇത് കൂടാതെ സർക്കാരിൻ്റെ പബ്ലിസിറ്റി വിഭാഗമായ പിആർഡി 203 കോടിയും ടൂറിസം വകുപ്പ് 152 കോടിയും അഞ്ചു വർഷക്കാലയളവിൽ പരസ്യങ്ങൾക്ക് ചെലവഴിച്ച വിവരങ്ങളും പുറത്തു വന്നിരുന്നു.
2026 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ; പ്രധാന ഇനങ്ങളും ചെലവഴിച്ച കൃത്യമായ തുകയും
വിവിധ പദ്ധതികളുടെ പ്രൊമോഷനും മാധ്യമ പരസ്യങ്ങൾക്കുമായി 2026 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ ചെലവഴിച്ച തുകയുടെ കൃത്യമായ വിവരങ്ങൾ കണക്കിൽ വ്യക്തമാക്കുന്നുണ്ട്. സിൽവർ ജൂബിലി പ്രൊമോഷണൽ ചെലവുകൾക്ക് 14.30 കോടി (14,30,08,745.64), കിഫ്ബി പ്രോജക്റ്റ് ഡീറ്റെയ്ൽസ് സെൻ്റർ സ്പ്രെഡ് പരസ്യത്തിന് 12.16 കോടി (12,16,26,378.30), സോഷ്യൽ മീഡിയ മാനേജ്മെൻ്റും ക്യാമ്പയ്നും 7 കോടിയോളം (7,90,72,744.00) രൂപയുമാണ് ചെലവാക്കിയത്.
ഡെയ്ലി ഹണ്ട് വഴിയുള്ള ഡെവലപ്മെൻ്റ് പരസ്യങ്ങൾക്ക് ഏഴ് കോടി എൺപത് ലക്ഷത്തോളം രൂപയും (7,81,75,000.00) കോഴിക്കോട് ഓർഗൻ ട്രാൻസ്പ്ലാൻ്റ് ആശുപത്രി തറക്കല്ലിടലിൻ്റെ പ്രിൻ്റ് മീഡിയ പരസ്യത്തിന് ഏഴ് കോടി എഴുപത് ലക്ഷത്തോളം രൂപയും (7,70,38,972.50) ചെലവാക്കി. വയനാട് തുരങ്കപാത പദ്ധതിയുടെ ആദ്യ ബ്ലാസ്റ്റ് ഫങ്ഷൻ പരസ്യം 7,69,32,660.00, പെരുമ്പളം പാലം ഉദ്ഘാടനവും ചെല്ലാനം പദ്ധതിക്കും 6,77,01,900.00, കിഫ്ബി ഫണ്ടഡ് ഹെൽത്ത് പ്രൊജക്റ്റുകളുടെ പ്രിൻ്റ് മീഡിയ പരസ്യം 4,24,88,796.00, കോസ്റ്റൽ ഹൈവേ വികസന പരസ്യം 4,24,88,796.00, കൊച്ചി കാൻസർ സെൻ്റർ ഉദ്ഘാടന പരസ്യം 4,24,88,796.00, ആയുർവേദ റിസർച്ച് സെൻ്റർ തറക്കല്ലിടൽ പരസ്യം 4,24,88,796.00, അമ്പൂരി പാലം ഉദ്ഘാടനം പ്രിൻ്റ് മീഡിയ പരസ്യം 2,85,58,293.76, എഫ്എം റേഡിയോ പരസ്യങ്ങൾക്കായി വിവിധ ഘട്ടങ്ങളിൽ 34,72,740.00, 33,25,122.00, 25,48,800.00, 16,16,895.00 തുകകളും ചെലവാക്കി.
കൂടാതെ കെ-ഡിസ്കുമായി സഹകരിച്ചുള്ള കിഫ്ബി പദ്ധതികളുടെ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്ക് 31 ലക്ഷത്തോളം (31,01,217.00) ചെലവാക്കി. വട്ടിയൂർക്കാവ് വികസന പദ്ധതി പരസ്യം 27,46,143.76, നെടുമങ്ങാട് വികസന പദ്ധതി പരസ്യം-പ്രിൻ്റ് മീഡിയ സ്ട്രിപ്പ് പരസ്യം 27,37,175.70, കൊല്ലം താലൂക്ക് ആശുപത്രി കെട്ടിട വികസന പദ്ധതി പരസ്യം 27,39,450.00, എൻ്റെ കേരളം പോർട്ടൽ സ്ട്രാറ്റജി ടീം രൂപീകരണം രണ്ടാം ഗഡു രണ്ട് കോടിയോളം തുക (2,36,00,000.00) എന്നിവയും ഉൾപ്പെടുന്നു.
കിഫ്ബി ഡെവലപ്മെൻ്റൽ ക്വിസ്-പ്രിൻ്റ് മീഡിയ സ്ട്രിപ്പ് പരസ്യം 2,14,15,296.00, കൊട്ടാരക്കര ഐടി പാർക്ക് ഉദ്ഘാടന പരസ്യം 1,77,21,060.00, സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം പരസ്യച്ചെലവ് (പ്രൊമോഷൻ ലെഡ്ജറിലേക്ക് മാറ്റിയത്) 1,77,64,690.00 കോടികളും ചെലവാക്കി. വയനാട് റൺ ക്യാമ്പയ്നും തുരങ്കപാത ഉദ്ഘാടനത്തിനും എഫ്എം ജിംഗിളുകൾക്ക് 3,34,530.00 രൂപ, 2,57,240.00 രൂപ, 4,61,970.00 രൂപ എന്നിങ്ങനെയും വിനിയോഗിച്ചു. മറ്റ് മാഗസിൻ, സോവനീർ പരസ്യങ്ങൾക്കായി 50,000.00 രൂപ, 50,749.44 രൂപ, 26,250.00 രൂപ എന്നിങ്ങനെയും ചെലവാക്കിയതായി കണക്കുകൾ കാണിക്കുന്നു. കിഫ്ബിയുടെ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡിവിഷൻ നൽകിയ വിവരാവകാശ മറുപടി പ്രകാരമുള്ള ഔദ്യോഗിക കണക്കുകളാണിത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR