പൂജ, ദീപാവലി: കേരളത്തിൽനിന്ന് വിവിധ നഗരങ്ങളിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Thiruvananthapuram, 20 സെപ്റ്റംബര് (H.S.) പൂജ, ദീപാവലി ഉത്സവകാലത്തെ കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിൽനിന്ന് വിവിധ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ''ട്രെയിൻ ഓൺ ഡിമാൻഡ്'' അടിസ്ഥാനത്തില
POOJA DIWALI SPECIAL TRAIN DETAILS


Thiruvananthapuram, 20 സെപ്റ്റംബര് (H.S.)

പൂജ, ദീപാവലി ഉത്സവകാലത്തെ കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിൽനിന്ന് വിവിധ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. 'ട്രെയിൻ ഓൺ ഡിമാൻഡ്' അടിസ്ഥാനത്തിലാണ് പുതിയ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. നാല് ജോഡി ട്രെയിനുകളിലായി ഇരുദിശകളിലുമായി ആകെ 20 സർവീസുകൾ നടത്തുെമന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം-സന്ത്രാഗച്ചി, അഞ്ച് സർവീസുകൾ

തിരുവനന്തപുരം നോർത്ത്-സന്ത്രാഗച്ചി എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 2, 9, 16, 23, 30 തീയതികളിൽ വെള്ളിയാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 1.45ന് സന്ത്രാഗച്ചിയിലെത്തും. തിരിച്ചുള്ള സന്ത്രാഗച്ചി- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 5, 12, 19, 26, നവംബർ 2 തീയതികളിൽ സർവീസ് നടത്തും.

സന്ത്രാഗച്ചിയിൽനിന്ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോർത്തിൽ എത്തും. 18 എസി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടുന്നതാണ് ഈ ട്രെയിനിൻ്റെ കോച്ച് ഘടന. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സന്ത്രാഗച്ചിയിലെത്തും.

തിരുവനന്തപുരം-മദാർ: ആറ് സർവീസുകൾ

തിരുവനന്തപുരം സെൻട്രൽ-മദാർ ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ആറ് സർവീസുകൾ നടത്തും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഒക്ടോബർ 21, 28, നവംബർ 4, 11, 18, 25 തീയതികളിൽ ബുധനാഴ്ച ദിവസങ്ങളിൽ രാവിലെ 7.45ന് ട്രെയിൻ പുറപ്പെടും. മൂന്നാം ദിവസം രാവിലെ 11ന് മദാർ ജങ്ഷനിലെത്തും.തിരിച്ചുള്ള സർവീസ് ഒക്ടോബർ 24, 31, നവംബർ 7, 14, 21, 28 തീയതികളിൽ ശനിയാഴ്ചകളിലാണ്. മദാർ ജങ്ഷനിൽനിന്ന് രാത്രി 9.40ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം പുലർച്ചെ 12.45ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

ഒരു എസി ടു ടയർ, നാല് എസി ത്രീ ടയർ, 13 എസി ത്രീ ടയർ ഇക്കണോമി കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയാണ് കോച്ച് ഘടന. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊറണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗളൂരു, ഉഡുപ്പി, മഡ്ഗാവ്, രത്നഗിരി, പൻവേൽ, വസായ് റോഡ്, സൂറത്ത്, വഡോദര, രത്ലാം, അജ്മീർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

എറണാകുളം-പട്ന: അഞ്ച് സർവീസുകൾ

എറണാകുളം ജംഗ്ഷൻ-പട്ന എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 2, 9, 16, 23, 30 തീയതികളിൽ വെള്ളിയാഴ്ചകളിൽ എറണാകുളം ജങ്ഷനിൽനിന്ന് രാത്രി 9.30ന് പുറപ്പെടും. നാലാം ദിവസം പുലർച്ചെ 3.30ന് പട്നയിലെത്തും. തിരിച്ചുള്ള ട്രെയിൻ ഒക്ടോബർ 6, 13, 20, 27, നവംബർ 3 തീയതികളിൽ ചൊവ്വാഴ്ചകളിൽ പട്നയിൽനിന്ന് രാത്രി 12.10ന് പുറപ്പെടും. മൂന്നാം ദിവസം രാവിലെ 10.45ന് എറണാകുളം ജങ്ഷനിൽ എത്തും.

രണ്ട് എസി ഫസ്റ്റ് ക്ലാസ് കം എസി ടു ടയർ കോച്ചുകൾ, നാല് എസി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയാണ് കോച്ച് ഘടന. ആലുവ, തൃശൂർ, പാലക്കാട്, പോടനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കാട്പാടി, പെരമ്പൂർ, വിജയവാഡ, രാജമുണ്ട്രി, ഭുവനേശ്വർ, കട്ടക്ക്, ഖരഗ്പൂർ, അസൻസോൾ, ജസിദിഹ്, കിയുൽ, പട്ന സാഹിബ്, രാജേന്ദ്ര നഗർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

പോടനൂർ-ബറൗണി: അഞ്ച് സർവീസുകൾ

പോടനൂർ-ബറൗണി എക്സ്പ്രസ് സ്പെഷ്യൽ ഒക്ടോബർ 4, 11, 18, 25, നവംബർ 1 തീയതികളിൽ ഞായറാഴ്ചകളിൽ പോടനൂരിൽനിന്ന് രാവിലെ 6.15ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്ക്ക് 1.30ന് ബറൗണിയിലെത്തും. തിരിച്ചുള്ള ട്രെയിൻ ഒക്ടോബർ 7, 14, 21, 28, നവംബർ 4 തീയതികളിൽ ബുധനാഴ്ചകളിൽ ബറൗണിയിൽനിന്ന് രാവിലെ 10.30ന് പുറപ്പെടും. മൂന്നാം ദിവസം വൈകിട്ട് 6.30ന് പോടനൂരിലെത്തും.

മൂന്ന് എസി ഫസ്റ്റ് ക്ലാസ് കം എസി ടു ടയർ കോച്ചുകൾ, ഒരു എസി ടു ടയർ, 14 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ദിവ്യാംഗ സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉൾപ്പെടുന്നതാണ് ട്രെയിൻ. തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ട, കാട്പാടി, പെരമ്പൂർ, വിജയവാഡ, ഖമ്മം, വരംഗൽ, നാഗ്പൂർ, ജബൽപൂർ, പ്രയാഗ്രാജ് ഛീവ്കി, പട്നിപോലുള്ള നിരവധി പ്രധാന സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുണ്ട്.

റിസർവേഷൻ ഇന്ന് മുതൽ

ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ സെപ്റ്റംബർ 20ന് രാവിലെ 8 മണി മുതൽ ദക്ഷിണ റെയിൽവേയുടെ റിസർവേഷൻ സംവിധാനത്തിലൂടെ ആരംഭിച്ചു. പൂജ, ദീപാവലി കാലത്തെ അധിക യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News