Enter your Email Address to subscribe to our newsletters

Ernakulam , 20 സെപ്റ്റംബര് (H.S.)
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലമതിക്കാനാകാത്ത തിരുവാഭരണങ്ങളുടെയും മറ്റ് മൂല്യമുള്ള വസ്തുക്കളുടെയും സുരക്ഷയിലും സംരക്ഷണത്തിലും വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നു.
തിരുവാഭരണങ്ങൾ നിലവിൽ പ്ലാസ്റ്റിക് കവറുകളിലും പഴയ മരപ്പെട്ടികളിലുമായി യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തലിനെ തുടർന്നാണ് ബോർഡ് അടിയന്തര നടപടികളിലേക്ക് കടക്കുന്നത്.
വിഷയത്തിൽ ഹൈക്കോടതി ശക്തമായി ഇടപെടുകയും തിരുവാഭരണങ്ങളുടെ സംരക്ഷണത്തിനായി ശാസ്ത്രീയവും ആധുനികവുമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ പുതിയ പദ്ധതിക്കാണ് ദേവസ്വം ബോർഡ് ഇപ്പോൾ രൂപം നൽകുന്നത്.
നിലവിലെ അവസ്ഥയും കമ്മീഷണറുടെ കണ്ടെത്തലും
നിലവിൽ ബോർഡിന് കീഴിലുള്ള 17 സ്ട്രോങ് റൂമുകളിലാണ് സ്വർണ്ണം, വെള്ളി, വിലയേറിയ രത്നങ്ങൾ പതിച്ച ആഭരണങ്ങൾ, കിരീടങ്ങൾ, പ്രഭാമണ്ഡലങ്ങൾ, ചട്ടങ്ങൾ, ആന അലങ്കാരങ്ങൾ, മറ്റ് ഉത്സവ വസ്തുക്കൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ പരമ്പരാഗത രീതിയിലുള്ള സംഭരണവും കൃത്യതയില്ലാത്ത നമ്പറിംഗും മൂലം മൂല്യവത്തായ ഈ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കാനും, പരിശോധനകൾ വൈകാനും, കൃത്യമായ ട്രാൻസ്ഫർ ട്രാക്കിംഗ് ഇല്ലാതാകാനും കാരണമാകുന്നുണ്ടെന്ന് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവാഭരണം മാനേജ്മെൻ്റ് ആൻഡ് സെക്യൂരിറ്റി സിസ്റ്റം
തിരുവാഭരണങ്ങളുടെ സുരക്ഷിതമായ പരിപാലനത്തിനായി സമഗ്രമായ 'തിരുവാഭരണം മാനേജ്മെൻ്റ് ആൻഡ് സെക്യൂരിറ്റി സിസ്റ്റം' നടപ്പിലാക്കാനാണ് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായിഓരോ തിരുവാഭരണത്തിനും ഗ്രൂപ്പ്, ദേവസ്വം എന്നിവ ഉൾപ്പെടുന്ന തനതായ അസറ്റ് നമ്പറും വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം QR കോഡ് അല്ലെങ്കിൽ RFID ടാഗിംഗും നൽകും. കൂടാതെ ഭാരം, ലോഹത്തിൻ്റെ തരം, രത്നങ്ങളുടെ എണ്ണം, മുൻവശവും പിൻവശവും അടക്കം വിവിധ കോണുകളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ, നിലവിലെ സംരക്ഷകൻ, കൈമാറ്റ ചരിത്രം, പരിശോധനാ ചരിത്രം എന്നിവ അടങ്ങിയ കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കും.
മൂന്ന് ഘട്ടങ്ങളായുള്ള സുരക്ഷാ സംഭരണം
സംഭരണത്തിനായി മൂന്ന് ഘട്ടങ്ങളായുള്ള സുരക്ഷാ സംവിധാനമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടം: രാസപ്രവർത്തനം നടത്താത്തതും ആർക്കൈവൽ ഗുണനിലവാരമുള്ളതുമായ സുതാര്യമായ പൗച്ചുകളിൽ ഒരു ആഭരണം വീതം സൂക്ഷിക്കും.
രണ്ടാം ഘട്ടം: ഇവ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം ട്രേകളിൽ ക്രമീകരിക്കും.
മൂന്നാം ഘട്ടം: ഈ ട്രേകൾ സ്ട്രോങ് റൂമുകളിലെ 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ മോഡുലാർ ലോക്കർ കാബിനറ്റുകളിൽ വച്ച് പൂട്ടി സൂക്ഷിക്കും.
ഇതിലൂടെ ഓരോ ആഭരണവും ഏത് കാബിനറ്റിൽ, ഏത് അറയിൽ, ഏത് ട്രേയിലാണ് ഇരിക്കുന്നത് എന്ന് ഡിജിറ്റൽ ലൊക്കേഷൻ മാപ്പിംഗ് വഴി മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.
കൈമാറ്റ നിയന്ത്രണവും പ്രത്യേക മൈക്രോ ലോക്കറുകളും
ഉത്സവകാലങ്ങളിലും പൂജകൾക്കുമായി ശ്രീകോവിലിലേക്ക് മേൽശാന്തിമാർക്കായി തിരുവാഭരണം കൈമാറുമ്പോഴും തിരികെ വയ്ക്കുമ്പോഴും വിവരങ്ങൾ ഡിജിറ്റൽ സിസ്റ്റത്തിലും ഫെസ്റ്റിവൽ മൂവ്മെൻ്റ് രജിസ്റ്ററിലും കൃത്യമായി രേഖപ്പെടുത്തും. ഉയർന്ന മൂല്യമുള്ള കിരീടങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള ആഭരണങ്ങൾ എന്നിവയ്ക്കായി ഡ്യുവൽ കീ സിസ്റ്റം, ടാംപർ എവിഡൻ്റ് സീലുകൾ, സിസിടിവി നിരീക്ഷണം എന്നിവയടങ്ങുന്ന പ്രത്യേക മൈക്രോ ലോക്കറുകൾ സജ്ജീകരിക്കും. സ്ട്രോങ് റൂമുകളിൽ ആക്സസ് കൺട്രോൾ, ഫയർ ഡിറ്റക്ഷൻ, അലാറം സിസ്റ്റം എന്നിവയും ശക്തമാക്കും.
നവീകരണവും കോടതി ഉത്തരവും
അതോടൊപ്പം, കാലപ്പഴക്കം കൊണ്ടോ കേടുപാടുകൾ കൊണ്ടോ പൂജകൾക്കോ ഉത്സവങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത സ്വർണ്ണ വെള്ളി വസ്തുക്കൾ വിദഗ്ധ സമിതിയുടെയും കോടതിയുടെയും നിർദ്ദേശാനുസരണം നിയമപരമായ അംഗീകാരത്തോടെ സ്വർണ്ണക്കട്ടികളോ വെള്ളിക്കട്ടികളോ ആക്കി മാറ്റുന്നതും പരിഗണനയിലുണ്ട്. ഇത് സ്ട്രോങ് റൂമുകളിലെ സംഭരണ സ്ഥലം കൂടുതൽ കാര്യക്ഷമമാക്കാനും ഇൻവെൻ്ററി പരിശോധനകൾ വേഗത്തിലാക്കാനും സഹായിക്കും. ആപത്ഘട്ടങ്ങൾ നേരിടാൻ പ്രത്യേക എസ് ഒ പിയും (SOP) ഇതിനായി വിദഗ്ധ സമിതി രൂപീകരണവും നിർദേശിച്ചിട്ടുണ്ട്.
കമ്മീഷണർ സമർപ്പിച്ച ഈ സമഗ്ര നിർദേശങ്ങൾ പൂർണ അർത്ഥത്തിൽ നടപ്പിലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടനടി മുൻകൈയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിരുവാഭരണം കമ്മീഷണർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും ബന്ധപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും അസിസ്റ്റൻ്റ് കമ്മീഷണർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും കാലതാമസമില്ലാതെ ഉടൻ തന്നെ നൽകണമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഈ പദ്ധതി പൂർണമായി നടപ്പിലാകുന്നതോടെ തിരുവാഭരണങ്ങളുടെ ദുരുപയോഗവും കാണാതാകലും തടയാനും, പൂർണമായ സുതാര്യതയും ഓഡിറ്റബിലിറ്റിയും ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR