Enter your Email Address to subscribe to our newsletters

Newdelhi , 20 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനും കുടുംബാംഗങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രത്യേക തീവ്ര പുനരവലോകന (SIR - Special Intensive Revision) പ്രക്രിയയിൽ ‘മുൻ എസ്.ഐ.ആറുമായി പൊരുത്തപ്പെടാത്തവർ’ (Unmapped with Last SIR) എന്ന വിഭാഗത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കെജ്രിവാളിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാൾ, മകൻ പുൽകിത് കെജ്രിവാൾ, പിതാവ് ഗോവിന്ദ് റാം കെജ്രിവാൾ, മാതാവ് ഗീതാ ദേവി എന്നിവർക്കും ഇതേ വിഭാഗത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ (അസംബ്ലി മണ്ഡലം 40) നിർദ്ദിഷ്ട പോളിംഗ് ഭാഗത്ത് ഇത്തരത്തിൽ നോട്ടീസ് ലഭിച്ച 110 പേരിൽ കെജ്രിവാളിന്റെ കുടുംബവും ഉൾപ്പെടുന്നു.
രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി
വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഈ രാജ്യത്ത് നടക്കുന്നതെല്ലാം ‘പരമോന്നത നേതാവിനെ’ പ്രീതിപ്പെടുത്താൻ വേണ്ടിയാണോ? മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഡൽഹി വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെയാണ് ഇല്ലാതാകുന്നത്? എന്ന് എ.എ.പി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ (X) പോസ്റ്റിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു.
47.7 ലക്ഷം വോട്ടർമാരുടെ പേരുകൾ കരട് പട്ടികയിൽ നിന്ന് പുറത്ത്
ഡൽഹിയിൽ നടന്ന പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (SIR) ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ നിന്ന് തലസ്ഥാനത്തെ ആകെ 1.45 കോടി വോട്ടർമാരിൽ 47.7 ലക്ഷത്തോളം പേർ പുറത്തായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
-
ഡിജിറ്റൈസേഷൻ നിരക്ക്: നഗരത്തിലെ ആകെ 1,45,10,299 വോട്ടർമാരിൽ 67.18 ശതമാനം ഫോമുകൾ മാത്രമാണ് ഉദ്യോഗസ്ഥർ ഡിജിറ്റൈസ് ചെയ്തത്.
-
ഒഴിവാക്കപ്പെട്ടവർ: സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ടിപ്പ് വന്നവർ എന്നീ കാരണങ്ങളാൽ (ASDDO വിഭാഗം) ശേഷിക്കുന്ന 47.7 ലക്ഷം വോട്ടർമാരെ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തവർ (Uncollectable) എന്ന വിഭാഗത്തിൽ പെടുത്തി കരട് പട്ടികയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കി.
-
പരാതികളും അപേക്ഷകളും: ആക്ഷേപങ്ങളും തിരുത്തലുകളും ഉന്നയിക്കാനുള്ള ഘട്ടത്തിൽ ആഗസ്റ്റ് 31 നും സെപ്റ്റംബർ 16 നും ഇടയിൽ 91,826 അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്. ഇതിൽ വിവരങ്ങൾ തിരുത്താനുള്ള 22,715 അപേക്ഷകളും പേരുകൾ നീക്കം ചെയ്യാനുള്ള 922 അപേക്ഷകളും ഉൾപ്പെടുന്നു.
ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ഒക്ടോബർ 29-നകം നടപടികൾ പൂർത്തിയാക്കുമെന്നും നവംബർ 4-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
---------------
Hindusthan Samachar / Roshith K