Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 സെപ്റ്റംബര് (H.S.)
മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി ശബരിമലയിലെ അരവണ വിതരണത്തിൽ കടുത്ത പ്രതിസന്ധി നിഴലിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനും ബോർഡ് പ്രസിഡന്റിനുമെതിരെ രൂക്ഷ വിമർശനവുമായി ദേവസ്വം മന്ത്രി കെ. മുരളിധരൻ. തീർഥാടന കാലയളവിൽ ആവശ്യമായ കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ ദേവസ്വം ബോർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മന്ത്രി ആരോപിച്ചു.
മണ്ഡലകാലത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആവശ്യത്തിന് അരവണ സ്റ്റോക്ക് ഉൽപ്പാദിപ്പിച്ചു സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലേല നടപടികളിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിലും വന്ന കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന സീസണിൽ അരവണ ക്ഷാമം ഉണ്ടാകുന്നത് ബോർഡിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്നും നിർണായക വിഷയങ്ങളിൽ ജാഗ്രത പുലർത്തുന്നതിൽ പ്രസിഡന്റും ഭരണസമിതിയും പരാജയപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിച്ച് മണ്ഡലകാലാരംഭത്തിന് മുൻപ് തന്നെ ആവശ്യത്തിന് അരവണ സ്റ്റോക്ക് ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിഷയത്തിൽ അടിയന്തര യോഗം വിളിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല നട അടച്ചിടുന്ന സമയങ്ങളിലാണ് സാധാരണയായി പ്ലാൻ്റിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത്തവണ നട തുറന്നിരുന്ന സമയത്ത് പ്ലാൻ്റ് അടച്ചിട്ട് നവീകരണം നടത്തിയത് വലിയ വീഴ്ചയാണ്. കന്നിമാസ പൂജയ്ക്കായി നട തുറന്നപ്പോൾത്തന്നെ അരവണ വിതരണത്തിൽ ഇത്രയും വലിയ പ്രതിസന്ധിയാണെങ്കിൽ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന മണ്ഡലകാലത്ത് എന്താകും അവസ്ഥയെന്ന് മന്ത്രി ചോദിച്ചു.
ഇത് മുൻകൂട്ടി കാണാൻ ബോർഡിന് സാധിക്കണമായിരുന്നു. ശബരിമലയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഭക്തരും പൊതുജനങ്ങളും ദേവസ്വം ബോർഡ് പ്രസിഡൻ്റിനെയല്ല, മറിച്ച് സർക്കാരിനെയും വകുപ്പ് മന്ത്രിയെയുമാണ് കുറ്റപ്പെടുത്തുക. അതിനാൽ ഇത്തരം കാര്യങ്ങളിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് നിലവിൽ ഒരു തീർഥാടകന് ഒരു ടിൻ അരവണ മാത്രമായി വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
പ്ലാൻ്റിൻ്റെ പുനർനിർമാണം കാരണം കഴിഞ്ഞ 20 ദിവസമായി നിർമാണം തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ കരുതൽ സ്റ്റോക്ക് 3.25 ലക്ഷം ടിന്നുകളിൽ നിന്ന് വെറും 25,000 ടിന്നുകളായി ചുരുങ്ങി. വിതരണത്തിൽ കടുത്ത നിയന്ത്രണം വന്നതോടെ സന്നിധാനത്ത് ഭക്തർ വലിയ രീതിയിൽ പ്രതിഷേധിക്കുകയും ഒടുവിൽ പൊലീസ് ഇടപെടുകയുമുണ്ടായി. എന്നാൽ പ്ലാൻ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണമാണ് ഉത്പാദനം തടസപ്പെട്ടതെന്നും മാസപൂജയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതാണ് പെട്ടെന്നുള്ള ക്ഷാമത്തിന് കാരണമായതെന്നുമാണ് ബോർഡ് വ്യക്തമാക്കുന്നത്.
അരവണ നിർമാണ പ്ലാന്റിന്റെ നിർമാണശേഷി വർധിപ്പിക്കുന്നു
ശബരിമല അരവണ നിർമാണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചിരുന്നു. പ്രതിദിന നിർമാണ ശേഷി 85,000 മുതൽ ഒരുലക്ഷം കണ്ടെയ്നർ വരെ വർധിപ്പിക്കാൻ സാധിക്കും. ഇതോടെ ആകെ നിർമാണ ശേഷി പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആകുമെന്നും അധികൃതർ പറഞ്ഞു.
നിലവിൽ രണ്ട് മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് പ്രതിദിന നിർമാണശേഷി. പുതുതായി 6 അരവണ പ്രിപ്പറേഷൻ പാൻ (വാർപ്പ്), രണ്ട് കൂളിങ് ചേമ്പറുകൾ, ഒരു ബോയിലർ എന്നിവയാണ് സ്ഥാപിക്കുന്നത്. നിലവിൽ 26 അരവണ പ്രിപ്പറേഷൻ പാൻ്റുകളും ആറ് കൂളിങ് ചേമ്പറുകളും ആറ് ബോയിലറുകളുമാണ് ശബരിമല അരവണ നിർമാണ പ്ലാന്റിലുള്ളത്. ഒക്ടോബർ മാസത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മണ്ഡല- മകര വിളക്ക് തീർഥാടന കാലത്തേക്കുള്ള അരവണ കരുതൽ ശേഖര നിർമാണം ആരംഭിക്കാനാകുമെന്നും അധികൃതർ അറിയിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR