തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ: കഴുതപ്പുലി കുഞ്ഞുങ്ങൾ ജനിച്ചു
Thiruvananthapuram, 20 സെപ്റ്റംബര് (H.S.) തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളായി ഹൈന (കഴുതപ്പുലി) കുഞ്ഞുങ്ങൾ എത്തി. സെപ്റ്റംബർ 13-നാണ് ഹൈന പ്രസവിച്ച വിവരം മൃഗശാലയിലെ കീപ്പർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞുങ്ങളുടെയും തള്ളയുടെയും സുരക്ഷ മുൻന
THIRUVANANTHAPURAM ZOO


Thiruvananthapuram, 20 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളായി ഹൈന (കഴുതപ്പുലി) കുഞ്ഞുങ്ങൾ എത്തി. സെപ്റ്റംബർ 13-നാണ് ഹൈന പ്രസവിച്ച വിവരം മൃഗശാലയിലെ കീപ്പർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.

കുഞ്ഞുങ്ങളുടെയും തള്ളയുടെയും സുരക്ഷ മുൻനിർത്തി ഉടൻതന്നെ അധികൃതർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു.

കൂട്ടിലുണ്ടായിരുന്ന ആൺ ഹൈനയെയും തൊട്ടടുത്ത കൂട്ടിൽ പാർപ്പിച്ചിരുന്ന മറ്റൊരു ജോഡി ഹൈനകളെയും ഓപ്പൺ എൻക്ലോഷറിൽനിന്ന് മാറ്റി ആനിമൽ ഹൗസിലേക്ക് പ്രവേശിപ്പിച്ചു. തള്ളയും കുഞ്ഞുങ്ങളും നിലവിൽ സുരക്ഷിതരായി നിരീക്ഷണത്തിലാണ്

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെ പ്രത്യേക നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. കാൻപുരിൽ നിന്നും കൊണ്ടുവന്ന ഹൈനകളാണ് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിലവിൽ രണ്ട് കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്നും കൂട്ടിനകത്തുള്ള ഒരു കുഴിയിലാണ് ഹൈന ഇവയെ പരിപാലിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ പാം സിവറ്റിൻ്റെ ശരീരത്തിൽ നിന്ന് ട്യൂമർ നീക്കം ചെയ്തു

അതേസമയം, തിരുവനന്തപുരം മൃഗശാലയിൽ 3.6 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്ത്യൻ പാം സിവറ്റിൻ്റെ ശരീരത്തിൽ നിന്ന് 185 ഗ്രാം ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. 2024 ൽ ഷിമോഗ മൃഗശാലയിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന രണ്ട് ജോഡി ഇന്ത്യൻ പാം സിവറ്റുകളിൽപ്പെട്ട ആൺ മൃഗത്തിൻ്റെ ശരീരത്തിലാണ് ട്യൂമർ കണ്ടെത്തിയത്. ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം മൃഗത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കഴുത്തിലെ പ്രധാന രക്തക്കുഴലായ ജഗുലാർ വെയിനിൻ്റെ തൊട്ടടുത്തായാണ് ട്യൂമർ ഉണ്ടായിരുന്നത്. അതിനാൽ രക്തക്കുഴലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഏറെ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നൽ പുറത്തേക്ക് കാണാത്ത രീതിയിൽ തൊലിക്കടിയിലൂടെയുള്ള ഇൻട്രാഡെർമൽ സ്യൂച്ചർ രീതിയാണ് മുറിവ് അടയ്ക്കാൻ ഉപയോഗിച്ചത്. അബർഡീൻ നോട്ടിങ് ആൻഡ് ബറിയറിങ് (Aberdeen knotting and burying) എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ തുന്നൽ പൂർണമായും തൊലിക്കടിയിൽ മറഞ്ഞിരിക്കുന്നതിനാൽ വന്യമൃഗങ്ങളിൽ മുറിവിലെ തുന്നൽ കടിച്ചുപൊട്ടിക്കാനുള്ള സാധ്യത കുറയ്ക്കാനും ശസ്ത്രക്രിയാനന്തര പരിചരണം എളുപ്പമാക്കാനും സാധിക്കും. മൃഗശാല വെറ്റിനറി സർജൻ ഡോ. നികേഷ് കിരൺ, ഹൗസ് സർജൻ ഡോ. മേഘ എം കുമാർ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജിജോ ബി എസ്, അനിൽ കുമാർ വി, കീപ്പർ അഖിൽ സി എന്നിവരാണ് ശസ്ത്രക്രിയാനന്തര പരിചരണം നടത്തുന്നത്.

നീക്കം ചെയ്ത ട്യൂമർ വിശദമായ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്കായി പാലോട് സ്റ്റോറ്റ് അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ട്യൂമർ സാർകോമയാകാനുള്ള സാധ്യതയാണ് നിലവിൽ സംശയിക്കുന്നത്. പരിശോധനാഫലം ലഭിച്ചശേഷം തുടർചികിത്സയും ആവശ്യമായാൽ കീമോതെറാപ്പിയും തീരുമാനിക്കും

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News