Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 സെപ്റ്റംബര് (H.S.)
സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും വിദ്യാർഥി രാഷ്ട്രീയത്തിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേരള സർവകലാശാലയുടെ നീക്കം. കാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖയിലാണ് ഈ നിർദേശങ്ങളുള്ളത്. ഹൈക്കോടതിയുടെ നിർദേശവും ചാൻസലറായ ഗവർണറുടെ കത്തുമാണ് ഇതിന്റെ അടിസ്ഥാനം.
സമരങ്ങൾക്കും ധർണകൾക്കും വിലക്ക്
കരട് നിർദേശപ്രകാരം കോളജുകളുടെ പരിധിക്കുള്ളിൽ വിദ്യാർഥികൾക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതിയുണ്ടാകില്ല. രാഷ്ട്രീയ പാർട്ടികളുടെ നിർദേശപ്രകാരമോ സ്വതന്ത്രമായോ നടത്തുന്ന സമരങ്ങൾ, ധർണകൾ, ഉപരോധങ്ങൾ എന്നിവയും കാമ്പസിൽ അനുവദിക്കില്ല.ക്ലാസ് മുറികൾ, ഓഫീസുകൾ, മറ്റ് കാമ്പസ് പരിസരങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനും നിയന്ത്രണമുണ്ടാകും. നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുറമെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണവും രാഷ്ട്രീയ സംഘാടനവും നിരോധിക്കുന്ന വ്യവസ്ഥയും കരടിലുണ്ട്.
വിദ്യാർഥികൾക്ക് 5,000 രൂപ; പാർട്ടിക്ക് 10,000
നിയമലംഘനം നടത്തുന്ന വിദ്യാർഥികൾക്കെതിരെ വിവിധ തരത്തിലുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് കരടിൽ നിർദേശിച്ചിരിക്കുന്നത്. താക്കീത് നൽകുന്നതിനു പുറമെ സസ്പെൻഷൻ, ടിസി നൽകി ഒഴിവാക്കൽ, സ്ഥാപനത്തിൽനിന്ന് പുറത്താക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കാം.
ഇതിന് പുറമെ സാമ്പത്തിക പിഴയും ഈടാക്കും. നിയമലംഘനം നടത്തുന്ന വിദ്യാർഥിക്ക് കുറഞ്ഞത് 5,000 രൂപയും വിദ്യാർഥിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് 10,000 രൂപയും പിഴ ചുമത്താനാണ് നിർദേശം. പിഴത്തുക അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ടാകും.
കോളജ് തലത്തിൽ ചട്ടങ്ങൾ നടപ്പാക്കുന്നതിനും നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പലിനാണ് നിർദേശിച്ചിരിക്കുന്നത്. സർവകലാശാലാ കാമ്പസുകളിൽ വൈസ് ചാൻസലർക്കും ഇതുമായി ബന്ധപ്പെട്ട അധികാരം നൽകും.കാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ സംഘർഷങ്ങളും പഠനാന്തരീക്ഷത്തെ ബാധിക്കുന്ന സംഭവങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് കരട് മാർഗരേഖയ്ക്ക് പിന്നിലെ വിശദീകരണം.'ഔദ്യോഗിക രേഖയല്ല'അതേസമയം, സിൻഡിക്കേറ്റ് തയാറാക്കിയ നിർദേശങ്ങൾ നിലവിൽ കരട് ഘട്ടത്തിൽ മാത്രമാണെന്നും അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. കാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകളുടെ ഭാഗമായാണ് നിർദേശങ്ങൾ തയ്യാറാക്കിയതെന്നും തുടർചർച്ചകൾക്കും പരിശോധനകൾക്കും ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ വിദ്യാർഥി രാഷ്ട്രീയത്തിന് ഏർപ്പെടുത്തുമെന്ന് പറയുന്ന നിയന്ത്രണങ്ങളും പിഴ ഉൾപ്പെടെയുള്ള നടപടികളും ഇപ്പോൾ പ്രാബല്യത്തിലുള്ള ചട്ടങ്ങളല്ല.വിമർശനവുമായി പിണറായി വിജയൻവിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമർശനമുന്നയിച്ചിട്ടുള്ളത്. സർവകലാശാല ക്യാമ്പസിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താൻ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയർന്നുവന്ന വിദ്യാർഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവർ അതിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണ്.18 വയസ്സ് തികയുന്ന ഒരു പൗരന് രാജ്യത്തിൻ്റെ ഭരണം നിർണയിക്കാനും സർക്കാരുകളെ തിരഞ്ഞെടുക്കാനുമുള്ള വോട്ടവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. രാജ്യത്തിൻ്റെ ഭാവി നിർണയിക്കാനായി വോട്ട് ചെയ്യാൻ പ്രാപ്തിയുള്ള യുവത്വത്തിന്, തങ്ങൾ പഠിക്കുന്ന കലാലയങ്ങളിൽ രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കാനും സംഘടിക്കാനും പ്രതികരിക്കാനും അവകാശമില്ല എന്ന വാദം ഭരണഘടനാ വിരുദ്ധവും തികഞ്ഞ അരാഷ്ട്രീയതയുമാണ്.സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ രാജ്യത്തിൻ്റെ സാമൂഹിക രാഷ്ട്രീയ വികാസത്തിൽ കലാലയങ്ങളും വിദ്യാർഥി പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം മുതൽ സ്വതന്ത്ര ഇന്ത്യയിലെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകൾ വരെ എല്ലാ നിർണായക ഘട്ടങ്ങളിലും വിദ്യാർഥി സമൂഹം മുൻപന്തിയിൽ നിന്ന് പോരാടിയിട്ടുണ്ട്. പലഘട്ടങ്ങളിലും രാജ്യത്തിൻ്റെ രാഷ്ട്രീയഗതിയെ നിർണയിക്കുന്നതിൽ വരെ ക്യാമ്പസുകൾ ഉൽപ്രേരകങ്ങളായിട്ടുണ്ട്. അത്തരം ചരിത്രപരമായ പാരമ്പര്യമുള്ള ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളെ പാടെ നിരോധിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല.ക്യാമ്പസുകളെ ആശയ സംവാദങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളാക്കി നിലനിർത്തേണ്ടത് ജനാധിപത്യ സമൂഹത്തിൻ്റെ ആവശ്യമാണ്. വിദ്യാർഥികളുടെ ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്ന ഇത്തരം ഉത്തരവുകൾക്കെതിരെ പൊതുസമൂഹം രംഗത്തുവരണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR