Enter your Email Address to subscribe to our newsletters

Kasarkod, 20 സെപ്റ്റംബര് (H.S.)
കാസർകോട്: ഉപ്പള ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങും മർദ്ദനവും. നിസ്സാര കാര്യങ്ങൾ ആരോപിച്ചുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥികളായ പതിനാലംഗ സംഘം ചേർന്ന് അഞ്ച് പ്ലസ് വൺ വിദ്യാർത്ഥികളെ അതിക്രൂരമായി തല്ലിച്ചതച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിൽ ഷൂ ധരിച്ച് വന്നുവെന്നും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടുവെന്നും ആരോപിച്ചായിരുന്നു സീനിയർ വിദ്യാർത്ഥികളുടെ അതിക്രമം. സ്കൂൾ സമയത്തിന് ശേഷവും ഇടവേളകളിലുമായി വിദ്യാർത്ഥികളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിപ്പിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ചോദ്യം ചെയ്തവരെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മർദ്ദനത്തിൽ മുഖത്തും ശരീരത്തിലും സാരമായി പരിക്കേറ്റ കുട്ടികൾ ഭയം കാരണം ആദ്യം വിവരം പുറത്തുപറയാൻ മടിച്ചെങ്കിലും പിന്നീട് വീട്ടുകാരെയും സ്കൂൾ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പരിക്കേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പോലീസിലും സ്കൂൾ പ്രിൻസിപ്പലിനും രേഖാമൂലം പരാതി നൽകി. റാഗിങ് നിരോധന നിയമപ്രകാരം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കാമ്പസിനകത്ത് ഇത്തരം അക്രമവാസനകൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.
പരാതി ഉയർന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതർ അടിയന്തരമായി ആന്റി-റാഗിങ് കമ്മിറ്റി യോഗം വിളിച്ചുചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസിന് ആവശ്യമായ റിപ്പോർട്ട് കൈമാറുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റക്കാരായ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്നും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. വിദ്യാലയങ്ങളിൽ റാഗിങ് പൂർണ്ണമായും തടയാൻ കർശന മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെയാണ് സ്കൂൾ തലത്തിൽ തന്നെ ഇത്തരമൊരു ക്രൂരമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K