കലാലയ രാഷ്ട്രീയം വിലക്കാൻ തീരുമാനമില്ല; പുറത്തുവന്നത് ചർച്ചയ്ക്കുള്ള കരട് രേഖ മാത്രം: മന്ത്രി റോജി എം. ജോൺ
Thiruvananthapuram , 20 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ യാതൊരുവിധ തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. വിഷയത്തിൽ നിലവി
കലാലയ രാഷ്ട്രീയം വിലക്കാൻ തീരുമാനമില്ല; പുറത്തുവന്നത് ചർച്ചയ്ക്കുള്ള കരട് രേഖ മാത്രം: മന്ത്രി റോജി എം. ജോൺ


Thiruvananthapuram , 20 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ യാതൊരുവിധ തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. വിഷയത്തിൽ നിലവിൽ നടക്കുന്നത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം വിഷയം പരിശോധിക്കാൻ രൂപീകരിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ ആഭ്യന്തര ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ പ്രാഥമിക രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ സർവ്വകലാശാല നീക്കം നടത്തുന്നുവെന്ന തരത്തിലുള്ള മാധ്യമ വാർത്തകളോടും രാഷ്ട്രീയ ആരോപണങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന സമീപനമാണ് ചിലർ സ്വീകരിക്കുന്നത്. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സർവ്വകലാശാല സിൻഡിക്കേറ്റിന്റെ ഒരു ഉപസമിതിയെ വിഷയം പരിശോധിക്കാൻ ചുമതലപ്പെടുത്തിയത്. ആ ഉപസമിതിയുടെ പരിഗണനയ്ക്കും ചർച്ചയ്ക്കുമായി നിയമ സമിതി തയ്യാറാക്കി നൽകിയ ഒരു കരട് രേഖ മാത്രമാണിത്. അത് സർവ്വകലാശാലയുടെയോ സർക്കാരിന്റെയോ ഔദ്യോഗിക തീരുമാനമല്ല, മന്ത്രി വിശദീകരിച്ചു.

ക്യാമ്പസുകളിൽ ആരോഗ്യകരമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതോ കലാലയ രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടുന്നതോ ആയ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് ജനാധിപത്യപരമായ കൂടിയാലോചനകൾ അനിവാര്യമാണ്.

നിലവിൽ തയ്യാറാക്കപ്പെട്ട കരട് രേഖ വിവിധ വിദ്യാർത്ഥി സംഘടനകൾക്ക് അയച്ചുകൊടുക്കുമെന്നും, അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആശങ്കകളും പൂർണ്ണമായി കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തുന്ന വിശദമായ ചർച്ചകൾക്ക് ശേഷം സമവായത്തിലൂടെ മാത്രമേ ഏതൊരു നയപരമായ കാര്യത്തിലും അന്തിമ തീരുമാനമെടുക്കൂ. സിൻഡിക്കേറ്റ് ഉപസമിതിയും പിന്നീട് പൂർണ്ണ സിൻഡിക്കേറ്റും വിഷയം പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ അത് സർവ്വകലാശാലയുടെ നിലപാടായി മാറൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ രാഷ്ട്രീയ നേട്ടത്തിനായി വിവാദങ്ങൾ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. വസ്തുതകൾ ഇതായിരിക്കെ, സർവ്വകലാശാല വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ പൊതുസമൂഹവും വിദ്യാർത്ഥികളും വഞ്ചിതരാകരുതെന്നും മന്ത്രി റോജി എം. ജോൺ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News