Enter your Email Address to subscribe to our newsletters

Kalpetta, 20 സെപ്റ്റംബര് (H.S.)
കൽപ്പറ്റ: വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്ന മാധ്യമസ്ഥാപന ഉടമ ആന്റോ അഗസ്റ്റിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസിൽ, വാഴവറ്റ കാരാപ്പുഴയിലുള്ള മൂങ്ങനാനിയേൽ എന്ന വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റെ പേരിലുള്ളതാണെന്നുമാണ് ആന്റോ അഗസ്റ്റിൻ കോടതിയിൽ അടക്കം ആവർത്തിച്ച് വാദിച്ചിരുന്നത്. എന്നാൽ, ഈ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നതാണ് ജിഎസ്ടി ഇന്റലിജൻസിന് മുൻപാകെ അദ്ദേഹം നൽകിയ മൊഴിയിലെ വിവരങ്ങൾ.
കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനിക്ക് മുൻപാകെ ആഗസ്റ്റ് മൂന്നിന് നൽകിയ ഔദ്യോഗിക മൊഴിയിലാണ് ആന്റോ അഗസ്റ്റിൻ സ്വന്തം വിലാസമായി ഈ വീടിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പിലും പണമിടപാടുകളിലും അന്വേഷണം നടത്തുന്ന ജിഎസ്ടി സംഘത്തിന് മുന്നിലാണ് അദ്ദേഹം ഈ വിശദാംശങ്ങൾ നൽകിയത്.
മൊഴിയിലെ വിലാസം വാഴവറ്റയിലെ വീട് തന്നെ
ജിഎസ്ടി വകുപ്പിന് സമർപ്പിച്ച ഔദ്യോഗിക മൊഴിരേഖയിൽ ആന്റോ അഗസ്റ്റിൻ (വയസ്സ് 38), സൺ ഓഫ് അഗസ്റ്റിൻ, മൂങ്ങനാനിയേൽ, വാഴവറ്റ പോസ്റ്റ്, വയനാട് എന്നാണ് സ്വന്തം മേൽവിലാസം കൃത്യമായി നൽകിയിട്ടുള്ളത്. അബ്കാരി കേസിലെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കോടതിയിൽ വീട് തന്റേതല്ലെന്ന് വാദിക്കുമ്പോഴാണ്, മറ്റൊരു സർക്കാർ അന്വേഷണ ഏജൻസിക്ക് നൽകിയ ഔദ്യോഗിക മൊഴിയിൽ അതേ വീട്ടുപേര് തന്നെ സ്ഥിര താമസസ്ഥലമായി ആന്റോ അഗസ്റ്റിൻ നൽകിയിരിക്കുന്നത്.
മുൻപും വാദം പൊളിച്ച് തെളിവുകൾ
ആന്റോ അഗസ്റ്റിന്റെ വാദങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്നത് ഇതാദ്യമായല്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും ഇയാളുടെ വാദങ്ങളെ ഖണ്ഡിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു:
-
മുട്ടിൽ ഗ്രാമപഞ്ചായത്തിൽ മാർച്ച് 18-ന് വീട്ടുനികുതി അടച്ചത് ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണെന്ന നികുതി രസീതുകൾ നേരത്തെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
-
ഇയാളെ അറസ്റ്റ് ചെയ്ത ദിവസം പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റിലും വീട് ആന്റോയുടേതാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉണ്ടായിരുന്നു.
-
ഇതിനു പിന്നാലെയാണ് ഇപ്പോൾ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് മുന്നിൽ രേഖാമൂലം നൽകിയ മൊഴിയും പുറത്തുവന്നിരിക്കുന്നത്.
മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റെ പേരിലുള്ളതാണെന്നും വരുത്തിത്തീർത്ത് കേസിലെ ക്രിമിനൽ ബാധ്യതകളിൽ നിന്ന് തലയൂരാൻ നടത്തിയ നീക്കങ്ങൾക്ക് തിരിച്ചടിയാണ് പുതിയ കണ്ടെത്തൽ. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളും മറ്റ് നികുതി രേഖകളും കേസന്വേഷണത്തിൽ ആന്റോ അഗസ്റ്റിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
---------------
Hindusthan Samachar / Roshith K