സംസ്ഥാനത്ത് പലയിടത്തും മലവെള്ളപ്പാച്ചിലും ഉരുള്പൊട്ടലും; 6 മരണം
Thiruvanathapuram, 21 സെപ്റ്റംബര്‍ (H.S.) സംസ്ഥാനത്ത് അപ്രതീക്ഷിതമായി കനത്ത മഴ. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ഇതുവരെ മഴക്കെടുതിയില്‍ 6 മരണം റിപ്പോര്‍ട്ട് ചെയ്തു. . 4 പേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമ
Red Alert Issued in Telangana as IMD Warns of Heavy Rain and Thunderstorms


Thiruvanathapuram, 21 സെപ്റ്റംബര്‍ (H.S.)

സംസ്ഥാനത്ത് അപ്രതീക്ഷിതമായി കനത്ത മഴ. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ഇതുവരെ മഴക്കെടുതിയില്‍ 6 മരണം റിപ്പോര്‍ട്ട് ചെയ്തു. . 4 പേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. സംസ്ഥാനത്ത് ഇന്നും കനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാര്‍ വട്ടവടയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍, കൃഷിയിടത്തിലെ ഷെഡില്‍ ഇരുന്ന 2 പേര്‍ മണ്ണിനടിയില്‍പെട്ടു മരിച്ചു. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. വട്ടവട കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ അമ്മന്‍കോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണന്‍ പെരുമാള്‍ (51), അയല്‍വാസി സി. ചിന്നമ്മാള്‍ (ചിന്നു-38) എന്നിവരാണു മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതരമായി പരുക്കേറ്റ് മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു സംഭവം. ബാലകൃഷ്ണന്റെ വീട്ടില്‍നിന്നു 100 മീറ്റര്‍ മാത്രം അകലെയുള്ള കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു മൂന്നു പേരും. മഴ കനത്തതോടെ മൂന്നുപേരും ഷെഡില്‍ കയറിയിരുന്നു. ഇതിനിടെയാണ് 20 അടി ഉയരത്തില്‍നിന്നു മണ്ണിടിഞ്ഞു ഷെഡിനു മുകളിലേക്കു പതിച്ചത്. നന്ദിനി, യോഗേഷ്, വിജയലക്ഷ്മി എന്നിവരാണ് മരിച്ച ബാലകൃഷ്ണന്റെ മക്കള്‍. കൊട്ടാക്കമ്പൂര്‍ സ്വദേശി ചിന്നമണിയുടെ ഭാര്യയാണ് മരിച്ച ചിന്നമ്മാള്‍. മക്കള്‍: സ്‌നേഹ, വിഷ്ണു.

മലപ്പുറത്ത് ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ 2 പേര്‍ മരിച്ചു. 4 പേരെ കാണാതായി. മരിച്ചവരിലൊരാള്‍ തിരൂര്‍ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മാങ്ങാടന്‍ അനസാണെന്ന് (27) തിരിച്ചറിഞ്ഞു. 60 വയസ്സു തോന്നിക്കുന്ന പുരുഷനാണ് രണ്ടാമത്തെയാള്‍. കാണാതായവരില്‍ 3 പേര്‍ വിനോദ സഞ്ചാരികളാണെന്നാണു വിവരം. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) കാണാതായവരില്‍ ഉള്‍പ്പെടുന്നു. പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെയാണ് സജിത ഒഴുക്കില്‍പ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു ദുരന്തം. അവധി ദിവസമായതിനാല്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ പുഴയില്‍ കുളിക്കാനെത്തിയിരുന്നു. മഴയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഉള്‍വനത്തില്‍ കനത്ത മഴ പെയ്തതിനെത്തുടര്‍ന്നു നിമിഷനേരം കൊണ്ടാണു മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാര്‍ അപായ മുന്നറിയിപ്പു നല്‍കി ഒട്ടേറെപ്പേരെ കരയ്ക്കു കയറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളം കുതിച്ചെത്തിയതോടെ കരയ്ക്കു കയറാന്‍ കഴിയാതിരുന്ന നാല്‍പതോളം പേര്‍ പലയിടങ്ങളില്‍ പാറപ്പുറത്തു കുടുങ്ങി. കയറും വടവും എറിഞ്ഞു കൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന്് 5 കിലോമീറ്റര്‍ അകലെ പൊട്ടിക്കല്ല് തടയണയ്ക്കു താഴെ ഭാഗത്തുനിന്നാണ് 60 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

കോട്ടയത്ത് മലയോര മേഖലയിലുണ്ടായ കനത്ത മഴയില്‍ 2 പേര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പെരിങ്ങുളത്ത് വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഉറവപ്ലാവില്‍ ചേലകാട്ട് ജോസഫും (അപ്പച്ചന്‍-80) ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ കല്‍ക്കെട്ട് ഇടിഞ്ഞു വീണ്, സ്‌കൂട്ടര്‍ യാത്രികയായ ചെന്നൈ ജവാഹര്‍ നഗര്‍ സ്വദേശി സംഗീത അരുള്‍ലാലുമാണ് (35) മരിച്ചത്.

പെരിങ്ങുളത്ത് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണു സംഗീതയും കൂട്ടുകാരിയും വൈകിട്ട് അഞ്ചരയോടെ അപകടത്തില്‍പെട്ടത്. ഇവരുടെ സ്‌കൂട്ടറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News