Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 21 സെപ്റ്റംബര്‍ (H.S.)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ നേപ്പാളില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'വിസ്‌പേഴ്‌സ് ഓഫ് ദ വിന്‍ഡ്: വോയ്‌സസ് ഓഫ് നേപ്പാള്‍' എന്ന ഈ വിഭാഗത്തില്‍ 2025, 26 വര്‍ഷങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫുട്‌ബോളിലൂടെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന എഴുപതുകാരിയായ മായാദേവിയുടെയും കൊച്ചുമകന്റെയും കഥയാണ് 'ഐ ഹാവ് ബിക്കം എ റോഡോഡെന്‍ഡ്രന്‍'. സഫല്‍ പാണ്ഡെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുത്തച്ഛനെയും മുത്തശ്ശിയെയും, കാണാതായ ഒരു ട്രെയിനിനെയും ഓര്‍മ്മകളില്‍നിന്നു വീണ്ടെടുക്കുകയാണ് ദീപാലി ശ്രേഷ്ഠയുടെ 'ഐ വില്‍ ബി ബാക്ക് വിത്ത് എ പെന്‍'. 42കാരിയായ താര എന്ന ബോഡി ബില്‍ഡറുടെ ജീവിതമാണ് 'മൈ മം ഈസ് എ ബോഡി ബില്‍ഡര്‍' വരച്ചിടുന്നത്. പ്രഷന്ന ശാക്യയാണ് ചിത്രത്തിന്റെ സംവിധായകന്‍. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ന്യൂവാര്‍ സംഗീത, നൃത്ത പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ നന്ദ ബഹദൂര്‍ മഹര്‍ജന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുകയാണ് അമാന്‍ ഷാഹി സംവിധാനം ചെയ്ത 'നന്ദ'. അച്ഛനും രണ്ട് മക്കളുമടങ്ങുന്ന രണ്ടു തലമുറകളിലെ ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതം പറയുകയാണ് തരംഗ സംവിധാനം ചെയ്ത 'സവാരി സാഹിത്യ'.
മേളയില്‍ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്താം.
---------------
Hindusthan Samachar / Sreejith S