അപ്പാര്ട്ട്മെന്റിലെ പൂളില് വീണ് ആറുവയസ്സുകാരന് മരണപ്പെട്ട സംഭവം; വീഴ്ച സംഭവിച്ചെന്ന് ബാലാവകാശ കമ്മീഷന്
Kochi, 21 സെപ്റ്റംബര്‍ (H.S.) കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പുറകുവശത്തുള്ള കെന്റ് ഹെയില്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ആറ് വയസ്സുകാരന്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍
Kerala state Commission for protection of child rights


Kochi, 21 സെപ്റ്റംബര്‍ (H.S.)

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പുറകുവശത്തുള്ള കെന്റ് ഹെയില്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ആറ് വയസ്സുകാരന്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അപകടസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷന്‍ അംഗം കെ. കെ. ഷാജുവിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഫ്‌ലാറ്റിലെത്തി പരിശോധന നടത്തി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉല്ലാസ് മധു, അംഗം ജിന്‍സിമോള്‍ കുര്യന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഡോ. ജയന്തി പി. നായര്‍, എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. മനോജ് എം. എന്നിവരും മറ്റ് ഉദ്യോഗസ്ഥരും കമ്മീഷന്‍ അംഗത്തോടൊപ്പം ഉണ്ടായി.

അപകടം നടന്ന സ്വിമ്മിംഗ് പൂളും പരിസരപ്രദേശങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കിയ സംഘം, കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും പരിപാലനമില്ലാതെയും പൂള്‍ നിലനിര്‍ത്തിയതില്‍ അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്നും പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. വിഷയത്തില്‍ പോലീസിനോട് വിശദവും കാര്യക്ഷമവുമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് 17-ന് നടന്ന ദാരുണ സംഭവവും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കേവലം ഒരു അപകടമരണമായി മാത്രം കാണുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സംസ്ഥാനത്തെ വിവിധ ഫ്‌ലാറ്റുകളില്‍ ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകള്‍ ഉണ്ടോയെന്നും അതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്നും കര്‍ശനമായി പരിശോധിക്കേണ്ടതുണ്ട്. അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഫ്‌ലാറ്റുകളില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തുടര്‍ന്ന്, മരണപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദര്‍ശിച്ച സംഘം അവരെ ആശ്വസിപ്പിക്കുകയും കേസിനാസ്പദമായ വിവരങ്ങളും പരാതിയും ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്നുണ്ടാകുന്ന നിയമനടപടികളെക്കുറിച്ച് കുടുംബത്തിന് വ്യക്തത നല്‍കിയ കമ്മീഷന്‍, കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സൈക്കോ-സോഷ്യല്‍ പിന്തുണ (Psycho-social intervention) ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി പരാതിക്കാരെയും, പോലീസ് ഉദ്യോഗസ്ഥരെയും, ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഔദ്യോഗിക ഹിയറിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News