Enter your Email Address to subscribe to our newsletters

Kanyakumari, 21 സെപ്റ്റംബര് (H.S.)
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ തീർപ്പിന് സമീപം കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ പിടിയിലായി. ഏകദേശം 300 കിലോയോളം ഭാരമുള്ള കൂറ്റൻ മുതലയെയാണ് വനംവകുപ്പിന്റെ പ്രത്യേക സംഘം വിദഗ്ദ്ധമായി വലയിലാക്കിയത്. മാസങ്ങൾ നീണ്ട ജനങ്ങളുടെ ആശങ്കകൾക്കും ഭീതിക്കുമാണ് ഇതോടെ വിരാമമായിരിക്കുന്നത്.
ഏഴ് മാസം മുൻപാണ് കോതയാറ്റിൽ ഈ കൂറ്റൻ മുതലയുടെ സാന്നിദ്ധ്യം ആദ്യമായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ആറ്റിൽ പലയിടങ്ങളിലായി മുതല നീന്തിനടക്കുന്നതിന്റെയും തീരത്തോട് ചേർന്ന് വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശത്താകെ വലിയ ഭീതി പടർന്നു. പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾ, കുളിക്കാനും അലക്കാനുമായി ആറ്റിലിറങ്ങുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവർ മുതലയുടെ സാന്നിദ്ധ്യം കാരണം കടുത്ത ദുരിതത്തിലായിരുന്നു. ആറ്റിലിറങ്ങാൻ ഭയന്ന് നാട്ടുകാർ പലരും നിത്യജീവിത കാര്യങ്ങൾ പോലും മാറ്റിവെക്കുന്ന അവസ്ഥയിലെത്തി.
ജനങ്ങളുടെ പ്രതിഷേധവും പരാതിയും ശക്തമായതോടെ തമിഴ്നാട് വനംവകുപ്പ് മുതലയെ പിടികൂടാൻ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുകയായിരുന്നു. മുതല സ്ഥിരമായി എത്തുന്ന പുഴയുടെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തി. പുഴയിലെ ഒഴുക്കും ആഴവും മുതലയുടെ വലിപ്പവും ദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീർപ്പിന് സമീപത്തെ കോതയാറ്റിൽ വനംവകുപ്പ് സ്ഥാപിച്ച വലിയ വലയിലാണ് ഒടുവിൽ മുതല കുടുങ്ങിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രത്യേക സംഘം ഏറെ പണിപ്പെട്ടാണ് മുതലയെ സുരക്ഷിതമായി കരയിലേക്ക് കയറ്റിയത്. നൂറുകണക്കിന് ആളുകളാണ് മുതലയെ കാണാൻ സ്ഥലത്ത് തടിച്ചുകൂടിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുതലയെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലേക്ക് മാറ്റി. മൃഗഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, മുതലയെ മനുഷ്യവാസമില്ലാത്ത അനുയോജ്യമായ വനമേഖലയിലെ ജലാശയത്തിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മുതലയെ പിടികൂടിയതോടെ മാസങ്ങളായി തുടർന്നിരുന്ന ഭീതിയിൽ നിന്നും മുക്തരായ ആശ്വാസത്തിലാണ് നാട്ടുകാർ.
---------------
Hindusthan Samachar / Roshith K