Enter your Email Address to subscribe to our newsletters

Malappuram, 21 സെപ്റ്റംബര്‍ (H.S.)
മലപ്പുറം ചോക്കാട് ടികെ കോളനിയില്‍ കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതുവരെ 5 മൃതദ്ദേഹങ്ങളാണ് കണ്ടെത്തിയത്ആയി. ഇന്ന് വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജാദ് (23), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കല്‍ റഹീം (30) എന്നിവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാടന്‍ ഹമീദിന്റെ മകന്‍ അനസ് യാസീന്‍ (25), തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ് കുട്ടി (65) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ തന്നെ കിട്ടിയിരുന്നു.
കണ്ടെത്തിയതില്‍ ഒരു മൃതദേഹം തിരിച്ചറിയാനുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസിയായ സജിത എന്ന സ്ത്രീയും ഒഴുക്കില്‍പ്പെട്ടതായി സൂചനയുണ്ട്. ഞായര്‍ വൈകിട്ട് 5 മണിയോടെയാണ് കോഴിപ്ര മലവാരത്തില്‍ പെയ്ത ശക്തമായ മഴയില്‍ കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ദുരന്തമുണ്ടായ മേഖല സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി യാത്ര തിരിച്ചു. പൂക്കോട്ടുംപാടം ടി.കെ കോളനി മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി അപകടത്തില്‍ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ എന്നിവര്‍ രാത്രി തന്നെ സ്ഥലത്ത് എത്തി. രാവിലെ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും മുഴുവന്‍ പേരെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും എ.പി. അനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ വിഗ്‌നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളില്‍ എസ്.എം.എസ് അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഒഴിപ്പിക്കല്‍ നടപടി അടക്കം സ്വീകരിക്കാന്‍ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലമ്പൂര്‍ അമരമ്പലം ടി.കെ കോളനിയില്‍ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയില്‍ വിന്യസിക്കാന്‍ മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S