Enter your Email Address to subscribe to our newsletters

Kerala, 21 സെപ്റ്റംബര്‍ (H.S.)
ഐഐടി ബോംബെയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് പരിഹാരം. വിദ്യാര്‍ത്ഥികള്‍ കടുത്ത് പ്രതിഷേധം ഉയര്‍ത്തിയതോടെ അധികൃതര്‍ മുട്ടുമടക്കി. വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. 18 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഐഐടി ഡയറക്ടര്‍ പ്രൊഫ. ശിരീഷ് കേദാരെ ഒപ്പുവെച്ചു. ഇതോടെയാണ് പ്രതിഷേധത്തിന് അയവുവന്നത്.
ഐഐടിയുടെ പധാന കവാടത്തിന് മുന്നില്‍ മൂന്ന് ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിവന്ന ഉപരോധ സമരത്തിനും മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും ശേഷമാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഡയറക്ടര്‍ അവകാശ പത്രികയില്‍ ഒപ്പുവെച്ചത്. ഇതോടെ പ്രതിഷേധം പിന്‍വലിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 18-ന് രണ്ടാം വര്‍ഷ എനര്‍ജി സയന്‍സ് വിദ്യാര്‍ഥിയായ സാഹില്‍ വാക്കോഡെയെ (22) ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. സാഹിലിന് അധ്യാപകനില്‍നിന്ന് ജാതിയധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നതായി സാഹിലിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫ. ദൂല്ലയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും എസ്സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണം നിലവില്‍ മുംബൈ ക്രൈംബ്രാഞ്ചിനാണ്.
സാഹിലിന്റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുക, മാനസികാരോഗ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈക്യാട്രിസ്റ്റ് സേവനം ലഭ്യമാക്കുക, പ്രൊഫസര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം നടപ്പിലാക്കുക, മാനസികാരോഗ്യ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക, സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ഇതനുസരിച്ച്, സെപ്റ്റംബര്‍ 26-നകം ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള രേഖാമൂലമുള്ള പദ്ധതി സമര്‍പ്പിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഡയറക്ടര്‍ രാജി വെക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S