Enter your Email Address to subscribe to our newsletters

Kochi, 21 സെപ്റ്റംബര് (H.S.)
കൊച്ചി: ലോകകപ്പ് ജേതാവ് ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സർവീസ് ടാക്സ് (ജിഎസ്ടി) അടയ്ക്കാനാകില്ലെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ. ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന് നൽകിയ മൊഴിയിലാണ് ആന്റോ അഗസ്റ്റിൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മെസ്സി കേരളത്തിൽ വന്നാലും ഇല്ലെങ്കിലും ജിഎസ്ടി നൽകില്ലെന്നാണ് അദ്ദേഹത്തിന്റെ വിചിത്രമായ വാദം.
എന്നാൽ ഈ വാദങ്ങളെല്ലാം നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജിഎസ്ടി ഉദ്യോഗസ്ഥർ തള്ളി.
മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നതും കൊണ്ടുവരുന്നതും സംസ്ഥാന സർക്കാരാണെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (RBC) ഈ പരിപാടിയുടെ സ്പോൺസർ മാത്രമാണെന്നുമാണ് ആന്റോയുടെ പ്രധാന വാദം. സ്പോൺസർ എന്ന നിലയിൽ കമ്പനി നൽകുന്ന സേവനം പൂർണമായും സംസ്ഥാന സർക്കാരിനാണ്. അതിനാൽ ആർബിസി ജിഎസ്ടി അടയ്ക്കേണ്ട യാതൊരു നിയമപരമായ ബാധ്യതയുമില്ലെന്ന് അദ്ദേഹം മൊഴി നൽകി. മെസ്സിയെ കൊണ്ടുവരുന്നതിൽ തങ്ങൾക്ക് നേരിട്ട് പങ്കാളിത്തമില്ലെന്നും പദ്ധതിയുടെ പൂർണ നിയന്ത്രണം സർക്കാരിനാണെന്നുമാണ് വിശദീകരണം.
മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിദേശ കമ്പനിക്ക് നൽകിയ 126 കോടി രൂപയെക്കുറിച്ചും ആന്റോ അഗസ്റ്റിൻ മൊഴിയിൽ പരാമർശിക്കുന്നുണ്ട്. ഈ തുക ഒരു 'മൂലധനച്ചിലവ്' (Capital Expenditure) മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതൊരു വിദേശ നിക്ഷേപമോ മൂലധന നിക്ഷേപമോ ആയതിനാൽ ഇതിന് സേവന നികുതി ബാധകമല്ലെന്നാണ് ആന്റോയുടെ കണ്ടെത്തൽ. മാത്രമല്ല, മെസ്സി വന്നാലും ഇല്ലെങ്കിലും ഈ ഇടപാടിൽ സർക്കാരിന് നികുതി നൽകാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ആന്റോ അഗസ്റ്റിൻ ഉന്നയിച്ച വാദങ്ങളെല്ലാം നികുതി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ജിഎസ്ടി അധികൃതർ വ്യക്തമാക്കി. വിദേശ ഏജൻസികൾക്ക് സേവനങ്ങൾക്കായി പണം കൈമാറുമ്പോൾ ഇന്ത്യയിലെ നിലവിലെ ചട്ടങ്ങൾ പ്രകാരം റിവേഴ്സ് ചാർജ് മെക്കാനിസം (RCM) വഴി നികുതി അടയ്ക്കാൻ സ്പോൺസർമാരോ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളോ ബാധ്യസ്ഥരാണ്. പണം വിദേശത്തേക്ക് പോയത് വിനോദ-വാണിജ്യ സേവനങ്ങൾക്കാണെന്നിരിക്കെ, അതിനെ കേവലം മൂലധനച്ചിലവായി ചിത്രീകരിച്ച് നികുതിവെട്ടിപ്പ് നടത്താൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ നിലപാടെടുത്തു.
കേരള സർക്കാരിന്റെ പേര് മുൻനിർത്തി സ്വകാര്യ ഏജൻസികൾ നടത്തുന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളിൽ ജിഎസ്ടി വകുപ്പ് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും ഇടപാടുകളുടെ ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K