Enter your Email Address to subscribe to our newsletters

Sabarimala, 21 സെപ്റ്റംബര്‍ (H.S.)
ശബരിമലയില്‍ അരവണ പ്രതിസന്ധി രൂക്ഷം. ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെയാണ് അരവണ പ്രതിസന്ധി അതിരൂക്ഷം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം 15,000 ആണ്. സ്‌പോട്ട് ബുക്കിംഗ് കൂടിയാകുമ്പോള്‍ 17,000ത്തിലധികം ആളുകള്‍ ദര്‍ശനത്തിന് എത്തും. ഇതോടെ ഭക്തര്‍ക്ക് അരവണ ഇല്ലാതെ മടങ്ങേണ്ട അവസ്ഥയാണ്.
ഒരാള്‍ക്ക് ഒരു ടിന്‍ അരവണ എന്ന നിയന്ത്രണം കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു. ഇതില്‍ തന്നെ ഭക്തര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇന്ന് അരവണ ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പ്രതിഷേധം കടുക്കും എന്ന് ഉറപ്പാണ്. അരവണ പ്ലാന്റില്‍ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിര്‍ത്തിയത്. എന്നാല്‍, മാസപൂജക്കുള്ള തിരക്ക് മുന്‍കൂട്ടി കണ്ട് കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായ വീഴ്ചയാണ് ഉണ്ടായത്.
ബോര്‍ഡിന്റെ വീഴ്ചയില്‍ കടുത്ത അതൃപ്തിയും തീര്‍ഥാടനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു. മണ്ഡല തീര്‍ഥാടനം പ്രമാണിച്ച് അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും മാസപൂജയ്ക്കു വിതരണത്തിനുള്ള അരവണ തയാറാക്കാതെ പ്ലാന്റ് അടച്ചതാണു പ്രതിസന്ധിക്കു കാരണമായത്.
ഒരു ഡപ്പി അരവണ വീതമാണ് ഇന്നലെ വിതരണം ചെയ്തത്. ഉച്ചയ്ക്കു മുന്‍പേ അതും തീര്‍ന്നു. പ്രസാദം കിട്ടാതെ മിക്കവര്‍ക്കും മലയിറങ്ങേണ്ടിവന്നു. വിതരണ കൗണ്ടറുകള്‍ക്കു മുന്‍പില്‍ രാവിലെ തീര്‍ഥാടകരുടെ നീണ്ട നിരയായിരുന്നു. അരവണ ഇല്ലാത്തതിനാല്‍ വിതരണ കൗണ്ടറുകളില്‍ ഏറെയും അടച്ചിട്ടിരുന്നു. നവംബര്‍ 16നു മണ്ഡലകാല തീര്‍ഥാടനത്തിനു നട തുറക്കുകയാണ്. ശര്‍ക്കര കരാര്‍ നല്‍കുന്നതില്‍ ഉള്‍പ്പെടെയുള്ള അനാസ്ഥ തീര്‍ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്നാണു സര്‍ക്കാരിന്റെ ആശങ്ക.
അതേസമയം, അരവണ തയാറാക്കാനുള്ള ശര്‍ക്കര കരാര്‍ നല്‍കാന്‍ വൈകിയതു കാരണം ദേവസ്വം ബോര്‍ഡിന് 4.1 കോടി രൂപ അധികച്ചെലവ് വരും. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 39 രൂപ നിരക്കിലാണു ശര്‍ക്കര ലഭിച്ചതെങ്കില്‍ ഇത്തവണ 46.51 രൂപയാണു കരാറുകാര്‍ ആവശ്യപ്പെടുന്നത്. നവംബര്‍ 16നു മണ്ഡലകാല തീര്‍ഥാടനം തുടങ്ങുന്നതിനാല്‍ വിലപേശി വാങ്ങാനുള്ള സമയവുമില്ല.
മുന്‍വര്‍ഷങ്ങളില്‍ ശര്‍ക്കര കരാറുകാരുടെ ചെലവില്‍ സന്നിധാനത്തെ ഗോഡൗണിലാണ് എത്തിക്കുന്നത്. ഇത്തവണ പമ്പയില്‍ എത്തിച്ചാല്‍ മതി. പമ്പയില്‍ നിന്നു ദേവസ്വം ബോര്‍ഡിന്റെ ചെലവിലാണു സന്നിധാനത്തില്‍ എത്തിക്കുക. അതിനു കുറഞ്ഞത് 1.25 കോടി രൂപയെങ്കിലും ബോര്‍ഡ് വീണ്ടും ചെലവഴിക്കേണ്ടിവരും. അതുകാരണം വില കുറയേണ്ട സ്ഥാനത്താണ് 7.51 രൂപ വീതം അധികമായി നല്‍കേണ്ടിവരിക. 50 ലക്ഷം കിലോഗ്രാം ശര്‍ക്കര വാങ്ങാനാണു കരാര്‍ ക്ഷണിച്ചത്. ഇതിനു മാത്രം 2.85 കോടി രൂപ അധികമായി കൊടുക്കണം. ഇതിനു പുറമേ പമ്പയില്‍ നിന്നു സന്നിധാനത്തേക്കു ട്രാക്ടറില്‍ ശര്‍ക്കര എത്തിക്കുന്നതിനുള്ള തുക കൂടി വരുമ്പോള്‍ അധികച്ചെലവ് 4 കോടി രൂപ കവിയുമെന്നാണു വിലയിരുത്തല്‍.
---------------
Hindusthan Samachar / Sreejith S