മെസ്സിയുടെ പേരിലുള്ള ഇടപാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടിയുടെ ജിഎസ്ടി നോട്ടിസ് ഉടൻ
Thiruvananthapuram , 22 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട വൻ സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (Reporter Broadcasting Company) കനത
മെസ്സിയുടെ പേരിലുള്ള ഇടപാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടിയുടെ ജിഎസ്ടി നോട്ടിസ് ഉടൻ


Thiruvananthapuram , 22 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട വൻ സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (Reporter Broadcasting Company) കനത്ത തിരിച്ചടി. വെട്ടിച്ച നികുതിയും തുല്യമായ പിഴയും പലിശയും ഉൾപ്പെടെ 56.32 കോടി രൂപ ഈടാക്കാൻ ജിഎസ്ടി വകുപ്പ് ഉടൻ ഔദ്യോഗിക നോട്ടിസ് നൽകും. ജിഎസ്ടി നിയമത്തിലെ കർശന വകുപ്പായ 74(A) പ്രകാരമാണ് നടപടികൾ ആരംഭിക്കുന്നത്.

ജിഎസ്ടി വകുപ്പ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം 25.78 കോടി രൂപയാണ് കമ്പനി അടയ്ക്കാനുള്ള യഥാർത്ഥ നികുതി കുടിശ്ശിക. നികുതി മനഃപൂർവം വെട്ടിച്ചതായി വ്യക്തമായതിനാലാണ് സെക്ഷൻ 74(A) ചുമത്താൻ തീരുമാനിച്ചത്. ഈ വകുപ്പ് പ്രകാരം വീഴ്ച വരുത്തിയ നികുതിക്ക് തുല്യമായ തുക (100 ശതമാനം) പിഴയായി ഈടാക്കും. അതായത്, 25.78 കോടി രൂപ പിഴയായി മാത്രം നൽകേണ്ടി വരും. ഇതിനുപുറമെ, കുടിശ്ശിക വരുത്തിയ തുകയ്ക്ക് 18 ശതമാനം നിരക്കിൽ ഏകദേശം 4.76 കോടി രൂപ പലിശയും ഈടാക്കും. ഇവയെല്ലാം ചേർത്താണ് ആകെ തുക 56.32 കോടിയോളം രൂപയായി മാറിയിരിക്കുന്നത്.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കളക്ഷൻ ഏജന്റായ വിദേശ സ്ഥാപനത്തിലേക്ക് കോടിക്കണക്കിന് രൂപ കൈമാറിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരം വിദേശ ഇടപാടുകൾക്ക് റിവേഴ്സ് ചാർജ് മെക്കാനിസം (RCM) പ്രകാരം കൃത്യമായി ഐജിഎസ്ടി നൽകേണ്ടതുണ്ട്. എന്നാൽ ഈ തുക ജിഎസ്ടി ഇനത്തിൽ അടയ്ക്കാതെ കമ്പനി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് എസ്ഐടിയുടെയും (SIT) നികുതി ഇന്റലിജൻസിന്റെയും കണ്ടെത്തൽ.

നേരത്തെ കമ്പനിക്ക് പലതവണ നോട്ടീസുകൾ അയച്ചിരുന്നെങ്കിലും തുക അടയ്ക്കാൻ തയാറായിരുന്നില്ല. തുടർന്ന് ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായെന്ന കണ്ടെത്തലുകളെ തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകളിലും മറ്റ് വരവുചെലവ് കണക്കുകളിലും വലിയ ക്രമക്കേടുകൾ നിലനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നോട്ടിസ് ലഭിച്ച ശേഷവും നിശ്ചിത സമയപരിധിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ, റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് ജിഎസ്ടി വകുപ്പ് കടക്കും. ഇതോടൊപ്പം ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വലിയ സാമ്പത്തിക തിരിമറികൾ പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയ്ക്കും വഴിതുറക്കുമെന്നാണ് സൂചന.

---------------

Hindusthan Samachar / Roshith K


Latest News