ബ്രാൻഡ് വയനാട്’ എന്ന പേരിൽ സമഗ്ര ടൂറിസം ബ്രാൻഡ് വികസിപ്പിക്കാൻ തീരുമാനം.
Wayanad,22 സെപ്റ്റംബര് (H.S.) വയനാടിന്റെ തനത് പ്രകൃതിയും സംസ്കാരവും കാർഷിക പൈതൃകവും പ്രാദേശിക ഉൽപ്പന്നങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ‘ബ്രാൻഡ് വയനാട്’ എന്ന പേരിൽ സമഗ്ര ടൂറിസം ബ്രാൻഡ് വികസിപ്പിക്കാൻ തീരുമാനം. പ്രിയങ്കാ ഗാന്ധി എംപിയുടെ നേത
പ്രിയങ്ക ഗാന്ധി


Wayanad,22 സെപ്റ്റംബര് (H.S.)

വയനാടിന്റെ തനത് പ്രകൃതിയും സംസ്കാരവും കാർഷിക പൈതൃകവും പ്രാദേശിക ഉൽപ്പന്നങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ‘ബ്രാൻഡ് വയനാട്’ എന്ന പേരിൽ സമഗ്ര ടൂറിസം ബ്രാൻഡ് വികസിപ്പിക്കാൻ തീരുമാനം. പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിൽ ചേർന്ന ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെയും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. നേരത്തെ സംസ്ഥാന ബജറ്റിലാണ് 'ബ്രാൻഡ് വയനാട്' പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

വയനാടിനെ ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയും ജീവിതവും സംസ്കാരവും അനുഭവിക്കാവുന്ന ടൂറിസം ഉൽപ്പന്നമായി ആഗോള വിപണിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത നെല്ലിനങ്ങൾ, തേൻ തുടങ്ങിയ തനത് ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക ഭക്ഷണം, കാർഷിക ജീവിതം, ഗോത്രപൈതൃകം, ഗ്രാമീണ അനുഭവങ്ങൾ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും.

കാപ്പിത്തോട്ട സന്ദർശനം, ഫാം അനുഭവങ്ങൾ, പ്രാദേശിക ഭക്ഷണവും സംസ്കാരവും പരിചയപ്പെടുത്തുന്ന പാക്കേജുകൾ, ഹോം സ്റ്റേകൾ എന്നിവയ്ക്കും പ്രാധാന്യം നൽകും.

'എക്സ്പീരിയൻസ് വയനാട് ' എന്ന ആശയത്തിലൂടെ വയനാടിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളെ ലോകസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക യുവാക്കൾക്കും സ്ത്രീകൾക്കും ആദിവാസി സമൂഹങ്ങൾക്കും ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കും.

പരിശീലനം ലഭിച്ച പ്രാദേശിക ഗൈഡുകൾ, ഹോംസ്റ്റേകൾ, പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലൂടെ ടൂറിസത്തിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിടുന്നു.

പ്രകൃതിയുടെ തനിമയും പരിസ്ഥിതി സംവേദനക്ഷമതയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിലൂടെ ദുരന്താനന്തര വയനാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ഉണർവാകും ‘ബ്രാൻഡ് വയനാട്’.

എം എൽ എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, വയനാട് ജില്ലാ കലക്ടർ വി. ചെൽസസിനി, ടൂറിസം ഡയറക്ടർ അഞ്ജന എം, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ടൂറിസം അഡീ. ഡയറക്ടർ സുമിത് ഠാക്കൂർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News