Enter your Email Address to subscribe to our newsletters

Kollam , 22 സെപ്റ്റംബര് (H.S.)
മാസപ്പടി അന്വേഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്നുള്ള കോക്കസിന്റെ നീക്കമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്ര സർക്കാരും സംസ്ഥാനത്തെ യു.ഡി.എഫും ചേർന്ന് പ്രതിപക്ഷ ശബ്ദങ്ങളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും തകർക്കാനാണ് ശ്രമിക്കുന്നത്.
നരേന്ദ്ര മോദിയും വി.ഡി. സതീശനും ചേർന്ന് രാജ്യത്ത് രണ്ട് ഓപ്ഷനുകളാണ് മുന്നോട്ടുവെക്കുന്നത്. ഒന്നുകിൽ തങ്ങളോടൊപ്പം ചേരുക, അല്ലെങ്കിൽ എതിർക്കുന്ന ശബ്ദങ്ങളെ എന്നെന്നേക്കുമായി നിശബ്ദമാക്കുക. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് എതിരാളികളെ വേട്ടയാടാനാണ് കേന്ദ്ര ഭരണകൂടവും കോൺഗ്രസും ശ്രമിക്കുന്നതെന്നും ചിന്താ ജെറോം ആരോപിച്ചു.
വർഗീയ വിരുദ്ധ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായി. രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്ക് ഒപ്പം യുഡിഎഫ് സർക്കാർ നിൽക്കുന്നു ചിന്ത ജെറോം പറഞ്ഞു.
യാത്രാവിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് യുവജനകാര്യ വകുപ്പ് മന്ത്രി ഒജെ ജനീഷിൻ്റെ മറുപടിയെയും അവർ ചോദ്യം ചെയ്തു. ഇത്തരത്തിലൊരു വിശദീകരണമാണോ ഒരു മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്? നീറോ ചക്രവർത്തിയാണ് മന്ത്രി ഒ ജെ ജനീഷ്. 'തന്ത വൈബ് പിടിക്കാൻ ആഗ്രഹിക്കുന്നില്ല, റീലാക്സേഷനായി ട്രിപ്പ് പോയിട്ട് വരു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെതിരെയാണ് ചിന്ത ജെറോം പ്രതികരണവുമായി രംഗത്തു വന്നത്.
ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിനായിരിക്കണം. അദ്ദേഹം അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. ഓണവും ക്രിസ്തുമസും വിഷുവും എല്ലാം മാറ്റിവച്ച് തൊഴിൽ ചെയ്യുന്ന മാധ്യമപ്രവർത്തകരോട് ട്രിപ്പ് പോയി വരു എന്ന പ്രതികരണം അതും നാടൊരു അപകടത്തെ അഭിമുഖീകരിച്ച ദിനത്തിലാണുണ്ടായിരിക്കുന്നത്. മഴക്കെടുതിയിൽ മരണങ്ങളുണ്ടായ ആ ദിനത്തിൽ പറഞ്ഞ വാക്കുകൾ ക്ഷമിക്കാനാകുന്നതല്ല. ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജനങ്ങൾ വെന്തുരുകുമ്പോൾ ഞങ്ങളൊന്ന് ട്രിപ്പ് പോയിട്ട് വരട്ടെ എന്നു പറയുന്നത് വലതുപക്ഷത്തിൻ്റെ മാനസികാവസ്ഥയാണ്. അതാണ് യുഡിഎഫിൻ്റെ രാഷ്ട്രീയം. ഇതിനെതിരെ ഡിവൈഎഫ്ഐയുടെ ശക്തമായ പ്രതിഷേധമുണ്ട്. മന്ത്രിക്ക് വാഹനം നൽകിയ വ്യക്തിക്ക് മറ്റു ചില പ്രതിഫലം നൽകാനുള്ള സർക്കാർ നീക്കം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ചില പ്രധാന ഉത്തരവാദിത്വങ്ങൾ നൽകുവാനുള്ള നീക്കമാണ് നടക്കുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകും.
കേന്ദ്രസർക്കാർ അംബാനിക്കും അദാനിക്കും വേണ്ടിയാണ് കച്ചവടം ചെയ്യുന്നതെങ്കിൽ കേരള സർക്കാർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്പോൺസർമാർക്ക് വേണ്ടി കച്ചവടം ചെയ്യുവാൻ തീരുമാനിച്ച് മുന്നോട്ട് പോകുന്നു. സ്പോൺസർമാർ ആരാണെന്ന് വെളിപ്പെടുത്താൻ യുഡിഎഫ് തയാറാകണം. പേര് പറയാൻ തയാറാകാത്തത് ദുരൂഹതയുളവാക്കുന്നു. സ്പോൺസർമാർ ഉണ്ടെങ്കിൽ അവരെക്കൊണ്ട് ബിപിഎൽ കുടുംബങ്ങൾക്ക് ഒരു ഇൻവർട്ടർ വാങ്ങിക്കൊടുക്കുവാൻ തയാറാകണം. അത് പ്രയാസമാണെങ്കിൽ കിടപ്പുരോഗികൾ ഉള്ള വീട്ടിലോ കൈകുഞ്ഞുങ്ങളുള്ള വീട്ടിലോ ഇൻവർട്ടർ വാങ്ങി നൽകാൻ ഈ സർക്കാരിന് കഴിയുമോ എന്നും ചിന്താ ജെറോം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR