ക്രൈംബ്രാഞ്ച് അന്വേഷണം പിണറായിയെ രക്ഷിക്കാൻ: വി. മുരളീധരൻ എംഎൽഎ
Thiruvananthapuram , 22 സെപ്റ്റംബര് (H.S.) മാസപ്പടിക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം യുഡിഎഫ്–എൽഡിഎഫ് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് വി. മുരളീധരൻ എംഎൽഎ ആരോപിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കേസിൽ വിജിലൻസിനെയാണ് അന്വേഷണം ഏൽപ്പിക്കേണ്ടത്
V MURALEEDHARAN


Thiruvananthapuram , 22 സെപ്റ്റംബര് (H.S.)

മാസപ്പടിക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം യുഡിഎഫ്–എൽഡിഎഫ് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് വി. മുരളീധരൻ എംഎൽഎ ആരോപിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കേസിൽ വിജിലൻസിനെയാണ് അന്വേഷണം ഏൽപ്പിക്കേണ്ടത്. ആദായനികുതി വകുപ്പും എസ്എഫ്ഐഒയും ഇഡിയും അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനി എന്ത് പ്രാഥമിക അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ അന്വേഷണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ആത്മാർഥതയുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ശബരിമല തീർഥാടനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സർക്കാർ അടിയന്തരമായി പൂർത്തിയാക്കണം.

അയ്യപ്പഭക്തർക്ക് സുഗമമായ ദർശനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

തീർഥാടനകാലത്തിന് മുമ്പ് അരവണ പ്ലാന്റ് പ്രവർത്തനക്ഷമമാക്കണമെന്ന കാര്യം സർക്കാരിന് അറിയാവുന്നതാണ്. സീസൺ ആരംഭിക്കുന്നതിന് മുമ്പ് 70 ലക്ഷം യൂണിറ്റ് കരുതൽ ശേഖരം ഉണ്ടാക്കണമെന്ന തീരുമാനമുണ്ടായിട്ടും അതിനുള്ള നടപടികൾ എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡിനെ മാത്രം കുറ്റപ്പെടുത്തി സർക്കാരും ദേവസ്വം മന്ത്രിയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ദേവസ്വം വകുപ്പിന് ബോർഡിനുമേൽ യാതൊരു നിയന്ത്രണവുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ വകുപ്പ്? എല്ലാ സംവിധാനങ്ങൾക്കും മുകളിൽ ഒരു അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് എന്ന നിലയിൽ ദേവസ്വം വകുപ്പിന്റെ ഉത്തരവാദിത്വം എന്താണെന്നും അത് നിർവഹിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.

ചുരുക്കത്തിൽ, ശബരിമലയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

ഓണസദ്യ മുടങ്ങിയപ്പോഴും പരസ്പരം കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

ശബരിമലയെ തകർക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന നീക്കങ്ങൾ മറ്റൊരു രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോഴത്തെ സർക്കാരും നടത്തുന്നതെന്നും മുരളീധരൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയ വ്യക്തി ആരാണ്? എന്താണ് അതിന് പിന്നിലെ താൽപര്യം? മലപ്പുറത്ത് നിരവധി മന്ത്രിമാരുണ്ടായിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് അവിടേക്ക് പോകേണ്ട സാഹചര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

തലസ്ഥാനത്തിരുന്ന് കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണോ ഉള്ളതെന്നും മുരളീധരൻ ചോദിച്ചു.

കർണാടകത്തിലെ ഒരു മന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നാണ് പറയുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ വിമാനം ഏർപ്പെടുത്താൻ ആ മന്ത്രിക്ക് എന്താണ് താൽപര്യമെന്നും അതിന് പകരമായി കേരള സർക്കാർ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്ന സംശയം ജനങ്ങൾക്കുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസുകാരനായതിനാലാണ് സൗജന്യമായി വിമാനം നൽകിയതെന്ന വാദമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യയിലെ ഏതൊക്കെ കോൺഗ്രസ് നേതാക്കൾക്ക് ഈ മന്ത്രി സൗജന്യമായി വിമാനം നൽകിയിട്ടുണ്ടെന്നതിന്റെ പട്ടിക പുറത്തുവിടണം. മുടന്തൻ ന്യായങ്ങൾ പറയുന്നതിന് പകരം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണമെന്നും ബിജെപി ആവശ്യപ്പെടുന്നതായി വി. മുരളീധരൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News