Enter your Email Address to subscribe to our newsletters

രാസലഹരി സമൂഹത്തില്‍ വലിയ വെല്ലുവിളിയായി മാറുകയാണെന്നും സംസ്ഥാന സര്ക്കാര് ലഹരി മാഫിയയുടെ വേരറുക്കുമെന്നും തൊഴില്‍, വനിത-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനിലൂടെ പൊലീസും ഓപ്പറേഷന്‍ തണ്ടറിലൂടെ എക്സൈസും ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരുകയാണ്.
വിവിധ വകുപ്പുകളുമായി കൈകോര്‍ത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ‘മയങ്ങില്ല കേരളം' പദ്ധതിയും ഈ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവെയ്പാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം എക്സൈസ് ഡിവിഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിമുക്തി മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം- ‘അറിവാണ് ലഹരി' എക്സൈസ് ഡിവിഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.
ലഹരി വേണ്ടെന്ന് തന്റേടത്തോടെ പറയാനുള്ള ആര്‍ജ്ജവം പുതുതലമുറ കാണിക്കണമെന്ന് മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു. കൂട്ടുകാര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് അവരെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാൻ ഒപ്പം നിൽക്കണമെന്നും മന്ത്രി കുട്ടികളെ ഓര്‍മിപ്പിച്ചു.
ലഹരിക്കെതിരെ ശക്തമായ നിയമനടപടി തുടരുന്നതിനൊപ്പം ബോധവത്കരണവും ലഹരിക്കടിമപ്പെട്ടവരുടെ പുന:രധിവാസവുമെല്ലാം എക്സൈസ് വകുപ്പ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍ ആര്‍ ജയശങ്കര്‍ പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ നൂറുദ്ദീന്‍ എച്ച്, വിമുക്തി മിഷന്‍ മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ വി സി ബൈജു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ബി എല്‍ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈസല്‍ പടനിലം ക്വിസ് മത്സരം നയിച്ചു.
Hindusthan Samachar / CHANDHU CHANDRASEKHAR