Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 സെപ്റ്റംബര് (H.S.)
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനെട്ടാമത് രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്ര മേളയ്ക്ക് (IDSFFK) തിരുവനന്തപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 25 മുതൽ 30 വരെയാണ് മേള നടക്കുന്നത്.
ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ഡോക്യുമെൻ്ററികളും ഹ്രസ്വചിത്രങ്ങളും അണിനിരക്കുന്ന മേളയിൽ ഇത്തവണ നേപ്പാളിൽ നിന്നുള്ള അഞ്ച് ചിത്രങ്ങൾ 'ഫോക്കസ് നാഷൻ' എന്ന പ്രത്യേക വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആറ ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചിത്രങ്ങളും ആശയവിനിമയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
'വിസ്പേഴ്സ് ഓഫ് ദി വിൻഡ്: വോയ്സസ് ഓഫ് നേപ്പാൾ' എന്ന വിഭാഗത്തിലാണ് ഈ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2025, 2026 വർഷങ്ങളിൽ നിർമിച്ച മികച്ച സൃഷ്ടികളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫുട്ബോളിലൂടെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന എഴുപതുകാരിയായ മായാദേവിയുടെയും കൊച്ചുമകൻ്റെയും കഥ പറയുന്ന 'ഐ ഹാവ് ബിക്കം എ റോഡോഡെൻഡ്രൻ' ആണ് ഇതിൽ ശ്രദ്ധേയമായ ഒരു ചിത്രം. സഫൽ പാണ്ഡെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുത്തച്ഛനെയും മുത്തശ്ശിയെയും കാണാതായ ഒരു ട്രെയിനിനെയും ഓർമകളിൽ നിന്ന് വീണ്ടെടുക്കുന്ന ദീപാലി ശ്രേഷ്ഠയുടെ 'ഐ വിൽ ബി ബാക്ക് വിത്ത് എ പെൻ' എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.
നാൽപത്തിരണ്ടുകാരിയായ താര എന്ന ബോഡി ബിൽഡറുടെ ജീവിതം വരച്ചുകാട്ടുന്ന 'മൈ മം ഈസ് എ ബോഡി ബിൽഡർ' ആണ് മറ്റൊരു ചിത്രം. പ്രഷന്ന ശാക്യയാണ് ഇതിൻ്റെ സംവിധായകൻ. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ന്യൂവാർ സംഗീത, നൃത്ത പാരമ്പര്യത്തെ വീണ്ടെടുക്കാൻ നന്ദ ബഹദൂർ മഹർജൻ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൻ്റെ കഥ അമാൻ ഷാഹി സംവിധാനം ചെയ്ത 'നന്ദ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. അച്ഛനും രണ്ട് മക്കളുമടങ്ങുന്ന രണ്ട് തലമുറകളിലെ ട്രക്ക് ഡ്രൈവർമാരുടെ ജീവിതം പറയുന്ന തരംഗ സംവിധാനം ചെയ്ത 'സവാരി സാഹിത്യ' എന്ന ചിത്രവും ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തും.
മുന്നൂറിലേറെ ചിത്രങ്ങൾആറ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെൻ്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി മുന്നൂറിലേറെ ചിത്രങ്ങളാണ് സിനിമാസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഡോക്യുമെൻ്ററി മേളകളിലൊന്നായി മാറിയ ഐഡിഎസ്എഫ്എഫ്കെയിൽ ഇത്തവണയും മികച്ച പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. മത്സര, മത്സരരഹിത വിഭാഗങ്ങളിലെ ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, കാമ്പസ് ഫിലിംസ്, ഇൻ്റർനാഷണൽ ഫിലിംസ്, റെട്രോസ്പെക്റ്റീവ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലായാണ് പ്രദർശനങ്ങൾ നടക്കുക. സമീപകാലത്ത് അന്തരിച്ച ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.
മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി പ്രതിനിധികൾക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മീറ്റ് ദി ഡയറക്ടർ, ഫേസ് ടു ഫേസ്, ഇൻ കോൺവർസേഷൻ, മാസ്റ്റർക്ലാസ് എന്നിവയ്ക്ക് പുറമെ വിവിധ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്സൈറ്റ് മുഖേന പ്രതിനിധിയായി രജിസ്റ്റർ ചെയ്യാവുന്നതാണ്. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 590 രൂപയും വിദ്യാർഥികൾക്ക് 354 രൂപയുമാണ് ഫീസ്. കൈരളി തിയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേന ഓഫ്ലൈനായും രജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR