Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 സെപ്റ്റംബര് (H.S.)
ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന മുൻ ഡിജിപി ജേക്കബ് തോമസിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിഷൻ്റെ നടപടികൾ പ്രതിസന്ധിയിലായി. കേസിൽ നിർണായക വിവരങ്ങൾ കൈമാറേണ്ട പ്രധാനപ്പെട്ട രണ്ടുപേർ ഹാജരാകാത്തതാണ് അന്വേഷണം വഴിമുട്ടാൻ കാരണമായത്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് കമ്മിഷൻ നിലവിലെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രാഥമിക റിപ്പോർട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കൈമാറി.
തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ വാങ്ങിയ കരാറുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാട് നടന്നെന്ന ആരോപണത്തിലാണ് കമ്മിഷൻ പരിശോധന നടത്തുന്നത്. ഇതിൽ പ്രധാന പങ്കുള്ള കമ്പനി പ്രതിനിധിയോടും എംഡിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഇരുവരും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇവർ മനഃപൂർവം അന്വേഷണത്തോട് സഹകരിക്കാതെ മാറിനിൽക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പ്രധാനികളുടെ മൊഴിയില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അന്വേഷണ കമ്മിഷൻ.
തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ വാങ്ങാൻ 1.75 കോടി രൂപയുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണം ഉയർന്നത്. കരാർ ഏറ്റെടുത്ത സ്ഥാപനത്തിൻ്റെ പ്രതിനിധിയിൽനിന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഓഫിസ് ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷനായി കൈപ്പറ്റിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൻ്റെ പ്രതിനിധിയാണ് കമ്മിഷന് മുന്നിൽ നിർണായക മൊഴി നൽകേണ്ടിയിരുന്നത്.
വിളിച്ചിട്ടും ഹാജരായില്ലസ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറായ ബിജെപി നേതാവിനെയും കമ്മിഷൻ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ഹാജരായില്ല. നാട്ടിലില്ലെന്നായിരുന്നു കമ്മിഷന് നൽകിയ വിശദീകരണം. രണ്ടുതവണ വിളിച്ചിട്ടും മൊഴി നൽകാൻ എത്താതിരുന്നതോടെ ഇവർ മനഃപൂർവം അന്വേഷണത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന സംശയം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. ഇതിനിടെ ഇവരിൽ ഒരാൾ തിരുവനന്തപുരത്ത് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിൻ്റെ ചിത്രം ബിജെപി നേതാക്കൾക്കിടയിൽ പ്രചരിച്ചതായും വിവരമുണ്ട്. ഇതോടെ കമ്മിഷന് മുന്നിൽ ഹാജരാകാതിരുന്നതിനുള്ള വിശദീകരണത്തിൻ്റെ വിശ്വാസ്യതയെക്കുറിച്ചും പാർട്ടിക്കുള്ളിൽ ചർച്ച ഉയർന്നു കഴിഞ്ഞു.
പരാതിക്കാരൻ്റെ മൊഴിയും പുതിയ വിവരങ്ങളുംതെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റിയംഗം ദേശീയ സംഘടനാ സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചത്. കരാർ ഏറ്റെടുത്ത സ്ഥാപനത്തിൻ്റെ പ്രതിനിധിയിൽനിന്ന് സംസ്ഥാന സെക്രട്ടറി കമ്മിഷൻ വാങ്ങിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. പരാതിക്കാരനിൽനിന്ന് കമ്മിഷൻ മൊഴിയെടുത്തിരുന്നു.
തുടർന്ന് അദ്ദേഹത്തിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിൻ്റെ പ്രതിനിധിയെയും മാനേജിങ് ഡയറക്ടറെയും വിളിപ്പിച്ചത്. എന്നാൽ അന്വേഷണത്തിനിടെ പ്രചാരണ സാമഗ്രികളുടെ കരാർ ഏറ്റെടുത്ത സ്ഥാപനം തലസ്ഥാനത്തെ ഒരു ബിജെപി നേതാവിൻ്റെ പേരിലുള്ളതാണെന്ന വിവരം പിന്നീട് പുറത്തുവന്നു. സ്ഥാപനത്തിൻ്റെ ഡയറക്ടർ പരാതിക്കാരൻ തന്നെയാണെന്ന വിവരവും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
അന്വേഷണം നീളാൻ സാധ്യതഅന്വേഷണം കൂടുതൽ വിപുലമാക്കിയാൽ പരാതിക്കു പിന്നിൽ പ്രവർത്തിച്ച ചില ബിജെപി നേതാക്കളുടെ പങ്ക് പുറത്തുവരുമെന്ന ആശങ്കയാണ് പ്രധാന മൊഴികൾ ഒഴിവാക്കുന്നതിന് പിന്നിലെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ സംസ്ഥാന ഓഫിസിലെ ചിലർക്ക് കേന്ദ്ര നേതാക്കളുമായുള്ള ബന്ധം അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഈ വിഭാഗം ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്തെ പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര നേതൃത്വം ഈ റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന വ്യക്തികളുടെ മൊഴി ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിൻ്റെ തുടർനടപടികളും അന്തിമ റിപ്പോർട്ടിൻ്റെ സമയക്രമവും അനിശ്ചിതത്വത്തിലായി.
അന്തിമ റിപ്പോർട്ട് എപ്പോൾ നൽകാനാകുമെന്ന് ഉറപ്പില്ലെന്ന് ജേക്കബ് തോമസ് പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മൊഴി നൽകേണ്ടവർ ഹാജരാകാത്തതും പരാതിയിൽ പറയാത്ത വിവരങ്ങൾ അന്വേഷണത്തിനിടെ പുറത്തുവന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ കമ്മിഷൻ്റെ തുടർപരിശോധനയിൽ നിർണായകമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR