ഡൽഹിയിൽ എംഡിഎംഎ നിർമാണ കേന്ദ്രം തകർത്തു: രണ്ട് വിദേശവനിതകളെ സാഹസികമായി പിടികൂടി കണ്ണൂർ സിറ്റി പൊലീസ്
Kannur , 22 സെപ്റ്റംബര് (H.S.) ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന വിദേശവനിതകളെ കണ്ണൂർ സിറ്റി പൊലീസ് സ്ക്വാഡ് അതിസാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ, ക്യാമറൂൺ സ്വദേശിനി
KANNUR SQUAD MDMA CUSTODY


Kannur , 22 സെപ്റ്റംബര് (H.S.)

ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന വിദേശവനിതകളെ കണ്ണൂർ സിറ്റി പൊലീസ് സ്ക്വാഡ് അതിസാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ, ക്യാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ എന്നിവരാണ് പൊലീസിന്റെ വലയിലായത്.

കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. ഡൽഹിയിലെ ലഹരി നിർമാണ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരി കടത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഡല്ഹി ബുരാരിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് അന്താരാഷ്ട്ര ലഹരി സംഘത്തിലെ രണ്ട് വിദേശ വനിതകളെ പൊലിസ് പിടികൂടിയതെന്ന് റേഞ്ച് ഡിഐജി കെ കാര്ത്തിക് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ന്യൂമാഹിയില് വച്ച് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാള് പിടിയിലായതാണ് കേസില് നിര്ണ്ണായക വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതില് നിന്ന് ലഹരി എത്തിച്ചത് മുഹമ്മദ് സമീലാണെന്ന് വ്യക്തമാകുകയും തുടര്ന്ന് സമീലിൻ്റെ വീട്ടില് നിന്നും വാഹനത്തില് നിന്നുമായി 185 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

സമീലിൻ്റെ ഫോണ്, ബാങ്ക് രേഖകള് പരിശോധിച്ചതോടെയാണ് 'തബു' എന്ന മുജ്തബയെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവന്നത്. ലഹരി ഇടനിലക്കാര് വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളില് എംഡിഎംഎ ഒളിപ്പിച്ചുവച്ച് ലൊക്കേഷന് മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് തബു അനുവര്ത്തിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവില് ബെംഗളൂരുവില് വച്ച് തബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്ഹിയില് നിന്ന് പാര്സല് വഴിയാണ് ഇവര് നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. ഈ കണ്ണിയിലൂടെ ലഭിച്ച തെളിവുകളാണ് ഡല്ഹിയില് വച്ച് എംഡിഎംഎ നിര്മ്മിച്ച് നല്കിയിരുന്ന വിദേശ വനിതകളിലേക്ക് പൊലീസിനെ നയിച്ചത്.

പ്രതികള് സിം കാര്ഡുകള് നിരന്തരം മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകള് വഴി കോടികളുടെ ഇടപാടുകൾ നടത്തിയതായും പൊലീസ് കണ്ടെത്തി. കണ്ണൂര് സിറ്റി പൊലീസിൻ്റെ സ്ക്വാഡ് അംഗങ്ങള് 10 ദിവസത്തോളം ഡല്ഹിയില് താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിച്ചേര്ന്നത്. അമ്പതോളം വ്യാജ ആധാര് കാര്ഡുകളും 15 പാന് കാര്ഡുകളും ചെക്ക് ബുക്കുകളും വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റുകളും ഇവര് പലവിധത്തില് സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി.

വിദേശത്ത് നിന്ന് പാര്സല് ആയാണ് ഇവര്ക്ക് മയക്കുമരുന്ന് നിര്മാണ സാമഗ്രികള് ലഭിച്ചിരുന്നതെന്ന് ഡിഐജി പറഞ്ഞു. കൂടുതല് അന്വേഷണം നടത്തി വരികയാണെന്നും ഡിഐജി അറിയിച്ചു. കമ്മീഷണറുടെ ഓഫീസില് നടന്ന വാര്ത്താസമ്മേളനത്തില് സിറ്റി പോലീസ് കമ്മീഷണര് വിജയ് ഭാരത് റെഡ്ഡി, തലശ്ശേരി എ സി പി നന്ദഗോപന് എന്നിവരും ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News