യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ
Thiruvananthapuram, 22 സെപ്റ്റംബര് (H.S.) സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ ബിജെപിയുടെയും സംഘപരിവാറിന്റെയും ''ബി ടീം'' ആയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. നരേന്ദ്ര മോദി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), പ്രതിപക്
M V Govindan


Thiruvananthapuram, 22 സെപ്റ്റംബര് (H.S.)

സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ ബിജെപിയുടെയും സംഘപരിവാറിന്റെയും 'ബി ടീം' ആയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. നരേന്ദ്ര മോദി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരടങ്ങിയ കൂട്ടുകെട്ടാണ് സി.പി.ഐ.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് എം.വി. ഗോവിന്ദൻ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. ഇഡിയുടെ നിർദ്ദേശപ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം കേസ് അന്വേഷണത്തിന് ചുമതല നൽകിയത് ഈ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസ് ആരംഭിച്ച ഘട്ടത്തിൽ തന്നെ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം അഭിപ്രായപ്പെട്ടിരുന്നു. ഓരോ മൊഴിയും പിൻവലിക്കപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കേെസടുക്കുന്ന കേട്ടുകേൾവിയില്ലാത്ത രീതിയാണ്. ഇതിനെതിരെ ശക്തിയായി പ്രതിഷേധിക്കും. നിയമപരമായും രാഷ്ട്രീയമായും നേരിടും. രാഷ്ട്രീയ പ്രേരിതമായി സിപിഎമ്മിനെ തകർക്കുന്ന ശ്രമത്തെ ചെറുക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാസപ്പടി കേസ് നിയമപരമായി നേരിടും

സർക്കാർ അന്വേഷണം മൊഴിയുടെ അടിസ്ഥാനത്തിലല്ല നടക്കുന്നത്. ഇത് കള്ളക്കേസാണ്. ഇതിൽ അന്വേഷിക്കാൻ ഒന്നുമില്ല. ബിജെപി- കോൺഗ്രസ് ഗൂഢാലോചനയാണ് നടക്കുന്നത്. കെട്ടിച്ചമച്ച കള്ളക്കേസാണിത്. കളവ് പറഞ്ഞിട്ട് എന്താണ് അന്വേഷിക്കേണ്ടത്. ആസം മുഖ്യമന്ത്രിക്കെതിരെ കേസുണ്ടായിരുന്നല്ലോ. ഇപ്പോൾ എന്തായി. ബിജെപിക്ക് കീഴടങ്ങിയാൽ കേസില്ലാതാകും. കേസിൽ കഴമ്പില്ലെന്ന് സിപിഎമ്മിന് വ്യക്തതയുണ്ട്. ശുദ്ധ അസംബന്ധ തെളിവുകളാണെന്ന് പാർട്ടിക്ക് ധാരണയുണ്ട്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ വിശ്വാസം വരും. ഒരു റെഡ്ബുക്കുമില്ല. കടലാസിൽ എഴുതിവച്ചതിന് യാതൊരു വിലയുമില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

അന്വേഷണം അതിൻ്റെ വഴിക്കല്ല പോകുന്നതെന്ന് അറിയാം. അതുകൊണ്ടു തന്നെ നിയമപരമായി നേരിടും. നിയമപരമായി ന്യായമായി ചെയ്തതിനാണ് കേസെടുത്തത്. രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമവിരുദ്ധമായാണ്. പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയും അത് എന്തിനാണെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പറഞ്ഞത്. നിയമത്തെ മറികടന്ന് പണം വാങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിൻ്റെ കൂട്ടത്തിൽ ഇത് എങ്ങനെയാണ് ഉൾപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. കമ്പനിക്ക് അധിക ചെലവുണ്ടാക്കിയെന്നാണ് അവർ പറഞ്ഞത്. അത് മറച്ചുവച്ച് പിണറായിയെയും റിയാസിനെയും ലക്ഷ്യമിടുന്നു.

യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്, കാവിവൽക്കരണത്തിന് പിന്തുണ

മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ കേരളത്തിൽ യുഡിഎഫ് സർക്കാർ ബിജെപി നിലപാടിനെ പിന്തുണയ്ക്കുന്നു. കോലീബീ സഖ്യത്തിൻ്റെ കാലം മുതലുള്ള നിലപാടാണിത്.

യുഡിഎഫ് സർക്കാരിൻ്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും കേന്ദ്രസർക്കാരിനെതിരെ ഒന്നും പറഞ്ഞില്ല. ലേബർ കോഡ് അതേപോലെ നടപ്പിലാക്കുമെന്നു പറയുന്നു. എല്ലാം പൂർണമായി ബിജെപിക്ക് വഴങ്ങുന്ന നിലപാടാണ്. സർവകലാശാലകളെ കാവിവൽക്കരിക്കുന്ന വിസിമാരുടെ നിലപാടിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു. കലാലയങ്ങളിൽ സംഘടനാ പ്രവർത്തനം നടത്താൻ പാടില്ലെന്ന നയമാണ് യുഡിഎഫ് സർക്കാരിനുള്ളത്. എസ്എഫ്ഐ ശക്തിയായി തെരഞ്ഞെടുപ്പിൽ മുന്നേറി. അതുകൊണ്ട് കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് സർക്കാർ. ബിജെപി നേതാക്കൾ പരസ്യമായി യുഡിഎഫ് സർക്കാരിനെ പിന്തുണയ്ക്കുന്നു. ഇഡിയെ സംബന്ധിച്ചുള്ള കോൺഗ്രസ് പ്രഖ്യാപിത നിലപാട് വി ഡി സതീശൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. കർണാടകയിലെ ഇഡി വേട്ടക്കെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നു. ഇവിടെ വിഡി സതീശൻ പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചയാൾ എംഡിഎംഎ കേസിൽ അറസ്റ്റിലായി. അതിൽ സാമ്പത്തികവശങ്ങളെക്കുറിച്ചു പോലും അന്വേഷിക്കുന്നില്ല. നടത്തിയാൽ അത് മുഖ്യമന്ത്രിക്ക് സമീപമെത്തും. കഴിഞ്ഞ പത്തുവർഷമില്ലാതിരുന്ന പവർകട്ട് ഇപ്പോൾ വന്നു. 15ന് പവർകട്ട് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഒന്നുമുണ്ടായില്ല. ആരോഗ്യമേഖലയും തകർച്ചയിലാണ്. ആശുപത്രിയിൽ മരുന്നുകളില്ല. മാധ്യമങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ തടയുന്നു. എഡിറ്റോറിയൽ മുറിയിൽ പൊലീസ് കയറുന്നത് കേട്ടുകേൾവിയില്ലാത്ത നടപടികളാണ്. യുഡിഎഫ് സർക്കാർ എല്ലാ മര്യാദകളെയും കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നത്.

ചാർട്ടേഡ് വിമാനവും ആഡംബര കാറും സത്യപ്രതിജ്ഞാ ലംഘനം

മന്ത്രി കെഎം ഷാജി സ്വകാര്യ വ്യക്തിയുടെ കാറിൽ സർക്കാർ പതാകയും നമ്പരും ഘടിപ്പിച്ച് യാത്ര ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണ്. ഇതിനുള്ള അവകാശം ഒരു മന്ത്രിക്കുമില്ല. മുൻമന്ത്രി കെ ബി ഗണേഷ്കുമാർ സ്വന്തം വാഹനം ഔദ്യോഗികമായി ഉപയോഗിക്കാൻ അനുമതി ചോദിച്ചപ്പോൾ അത് നിഷേധിക്കുകയായിരുന്നു. ഈ പ്രവണത സർക്കാരിന് ലാഭമാണെന്ന് കെപിസിസി പ്രസിഡൻ്റ് പറയുന്നു. അഴിമതി ശൃംഖലയാണ് കേരളത്തിൽ ഉണ്ടാകുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സ്വകാര്യ ആവശ്യത്തിനായി മംഗലാപുരത്തേക്ക് ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്തു. സ്പോൺസർ ആണെന്നു പറഞ്ഞു. എന്നാൽ, അതാരാണെന്ന് പറയുന്നില്ല. കഴിഞ്ഞ ദിവസവും ഇതേരീതിയിൽ മലപ്പുറത്ത് ചാർട്ടേർഡ് വിമാനത്തിൽ പോയി. അത് സർക്കാർ ആവശ്യത്തിനാണ് പോയത്. സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആരുടെ ചെലവിലാണ് പോയതെന്ന് പറയുന്നില്ല. ഇത് സത്യപ്രതിജഞാ ലംഘനമാണ്.

നിരവധി മന്ത്രിമാർ വിദേശത്തേക്കു പോകുന്നു. സർക്കാർ ചെലവിലല്ല പോകുന്നതെന്നും പറയുന്നു. എല്ലാം നിയമലംഘനമാണ്. ഒന്നുകിൽ സ്വന്തം ചെലവിലോ അല്ലെങ്കിൽ സർക്കാർ ചെലവിലോ പോകണം. അല്ലാത്തതെല്ലാം സത്യാപ്രതിജ്ഞാ ലംഘനമാണ്. കുട്ടനാട്, കോട്ടയം, പത്തനംതിട്ട മേഖലകളിൽ പ്രകൃതിക്ഷോഭത്തിൽപ്പെട്ടവർക്ക് 10000 രൂപ വീതം നൽകുമെന്ന് പറഞ്ഞിട്ട് ആർക്കും നൽകിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടി കോട്ടയത്ത് വിവര ശേഖരണം പോലും ആരംഭിച്ചിട്ടില്ല.

പരിസ്ഥിതിലോല മേഖലകളിൽ പ്രവേശനം നിഷേധിക്കുന്ന കേന്ദ്രസർക്കാരിൻ്റെ കരട് വരുന്നു. കേരളത്തിലെ 12 ജില്ലകളിലെ 9993 ചതുരശ്ര കി മീറ്ററെ ഇതു ബാധിക്കും. 113 വില്ലേജുകളെയാണ് ബാധിക്കുന്നത്. 51 എണ്ണം ഇടുക്കിയിൽ മാത്രമാണ്. സർക്കാർ നിർദ്ദേശം നൽകേണ്ട അവസാന തീയതി 26 ആണ്. സർക്കാർ ഇതുവരെ ഒന്നും െചയ്തിട്ടില്ല. കർണാടകയും തമിഴ്നാടുമെല്ലാം ഇതിനെ എതിർക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ പോകുകയാണ്. കേരളത്തിന് ഇനി മൂന്നുദിവസം മാത്രമാണ് ബാക്കിയുള്ളത്. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും സർക്കാർ ഇടപെടുന്നില്ലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News