Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 സെപ്റ്റംബര് (H.S.)
കേന്ദ്രമന്ത്രിമാരുണ്ടായിരുന്നിട്ടും യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിലെ റെയിൽവെ വികസനത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്റെ പിന്തുണയോടെ ഭരണം നടത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത്, 2014-ൽ വെറും 372 കോടി രൂപ മാത്രമാണ് റെയിൽവെ വികസനത്തിനായി കേരളത്തിന് അനുവദിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തോടുള്ള റെയിൽവെ വികസനത്തിലെ അവഗണനയ്ക്ക് കോൺഗ്രസും ഇടതുപക്ഷവും ഒരുപോലെ ഉത്തരവാദികളാണെന്നും, മുൻകാലങ്ങളെ അപേക്ഷിച്ച് നിലവിലെ കേന്ദ്ര സർക്കാർ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ റെയിൽവെ വികസനത്തിനുള്ള വിഹിതം പത്തിരട്ടിയായി വർധിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപി മാത്രമുള്ളപ്പോഴാണ് ഈ വലിയ പരിഗണന ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇരുപതിനായിരം കോടി രൂപയിലധികം വരുന്ന റെയിൽവെ വികസന പദ്ധതികളാണ് സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നത്. മോദിജി വികസനം വാഗ്ദാനം ചെയ്യുക മാത്രമല്ല, അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
കോൺഗ്രസും സിപിഎമ്മും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എല്ലാ മലയാളികളുടെയും താത്പര്യം സംരക്ഷിച്ചുകൊണ്ട് വികസനം എത്തിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. കേരളത്തിലെ റെയിൽവെ ശൃംഖലയുടെ വികസനത്തിനായുള്ള ഫണ്ട് വിഹിതം 2014ലെ 372 കോടി രൂപയിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയായി വർധിപ്പിച്ചതായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ പ്രതികരണം പുറത്തുവന്നത്.
ഫണ്ട് വിഹിതത്തിലുണ്ടായ ഈ വൻ വർധനവ് കേരളത്തിലെ റെയിൽവെ ശൃംഖലയുടെ വികസനത്തിന് വ്യക്തമായ മാർഗരേഖയുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഹിതം പത്തിരട്ടിയായി വർധിപ്പിച്ചത്. ഈ വിഷയം കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായും ചർച്ച ചെയ്തതായി അശ്വിനി വൈഷ്ണവ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
റെയിൽവെ വികസനത്തിൽ കുതിപ്പ്സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളെല്ലാം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനുപുറമെ വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതും ട്രാക്ക് ഇരട്ടിപ്പിക്കൽ വേഗത്തിലാക്കിയതും കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ശബരി പാത ഉൾപ്പെടെയുള്ള സ്വപ്ന പദ്ധതികൾക്കും കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. മുൻ സർക്കാരുകളുടെ കാലത്ത് അവഗണിക്കപ്പെട്ട പല പദ്ധതികൾക്കും ഇപ്പോൾ ജീവൻ വച്ചിരിക്കുകയാണ്. വരും വർഷങ്ങളിലും കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക വകയിരുത്തുമെന്നാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം നൽകുന്ന സൂചന. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് സംസ്ഥാന സർക്കാരുമായി ചേർന്ന് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR