Enter your Email Address to subscribe to our newsletters

Palakkad , 22 സെപ്റ്റംബര് (H.S.)
യാത്രയ്ക്കിടെ പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലവും ഹൃദയാഘാതം മൂലവും കുഴഞ്ഞുവീഴുന്നവരുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് മണ്ഡലത്തിൽ 'ഓട്ടോരക്ഷ' പദ്ധതി ആരംഭിക്കുന്നു. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ആവശ്യമായ ആദ്യഘട്ട സി.പി.ആർ (CPR - Cardiopulmonary Resuscitation) പരിശീലനം നൽകുന്നത്.
പാലക്കാട് നിയോജക മണ്ഡലത്തിലെ മുഴുവൻ ഓട്ടോഡ്രൈവർമാരെയും ഘട്ടംഘട്ടമായി പദ്ധതിയുടെ ഭാഗമാക്കും. വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. അപകടങ്ങളോ അടിയന്തര ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ആദ്യ നിമിഷങ്ങളിൽ നൽകുന്ന കൃത്യമായ പരിചരണം ആളുകളുടെ ജീവൻ രക്ഷിക്കാൻ നിർണായകമാണ്. യാത്രക്കാരുമായി നിരന്തര സമ്പർക്കത്തിലുള്ള ഓട്ടോഡ്രൈവർമാർക്ക് ഇത്തരം പ്രാഥമിക ജീവൻരക്ഷാ രീതികൾ പരിശീലിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.
കഴിഞ്ഞ ദിവസം 11 വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം ഏറെ വേദനയുണ്ടാക്കിയെന്നും, ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞു. കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് ഉടനടി സിപിആർ നൽകാനായാൽ ജീവൻ രക്ഷിക്കാൻ സാധിക്കും. ഈ തിരിച്ചറിവാണ് പദ്ധതിക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുമായി ഏറ്റവും കൂടുതൽ നേരിട്ട് ഇടപഴകുന്നവരും വിവിധ സ്ഥലങ്ങളിൽ എപ്പോഴും സാന്നിധ്യമുള്ളവരുമായതിനാലാണ് ഓട്ടോറിക്ഷ ഡ്രൈവർമാരെ പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കുന്നത്.
വിദഗ്ധ പരിശീലനം
കിംസ് അവൈറ്റിസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പ്രൊഫഷണൽ പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും. എല്ലാ സ്റ്റാൻഡുകളിലും ജംക്ഷനുകളിലും സിപിആർ നൽകാൻ അറിയാവുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ അത് സമൂഹത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും, കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പദ്ധതിയുടെ ഭാഗമാകണമെന്നും എംഎൽഎ അഭ്യർഥിച്ചു.
കാർഡിയാക് അറസ്റ്റ് സംഭവിക്കുന്ന ആദ്യ നിമിഷങ്ങളിലെ നിർണായക ഇടപെടലാണ് ജീവൻ നിലനിർത്താൻ സഹായിക്കുന്നതെന്ന് കാർഡിയോളജിസ്റ്റ് ഡോ ഗിരീഷ് പറഞ്ഞു. സിപിആർ വഴി ഹൃദയത്തെ പുറത്തുനിന്ന് പമ്പ് ചെയ്യിച്ച് രക്തയോട്ടം നിലനിർത്താൻ കഴിയും. ഇത് ആശുപത്രിയിൽ എത്തുംവരെ തലച്ചോറുൾപ്പെടെയുള്ള അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ജനകീയ പദ്ധതിയായി മാറേണ്ടതുണ്ടെന്ന് എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ സാവിത്രി അഭിപ്രായപ്പെട്ടു.
ജീവൻ രക്ഷിക്കാൻ കരുതൽഹൃദയാഘാതം മൂലമുള്ള മരണനിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾക്ക് വലിയ പ്രസക്തിയുണ്ട്. പെട്ടെന്ന് ഹൃദയമിടിപ്പ് നിലച്ചുപോകുന്ന അവസ്ഥയിൽ ആദ്യത്തെ കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രഥമശുശ്രൂഷ നൽകേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് സിപിആർ നൽകുന്നതിലൂടെ രോഗിയുടെ അതിജീവന സാധ്യത ഇരട്ടിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആംബുലൻസ് എത്തുന്നതിനോ ആശുപത്രിയിൽ എത്തിക്കുന്നതിനോ മുൻപ് തന്നെ വിലപ്പെട്ട സമയം നഷ്ടപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് നിരത്തുകളിൽ എപ്പോഴും സജീവമായ ഓട്ടോറിക്ഷ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
പാലക്കാട് നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളെയും ഘട്ടംഘട്ടമായി പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ തൊഴിലാളി യൂണിയനുകളുടെ സഹകരണവും ഉറപ്പാക്കും. പരിശീലന പരിപാടികൾക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. തികച്ചും സൗജന്യമായാണ് ഡോക്ടർമാരുടെ പാനൽ പരിശീലനം നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ശാസ്ത്രീയമായി സിപിആർ നൽകാമെന്നതിനൊപ്പം, മറ്റ് അടിസ്ഥാന പ്രഥമശുശ്രൂഷ രീതികളും തൊഴിലാളികളെ പരിചയപ്പെടുത്തും.
ലോക ഹൃദയദിനമായ സെപ്റ്റംബർ 29ന് ഓട്ടോരക്ഷ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടൻ കുഞ്ചാക്കോ ബോബൻ നിർവഹിക്കും. ഡോ അനിതയും ചടങ്ങിൽ സന്നിഹിതയാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR