Enter your Email Address to subscribe to our newsletters

Kozhikode , 22 സെപ്റ്റംബര് (H.S.)
ബിരുദ, ബിരുദാനന്തര ബിരുദ പഠനകാലത്ത് വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ട് കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി കാലിക്കറ്റ് സർവകലാശാല പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 1995 ബാച്ച് മുതൽ പഠിച്ചിറങ്ങി പരീക്ഷ തോറ്റവർക്കും, മുൻപ് സപ്ലിമെന്ററി പരീക്ഷാ അവസരം നഷ്ടപ്പെട്ടവർക്കും, മറ്റ് കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുമാണ് ഈ അവസരം ലഭിക്കുക.
പഴയ സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഒറ്റത്തവണ (One-time Regular Supplementary) പരീക്ഷ നടത്തുക. കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ പഠനം നിർത്തിവെക്കേണ്ടി വന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിത്. പരീക്ഷാ തീയതികളും അപേക്ഷ സമർപ്പിക്കേണ്ട തീയതിയും സംബന്ധിച്ച വിശദവിവരങ്ങൾ ഉടൻ തന്നെ സർവകലാശാല വെബ്സൈറ്റിലൂടെ അറിയിക്കും.
കാൽ നൂറ്റാണ്ടിനിടെ സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിനു വിദ്യാർഥികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഒന്നോ രണ്ടോ പേപ്പറുകൾ തോറ്റവരടക്കം വർഷങ്ങളായി ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
വൺ ടൈം റഗുലർ സപ്ലിമെൻ്ററി പരീക്ഷകൾ പുനരാരംഭിച്ച് ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. പരീക്ഷാക്രമീകരണങ്ങൾക്കുള്ള താത്കാലിക സമയക്രമവും വിവിധ നടപടികളും ഉൾക്കൊള്ളിച്ച് പ്രോ വൈസ് ചാൻസലർ ഡോ. പി റഷീദ് അഹമ്മദ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
മുൻകാലങ്ങളിൽ പഠനം പൂർത്തിയാക്കാതിരുന്ന നിരവധി ആളുകൾക്ക് ബിരുദം നേടാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നതെന്ന് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് പഠനം പൂർത്തിയാക്കി പ്രവാസം, കുടുംബജീവിതം, മറ്റ് ജോലികൾ എന്നിവയിൽ പ്രവേശിച്ചവർക്കും തൊഴിൽപരമായ ആവശ്യങ്ങൾക്ക് ബിരുദ സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമായവർക്കും ഈ തീരുമാനം വലിയ അനുഗ്രഹമായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില പേപ്പറുകൾ നഷ്ടമായതിൻ്റെ പേരിൽ പഠനം നിർത്തിയ വിദ്യാർഥികളുടെ അപേക്ഷ പരിഗണിച്ചാണ് സിൻഡിക്കേറ്റ് യോഗം ഈ തീരുമാനം എടുത്തത്. ജീവിതത്തിൻ്റെ വൈകിയ വേളയിലും ഒരു ഡിഗ്രി സ്വന്തമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നവർക്കും സർവകലാശാലയുടെ തീരുമാനം ഏറെ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ നടത്തിപ്പിലെ ക്രമീകരണങ്ങൾഅധ്യാപകരെക്കൊണ്ട് ചോദ്യപേപ്പറുകൾ തയ്യാറാക്കാൻ ബുദ്ധിമുട്ടുന്നതായും പഴയ സിലബസുകൾ ലഭ്യമല്ലാത്തതായും അധികൃതർ കണ്ടെത്തിയിരുന്നു. ഈ വെല്ലുവിളികൾ കാരണം പഠനം പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി പ്രത്യേക സപ്ലിമെൻ്ററി പരീക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല.
നിലവിലെ സമ്പ്രദായത്തിൽ ആറ് മാസത്തിനുള്ളിൽ പരീക്ഷാപ്രക്രിയ പൂർത്തിയാക്കുന്നത് പ്രായോഗികമല്ലെന്ന് പരീക്ഷാ കൺട്രോളർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പുതിയ സംവിധാനം നടപ്പിലാക്കാൻ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ പ്രോ വൈസ് ചാൻസലർ ഡോ. പി റഷീദ് അഹമ്മദിന് നിർദേശം നൽകുകയായിരുന്നു.
ജൂലൈ 29ന് നടന്ന സിൻഡിക്കേറ്റ് യോഗം വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും സർവകലാശാലയിലെ ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ആ നീക്കം ഉപേക്ഷിച്ചു. തുടർന്ന് സർവകലാശാലയിലെ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് പരീക്ഷകൾ പൂർത്തിയാക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ പ്രോ വൈസ് ചാൻസലർ തയ്യാറാക്കുകയായിരുന്നു.
പരീക്ഷകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി സപ്ലിമെൻ്ററി പരീക്ഷാ വിഭാഗത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. പഴയ സിലബസുകൾ കണ്ടെത്താനും ഡിജിറ്റൈസ് ചെയ്യാനും പ്രത്യേകം സെക്ഷൻ തുറക്കാനാണ് തീരുമാനം. 40 വ്യത്യസ്ത കോഴ്സ് ഗ്രൂപ്പുകളിലെ പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കും.
സിലബസ് ലഭ്യമല്ലാത്ത കോഴ്സുകൾക്ക് അനുയോജ്യമായ തത്തുല്യ സിലബസ് തീരുമാനിക്കാൻ പഠന ബോർഡ് അധ്യക്ഷരുടെ യോഗം വിളിച്ചുചേർക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയതായി അപേക്ഷിക്കാൻ അവസരം നൽകും. പരീക്ഷാ ഹാളുകളുടെ കുറവ് പരിഹരിക്കുന്നതിന് സർവകലാശാല ഓഡിറ്റോറിയം പരീക്ഷാ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR